സാമൂഹ്യ സുരക്ഷാ ഫണ്ട് കച്ചവടത്തിന് നൽകാനുളളതല്ല

Web Desk
Posted on November 04, 2019, 10:10 pm

‘ഇല നക്കുന്നവന്റെ ചിറി നക്കുന്നവൻ’ എന്നൊരു വാമൊഴിയുണ്ട്. അതിനെ പൂർണരൂപത്തിൽ പറയാൻ അന്തസ് അനുവദിക്കു­ന്നില്ല. മാന്ദ്യത്തിനിടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഫണ്ടുകൾ ഓഹരിക്ക­മ്പോ­ളത്തിൽ നിക്ഷേപിക്കാൻ തീരുമാനിച്ച നരേന്ദ്രമോഡി സർ­ക്കാരിന്റെ തീരുമാനമാണ് പ്രയോഗത്തിന് പ്രേരിപ്പിച്ചത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ, വിവിധ സ്ഥാപനങ്ങളുടെ സ്വയാർജ്ജിത ഫണ്ടുകളാണ് ഓഹരി കമ്പോളത്തിലിടാനൊരുങ്ങുന്നത്. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനാണ് മോഡി ഇത്തരമൊരു ക്രൂരതയി­ലേക്കുകൂടി കടന്നിരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിത സുരക്ഷ ലക്ഷ്യമിട്ടുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഇതോ­ടെ അവതാളത്തിലാവുകയാണ്. പെൻഷനും പിഎഫ് ആനുകൂല്യങ്ങളും ജീവിതാവശ്യത്തിന് തി­കയാത്ത ഒരു തുകയിലേക്ക് ചുരുക്കിയാണ് മോഡി സർക്കാർ കോ­ർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കാൻ അവസരമൊരുക്കുന്നത്.

നേരത്തെ 9000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിച്ചിരുന്ന തൊഴിലാളി­ക­ൾക്ക് മോഡിയുടെ ഓഹരിക്കച്ചവടത്തോടെ കിട്ടുന്നത് 700 മുതൽ 800 രൂപ വരെയായിരിക്കുകയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം സാരമായി ബാധിച്ചിരിക്കുന്നത്. 9000 കോടി രൂപ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ തൊഴിൽ മന്ത്രാലയ­വുമായി ബന്ധ­പ്പെട്ട് ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ ലഭിച്ച ഘട്ടത്തിൽ തൊഴിലാളികളും സംഘടനകളും നൽകിയ നിർദ്ദേശങ്ങളൊന്നും പാലിക്കാൻ കേന്ദ്ര സർക്കാർ തയ്യാ­റായില്ല. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ പ്രവർത്തിക്കുന്ന ഉരുക്ക്, മരുന്ന് കമ്പനികളിലും ലാഭകരമായ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും തങ്ങളുടെ പണം നിക്ഷേപിക്കണമെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച തൊഴിലാളികളുടെ വിയർപ്പുപണം നഷ്ടത്തിൽ പ്രവർ­ത്തിക്കുന്ന അംബാനിയുടെ റിലയൻസ് പോലുള്ള സ്ഥാപനങ്ങൾക്ക് നേട്ടമുണ്ടാക്കാനായി ഇട്ടുകൊടുക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നത്. ഒപ്പം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും നഷ്ടത്തിലോടുന്ന മറ്റു പൊതുമേഖലാ സ്ഥാ­പനങ്ങളുടെയും ഓ­ഹ­രിയിലേക്ക് ഈ പാ­വ­പ്പെട്ടവരുടെ പണം എ­റി­ഞ്ഞു­കൊ­ടു­ക്കു­ക­യാ­ണ് ബിജെപി സർ­ക്കാ­ർ. ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കടത്തിൽ മുങ്ങിയ ദീവാൻ ഹൗസിങ് ഫിനാൻസ് കമ്പനിയിലെ ഓഹരികൾ വാങ്ങുന്നതിനായി എംപ്ലോയീസ് പ്രോവിഡന്റ് ഫ­ണ്ടി­ലെ 2600 കോടി രൂപയാണ് നിക്ഷേപിച്ചത്.

