യുഎന്‍ വജ്രജൂബിലിയും മോഡിയുടെ വാചാടോപവും

Web Desk
Posted on September 23, 2020, 5:00 am

വജ്രജൂബിലി ആഘോഷിക്കുന്ന ഐക്യരാഷ്ട്രസഭ സമഗ്ര പരിഷ്കാരങ്ങളുടെ അഭാവത്തില്‍ പരസ്പരവിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഭാഗഭാക്കുകളായ എല്ലാവര്‍ക്കും ശബ്ദം പകരാന്‍ ഉതകുന്നതും സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പര്യാപ്തവും മാനവിക ക്ഷേമത്തില്‍ കേന്ദ്രീകൃതവുമായ നവീകൃത ബഹുമുഖത്വം സംഘടനയ്ക്ക് ആവശ്യമാണ്; ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് വീഡിയോ മുഖേന സംഘടിപ്പിക്കപ്പെട്ട ഉന്നതതല യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തിന്റെ അന്തസത്തയാണ് മേലുദ്ധരിച്ച വരികളുടെ ഉള്ളടക്കം.

75 വര്‍ഷം പിന്നിടുന്ന, 193 അംഗ ഐക്യരാഷ്ട്രസഭ ഭീകരവാദം, നവീകൃത ബഹുമുഖത്വം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, കോവിഡ് 19 മഹാമാരി പോലുളള സാര്‍വത്രിക വെല്ലുവിളികള്‍ എന്നിവയെ നേരിടാന്‍ പര്യാപ്തമായ ഒരു ആഗോള സംഘടനാസംവിധാനമാക്കി വികസിപ്പിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ പ്രഖ്യാപനത്തിന്മേലുളള ചര്‍ച്ചയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത്തരം ഒരു വേദിയില്‍ ഇന്ത്യയെപ്പോലുള്ള ഒരു ബൃഹദ്‌രാഷ്ട്രത്തിന്റെ അഭിപ്രായം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. 2021 ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷക്കാലത്തേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ അഭിപ്രായങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ഏറെ വിലമതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

1945 ല്‍, രണ്ടാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ലോക സംഘടനയുടെ സുരക്ഷാകൗണ്‍സിലില്‍ ഇന്ത്യയടക്കം പല പ്രധാന രാഷ്ട്രങ്ങള്‍ക്കും പ്രാതിനിധ്യമില്ലെന്നത് സമകാലിക ലോകയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. എഴുപത്തിയഞ്ച് വര്‍ഷക്കാലത്തെ യുഎന്‍ പ്രവര്‍ത്തനം ലോകത്തെ സംഘടന രൂപംകൊണ്ട കാലത്തെക്കാളും മികച്ച ഇടമാക്കി മാറ്റിയെന്ന് പറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, സാമൂഹിക സാമ്പത്തിക അസമത്വം തുടങ്ങി ഡിജിറ്റല്‍ സാങ്കേതിക വിദ്യയടക്കം മേഖലകളില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുന്നതായി സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രൗഢഗംഭീരമായ പ്രസംഗവും അതിന്റെ ഉള്ളടക്കവും തികച്ചും സ്വാഗതാര്‍ഹവും പിന്തുണ അര്‍ഹിക്കുന്നതുമാണ്. എന്നാല്‍ അത്തരം പ്രസംഗങ്ങളും പ്രസ്താവനകളും പ്രസക്തമാകുന്നതും പിന്തുണ ആര്‍ജിക്കുന്നതും അതിന്റെ പിന്നിലുള്ള ആത്മാര്‍ത്ഥതയുടെയും പ്രതിബദ്ധതയുടെയും അതുസംബന്ധിച്ച കേള്‍വിക്കാരന്റെ ഉത്തമ ബോധ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ ‘വിശ്വാസ പ്രതിസന്ധി‘യെ കുറിച്ച് നടത്തിയ പരാമര്‍ശം മാത്രം പരിശോധിക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്ര ആഴമേറിയ ‘വിശ്വാസ പ്രതിസന്ധി‘യെ അഭിമുഖീകരിച്ച മറ്റൊരു പ്രധാന മന്ത്രിയും സര്‍ക്കാരും ഇല്ലെന്നതാണ് നഗ്നമായ വസ്തുത. ‘ഭൂതാനുകമ്പയുടെ ഉറവിടം സ്വന്തം ഭവന’മാണെന്ന് അര്‍ത്ഥം വരുന്ന ആംഗലഭാഷാ ആപ്തവാക്യത്തെയാണ് മോഡിയുടെ വാക്കുകള്‍ അനുസ്മരിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സമഗ്ര നവീകരണത്തെ പറ്റിയാണ് മോഡി പറയുന്നത്. ‘പരസ്പര ബന്ധിതമായ ഇന്നത്തെ ലോകത്ത് ഭാഗഭാക്കുകളായ എല്ലാവര്‍ക്കും ശബ്ദം നല്‍കുന്നതും മനുഷ്യക്ഷേമത്തില്‍ അധിഷ്ഠിതവും സമകാലിക വെല്ലുവിളികളെ ഏറ്റെടുക്കാന്‍ പര്യാപ്തവുമായ സമഗ്ര പരിഷ്കാരം’ സ്വന്തം രാജ്യത്തും ജനങ്ങള്‍ക്കും പ്രാപ്തമാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഭരണാധികാരിയാണ് നരേന്ദ്രമോഡി. അത് കേവലം ഭരണപരാജയമല്ല. പ്രത്യേക ജനവിഭാഗങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മഹാഭൂരിപക്ഷത്തിനും നിഷേധിക്കുകയും അവരെ രോഗത്തിന്റെയും പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും കൊടിയ വംശ, വര്‍ഗ വിവേചനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും ഇരകളാക്കി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന ഭരണസംവിധാനത്തിനാണ് മോഡി നേതൃത്വം നല്കുന്നത്. സംഘര്‍ഷ ലഘൂകരണത്തിനും സമാധാനത്തിനും പകരം കപടദേശീയതയും യുദ്ധോത്സുകതയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നത്.

ആഗോളതാപനത്തെ പ്രഭാഷണങ്ങള്‍ കൊണ്ടും പ്രഖ്യാപനങ്ങള്‍കൊണ്ടും പ്രതിരോധിക്കാനാവില്ല. വികസനത്തിന്റെയും വളര്‍ച്ചയുടെയും പേരില്‍ നരേന്ദ്രമോ‍‍ഡി സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്ന നയപരിപാടികള്‍ ഓരോന്നും പ്രകൃതിക്കും ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും വരുത്തിവയ്ക്കുന്ന വിനകള്‍ വിവരണാതീതമാണ്. ഐക്യരാഷ്ട്രസഭയിലും ആഗോള രംഗത്തും ഇന്ത്യയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചേ മതിയാവു. എന്നാല്‍ അത് ജനാധിപത്യം, മതനിരപേക്ഷത, ചേരിചേരായ്മ, സംഘര്‍ഷരഹിതവും സമാധാന പൂര്‍ണവും സഹകരണാത്മകവുമായ അന്താരാഷ്ട്ര ബന്ധങ്ങള്‍, സാമൂഹ്യ‑സാമ്പത്തിക നീതിയിലും മാനവികതയിലും ഊന്നിയുള്ള ജനജീവിതം എന്നിവയ്ക്കുവേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകണം. വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ചെളിക്കുണ്ടില്‍ പൂഴ്‌ന്നുനിന്നുകൊണ്ടുള്ള വാചാടോപം ഇന്നല്ലെങ്കില്‍ നാളെ ലോകം തിരിച്ചറിയുകതന്നെ ചെയ്യും.