October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 27, 2022

വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തു വിതയ്ക്കുന്നവര്‍

Janayugom Webdesk
September 18, 2020 5:00 am

പക്ഷപാതപരമായ നീതി സാമൂഹിക സുസ്ഥിരതയ്ക്ക് ഭീഷണിയാണ്. അത്തരത്തിലുള്ള നീതി യഥാര്‍ത്ഥത്തില്‍ അനീതിയല്ലാതെ മറ്റൊന്നുമല്ല. നീതി ഉറപ്പുവരുത്താന്‍ വസ്തുതകളോടും സംഭവങ്ങളോടും പക്ഷപാതരഹിതമായ സമീപനം കൂടിയേതീരൂ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നീതിനിര്‍വഹണത്തെ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനും നടക്കുന്ന ഏതൊരു ശ്രമവും അനീതി തുടരാന്‍ മാത്രമെ സഹായിക്കു. നരേന്ദ്രമോഡി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നീതിനിഷേധശ്രമങ്ങള്‍ ഓരോന്നും നീതിനിര്‍വഹണത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന പൗരസമൂഹം അതീവ ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി സുദര്‍ശന്‍ ടി വി പ്രദര്‍ശിപ്പിച്ചു പോരുന്ന ‘ബിന്‍ഡാസ് ബോല്‍’ എന്ന പ്രോഗ്രാം സംബന്ധിച്ച കേസും ഡല്‍ഹി വംശീയ കലാപത്തില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രവുമെല്ലാം മോഡി സര്‍ക്കാര്‍ നിയമവാഴ്ചയെയും നീതി നിര്‍വഹണത്തെയും തകര്‍ക്കാന്‍ തുടര്‍ന്നുവരുന്ന നടപടികളുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.

സുദര്‍ശന്‍ ടി വി പ്രദര്‍ശിപ്പിച്ചുവന്നിരുന്ന ‘ബിന്‍ഡാസ് ബോല്‍’ എന്ന പരിപാടി മുസ്‌ലിം സമുദായത്തെ ഒന്നാകെ അധിക്ഷേപിക്കാനും അപവദിക്കാനും ലക്ഷ്യംവച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സുപ്രീംകോടതി, പരിപാടി കേസില്‍ തീര്‍പ്പാക്കുന്നതുവരെ പ്രദര്‍ശിപ്പിക്കുന്നത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച തടയുകയുണ്ടായി. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ദുഷിക്കുകയും ദേശീയ ജീവിതത്തില്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പരിപാടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷ(യുപിഎസ്‌സി)ന്റെയും ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നു.

സമാന്തരമായി 2020 ഫെബ്രുവരിയില്‍ വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുസ്‌ലിം മതന്യൂനപക്ഷത്തിന്റെയും ഇടതു-പുരോഗമന ബുദ്ധിജീവികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ചുമലില്‍ കെട്ടിയേല്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് നടത്തുന്ന കുത്സിതശ്രമങ്ങളും ജനാധിപത്യത്തോടും നിയമവാഴ്ചയോടും നീതിനിര്‍വഹണ സംവിധാനത്തോടും മോഡി ഭരണകൂടം നടത്തുന്ന വഞ്ചനയും വെല്ലുവിളിയുമാണ് തുറന്നുകാട്ടുന്നത്. മുസ്‌ലിങ്ങള്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത് ‘നുഴഞ്ഞുകയറ്റ’വും ‘ജിഹാദു‘മായാണ് സുദര്‍ശന്‍ ടി വി പരിപാടി വ്യാഖ്യാനിക്കുന്നത്. അതിന് യുപിഎസി ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും അതുവഴി രാഷ്ട്രത്തോടു തന്നെയുള്ള അന്യായവുമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.

രാജ്യത്തിന്റെ സുസ്ഥിരതക്കുതന്നെ ഹാനികരമായ ചാനലിന്റെ ആരോപണങ്ങള്‍ വഞ്ചനാപരമാണെന്നും കോടതി വിലയിരുത്തി. ഇത് കേവലം സുദര്‍ശന്‍ ടിവിയുടെ ഒരു പരിപാടി സംബന്ധിച്ച കോടതിയുടെ വിലയിരുത്തല്‍ മാത്രമായി കരുതാനാവില്ല. മുഖ്യധാരാ ടെലിവിഷന്‍ ചാനലുകളും പത്രമാധ്യമങ്ങളും തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും സാമ്പത്തിക നിലനില്പിനും വേണ്ടി നടത്തിവരുന്ന വ്യാപകവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍ ദേശീയ ജീവിതത്തെ വിഷലിപ്തവും കലുഷിതവുമാക്കി മാറ്റിയിരിക്കുന്നുവെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. സത്യസന്ധവും നീതിപൂര്‍വവുമായ വാര്‍ത്തകള്‍ക്കും പകരം അസത്യ, വിദ്വേഷ പ്രചാരണ വേദികളായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറുന്നു. അത്തരം മാധ്യമങ്ങള്‍ നിര്‍ബാധം അരങ്ങുതകര്‍ക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ ഭരണകൂട പ്രതികാര നടപടികള്‍ക്ക് ഇരകളാവുന്നു. ഈ വസ്തുതകള്‍ നിരാകരിക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്.

തങ്ങളുടെ കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് സ്തുതിപാടുന്ന മാധ്യമങ്ങളെ കയറൂരിവിടുന്ന ഭരണകൂടം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വെബ്ബധിഷ്ഠിത മാധ്യമങ്ങളെയും ജനങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താന്‍ ഒരു പരിധിവരെയെങ്കിലും അനുവദിക്കുന്ന സാമൂഹ്യ മാധ്യമങ്ങളെയും വരുതിയിലാക്കാനാണ് ശ്രമം. സുദര്‍ശന്‍ ടി വി കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം നല്‍കുന്ന സൂചന അതാണ്. സമാനമായാണ് ഡല്‍ഹി വംശീയ കലാപത്തിന് പരസ്യമായി, പൊലീസ് സാന്നിധ്യത്തില്‍ ആഹ്വാനം ചെയ്തവര്‍ സ്വതന്ത്രരായി സ്വെെരവിഹാരം തുടരുമ്പോള്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിയമവാഴ്ചയുടെയും സന്ദേശം ജനങ്ങളിലെത്തിക്കാനും ആ മൂല്യങ്ങള്‍ സംരക്ഷിക്കാനും ശ്രമിച്ചവര്‍ കുറ്റവാളികളായി മുദ്രകുത്തപ്പെട്ട് തുറുങ്കിലടയ്ക്കപ്പെടുന്നത്. മതനിരപേക്ഷത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥയ്ക്കും ഇന്ത്യ എന്ന ആധുനിക രാഷ്ട്രത്തിനും മതനിരപേക്ഷത കൂടാതെ നിലനില്‍ക്കാനാവില്ല. മോഡിഭരണകൂടവും ഭരണഘടനയെക്കാള്‍ ഭരണാധികാരികളോട് കൂറും വിധേയത്വവും പുലര്‍ത്തുന്ന ഭരണഘടനാ സ്ഥാപനങ്ങളിലെയും ഭരണകൂട ഏജന്‍സികളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും നിക്ഷിപ്ത താല്പര്യങ്ങളും ആ മതനിരപേക്ഷമൂല്യങ്ങളെ തകര്‍ക്കാനും സമൂഹത്തില്‍ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്ത് വിതയ്ക്കാനുമാണ് ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.