Web Desk

January 25, 2021, 5:15 am

ചരിത്രത്തിലേക്ക് മാർച്ച് ചെയ്യുന്ന ട്രാക്ടർ പരേഡ്

Janayugom Online

രാജ്യതലസ്ഥാനമായ ഡൽഹിയെ ലക്ഷ്യംവച്ച് ആയിരക്കണക്കിന് ട്രാക്ടറുകളും പതിനായിരക്കണക്കിന് കർഷകരും മാർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. നാളെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തുമെന്ന് വളരെ നേരത്തേതന്നെ കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ പരേഡിൽ പങ്കെടുക്കുന്നതിനാണ് അവർ എത്തിക്കൊണ്ടിരിക്കുന്നത്.

പരേഡ് നടത്താതിരിക്കുന്നതിന് പല വിധത്തിലുള്ള സമ്മർദ്ദ തന്ത്രങ്ങൾ കേന്ദ്രസർക്കാരും ഡൽഹി പൊലീസും നടത്തിക്കൊണ്ടിരുന്നു. ആദ്യം പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ സുപ്രീംകോടതിയെ സമീപിച്ച് തടയാനുള്ള ശ്രമങ്ങളും നടത്തി. എന്നാൽ കോടതി കയ്യൊഴിയുകയായിരുന്നു. ക്രമസമാധാനപാലനം കോടതിയുടെ ചുമതലയല്ലെന്നും പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ആരെ പ്രവേശിപ്പിക്കണം, വേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ഡൽഹി പൊലീസിനാണെന്നും കോടതി പറഞ്ഞു. ഡൽഹിയിലേയ്ക്ക് കർഷകരെ പ്രവേശിപ്പിക്കില്ലെന്ന വാശിയിലായിരുന്നു പൊലീസ്. ഒരു ഘട്ടത്തിൽ കുണ്ട്‌ലി അതിർത്തിയിൽ റാലി നടത്തിയാൽ മതിയെന്നും നിർദ്ദേശിച്ചു. എന്നാൽ ആദ്യഘട്ടം മുതൽ അണയാത്ത നിശ്ചയദാർഢ്യം പ്രകടിപ്പിച്ചുവന്നിരുന്ന കർഷകർ ഒരിഞ്ച് പിറകോട്ടു പോകില്ലെന്ന് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കടന്ന് ട്രാക്ടർ പരേഡ് നടത്തുന്നതിന് പൊലീസ് സമ്മതം നല്കിയിരിക്കുകയാണ്.

ഡൽഹിയിലേക്ക് കർഷകർ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അതിർത്തികളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ പൊലീസ് തന്നെ നീക്കം ചെയ്യും. നവംബർ 26നാണ് ഡൽഹിയുടെ അതിർത്തികളിൽ കർഷകരുടെ മഹാപ്രക്ഷോഭം ആരംഭിച്ചത്. അന്നുമുതൽ പല വിധത്തിൽ കർഷക പ്രക്ഷോഭത്തെ തകർക്കാനും കുപ്രചരണങ്ങളിലൂടെ തളർത്താനുമുള്ള ശ്രമങ്ങൾ കേ­ന്ദ്രസർക്കാരും പൊലീസും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ­ല തവണ ചർച്ചയ്ക്കു വിളിച്ച് പ്രഹസനം നടത്തി. മൂന്ന് കാർഷിക കരിനിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് ആ­വർത്തിച്ചതിനെതുടർന്ന് ചില ഭേദഗതികളാകാമെന്ന് കേന്ദ്രം സമ്മതിച്ചു. എന്നാൽ അതും അംഗീകരിക്കാതെ കർഷകപ്രക്ഷോഭം രണ്ടുമാസത്തിലധികമായി മുന്നോട്ടുപോവുകയാണ്. ചർച്ചകൾ പ്രഹസനമായി മാറുന്നുവെന്ന ഘട്ടത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡെന്ന പ്ര­ഖ്യാ­പനം കർഷകർ നടത്തിയത്.