ദീവാൻ ഹൗസി­ങ് ഫിനാൻസ് ക­മ്പനി ഡയറക്ടർമാരുടെ കെടുകാര്യസ്ഥതയും അ­ഴിമതിയുംമൂലം ഓ­ഹരികളുടെ മൂല്യം ഇടിഞ്ഞിരിക്കുന്ന ഘ­ട്ട­ത്തി­ലാണ് സാമൂഹ്യ സുര­ക്ഷാ ഫണ്ട് ഇവരുടെ ഓഹരിയിലേക്ക് നി­ക്ഷേ­പി­ക്കുന്നത് എന്ന വസ്തുതയും ഓർക്കണം. യുപി സർക്കാരിന്റെ ഒറ്റ നിക്ഷേപത്തിൽ മാ­ത്രം 1313 കോടി രൂ­പയുടെ നഷ്ടമുണ്ടായെന്നാണ് കമ്പോള വിദഗ്ധർ വിലയിരുത്തുന്നത്. യുപിയിലെ ഈ ഓഹരിനിക്ഷേപ നടപടി സിബിഐ അന്വേ­ഷ­ണത്തിന് വി­ധേ­യ­മാ­ക്കാൻ ഉത്തരവായിട്ടുണ്ട്. മോ­ഡി സർക്കാരിന്റെ സ­മ്പൂർണ്ണ നിയ­ന്ത്ര­ണ­ത്തി­­ലുള്ള സിബിഐ യുപിയിലെ ബിജെപി സർക്കാർ ചെയ്ത പ­ച്ച­യായ അഴിമതിയെ ഏ­തു­വിധേന അ­ന്വേ­ഷി­ച്ച് തെളി­വു­ണ്ടാ­ക്കു­മെ­ന്നത് സം­­ശ­യ­ക­ര­മാ­ണ്. പുതിയ പെൻഷൻ പദ്ധതിയുടെ മറവിലാണ് ദശലക്ഷക്കണക്കിന് കോടി രൂപ കോർപ്പറേറ്റുകൾക്ക് മോഡി സർക്കാർ നൽകുന്നത്. നേരത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ അഞ്ച് ശതമാനം മാത്രമാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കാ­ൻ ചട്ടങ്ങൾ അനുവദിച്ചിരുന്നത്. എന്നാൽ 2018ൽ മോഡി സർക്കാർ ഇത് 15 ശതമാനമായി വർധിപ്പിച്ചു.

ബാക്കിയുള്ള തുക സർക്കാർ കടപത്രങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവയാക്കി മാറ്റാൻ കഴിയുമായിരുന്നു. സ്വകാര്യ മേഖലയിലെ ബോണ്ടുകൾ വാങ്ങാൻ അനുവദിച്ചിരുന്നെങ്കിലും കർശനമായ നിയമങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ നിയമങ്ങൾ മോഡി സർക്കാർ ലഘൂകരിക്കുക­യാ­യി­രുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ ബോണ്ടുകൾ വാങ്ങാൻ യഥേഷ്ടം കഴിയുന്ന അവസ്ഥ സംജാതമായി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐഎൽ ആന്റ് എഫ്­എസ് സാമ്പത്തിക പ്രതിസന്ധിയിലായതോ­ടെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം ഗണ്യമായി കുറഞ്ഞതാണ് ആശങ്ക­കൾ­ക്കി­ടയാക്കിയത്. ഇത് സംബന്ധിച്ച തൊഴിലാളികളുടെ പ­രാതികൾ മോഡി സർക്കാർ അവ­ഗണിച്ചിരിക്കുന്നു. സ്വകാര്യ ബോണ്ടുകൾ ആയതിനാൽ സർക്കാരിന് ഉറപ്പ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണിപ്പോൾ മോഡി സർക്കാർ. കോർ­പ്പ­റേ­റ്റു­ക­ൾ­ക്കായി രാ­ജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചു നൽകുന്നത് ചട്ടമ്പിത്തരം എന്നുപറഞ്ഞു തള്ളാനാവില്ല. തൊഴിലാളി പ്ര­സ്ഥാ­നങ്ങൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വി­രമിച്ചവരുടെ കൂട്ടായ്മകളും പ്രക്ഷോഭ­പാ­തയിലെത്തി. അവരെ ആശ്രയിക്കുന്നവരും ഈ കൊ­ള്ളയ്ക്കെതിരെ പോരിനൊരുങ്ങണം.