കേന്ദ്രസർക്കാരിന്റെ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്ജോൺസണെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. കർഷകർ ട്രാക്ടർപരേഡ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ പുതിയതായികണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപനത്തിന്റെ കാരണം പറഞ്ഞ് അദ്ദേഹം സർക്കാരിന്റെ പരേഡിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ആത്യന്തികമായി ഇത് കർഷകരുടെ വിജയമായിരുന്നു. വിദേശത്തുനിന്നുള്ള വിശിഷ്ടാതിഥിയില്ലാതെ നടക്കുന്ന ആദ്യ ഔദ്യോഗിക പരേഡാണ് നാളെ ഡൽഹിയിൽ നടക്കാൻ പോകുന്നത്. അതേദിവസം ഇന്ത്യയിലെ മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി കിസാൻ ഗണതന്ത്ര പരേഡ് എന്ന് പേരിട്ടിരിക്കുന്ന പരേഡ് നടക്കാൻ പോകുകയാണ്. ആദ്യം ഡൽഹിയിലെ റിംഗ് റോഡിൽ പരേഡ് നടത്താനായിരുന്നു കർഷകസംഘടനകൾ തീരുമാനിച്ചിരുന്നത്. ഒരാഴ്ചമുമ്പ് ഡൽഹിയുടെ അതിർത്തികളിൽ 80,000ത്തിലധികം ട്രാക്ടറുകൾ പങ്കെടുത്ത പ്രതീകാത്മക റാലി നടത്തുകയും ചെയ്തു. ഇപ്പോൾ എല്ലാ പിടിവാശികളും തടസപ്പെടുത്താനുള്ള ശ്രമങ്ങളും ഉപേക്ഷിച്ച് ഡൽഹിക്കുള്ളിൽ തന്നെ പരേഡ് നടത്തുന്നതിന് പൊലീസ് സമ്മതിച്ചിരിക്കുന്നു. ഇത് കർഷകരുടെ വിജയമാണെന്ന് വിലയിരുത്തുമ്പോൾതന്നെ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളെ വിവേകത്തോടെ സമീപിക്കാൻ തയ്യാറായ പൊലീസിന്റെ നിലപാട് പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് കാരണമായി.

കർഷകറാലി നടത്താൻ അനുവദിക്കില്ലെന്നും അതിർത്തിയിൽ മാത്രമേ നടത്താൻ അനുവദിക്കൂ എന്നുമൊക്കെയുള്ള നിലപാടിൽനിന്ന് അവർ പിറകോട്ട് പോയി. അതുകൊണ്ടുതന്നെ സമാധാനപരമായ സമരമെന്ന കർഷകരുടെ നിലപാടാണ് വിജയിച്ചിരിക്കുന്നത്. രണ്ടുമാസത്തിലധികമായി നടക്കുന്ന സമരത്തിന്റെ ഒരു ഘട്ടത്തിൽപോലും അക്രമാസക്തമാകുകയോ അതേസമയം തങ്ങളുടെ നിലപാടിൽ നിന്ന് പിൻമാറുന്നതിന് ഇടയാക്കുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇന്നലെ കർഷക നേതാക്കൾ നല്കിയ ആഹ്വാനം ഇവിടെപ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. റിപ്പബ്ലിക് ദിനപരേഡിനെത്തുന്ന ഒരു മന്ത്രിക്കും എതിരെ പ്രതിഷേധം പാടില്ലെന്നായിരുന്നു കർഷക നേതാക്കളുടെ ആഹ്വാനം. അത്രമേൽ ഈ പ്രക്ഷോഭം സമാധാനപരമായിരിക്കണമെന്ന് കർഷകനേതാക്കൾ ആഗ്രഹിക്കുന്നുവെന്നാണ് ഈ പ്രസ്താവനപോലും വ്യക്തമാക്കുന്നത്. ഇത് ഗാന്ധിയൻ സമരമായി തന്നെ നിലനിർത്താനാണ് നേതാക്കൾ ശ്രമിക്കുന്നതെന്ന ഉറച്ച നിലപാടുകൊണ്ടാണ് കേന്ദ്രസർക്കാരിനും പൊലീസിനും കർഷകരുടെ ആവശ്യങ്ങളിൽ പലതിനോടും വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നത്.

ലക്ഷത്തിലധികം ട്രാക്ടറുകളും ട്രോളികളും നാളെ നടക്കുന്ന പരേഡിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനകം തന്നെ പതിനായിരക്കണക്കിന് ട്രാക്ടറുകൾ അതിർത്തിയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിൽ നിന്നായി പുറപ്പെട്ട പതിനായിരക്കണക്കിന് ട്രാക്ടറുകളും ഇന്ന് ഡൽഹിയിലെത്തും. ഇതോടെ ഡൽഹി മാത്രമല്ല രാജ്യം കണ്ട ഏറ്റവും ഉജ്ജ്വലവും ഐതിഹാസികവും വ്യത്യസ്തവുമായ പ്രതിഷേധമുന്നേറ്റമായിരിക്കും നാളെ രാജ്യതലസ്ഥാനത്ത് നടക്കുക എന്നുറപ്പായിരിക്കുകയാണ്.