Web Desk

April 19, 2021, 4:00 am

കേന്ദ്രമന്ത്രി പദവിയുടെ നിലവാരത്തകർച്ച

Janayugom Online

താൻ വഹിക്കുന്ന പദവിയുടെ മഹത്വം അറിയാതെ പെരുമാറുന്നതിൽ ഒരു നാണക്കേടും തോന്നാത്ത കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. ഇപ്പോഴും താൻ നേരത്തെ വഹിച്ചിരുന്ന ബിജെപി നേതൃപദവിയിൽതന്നെയാണ് ഇരിക്കുന്നതെന്ന രീതിയിലാണ് ചിലപ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ. അതേസമയം തന്നെ തന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവസരമായും അദ്ദേഹം ആ പദവിയെ ഉപയോഗിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കുറിച്ച് മാന്യതയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് ഒടുവിൽ അദ്ദേഹം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന അനാവശ്യ വിവാദം സൃഷ്ടിച്ചാണ് കേന്ദ്രമന്ത്രി മുരളീധരൻ ഈ പ്രയോഗം നടത്തിയത്. അതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയുണ്ടായി. ദേശീയനേതാക്കളും സാംസ്കാരിക നായകരുമൊക്കെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ബിജെപി ഭരിക്കുന്നതുൾപ്പെടെ പല സംസ്ഥാനങ്ങളും ആദ്യഘട്ടത്തിലും ഇപ്പോഴത്തെ രണ്ടാം തരംഗത്തിലും വിറങ്ങലിച്ചുനില്ക്കുന്നത് നാമെല്ലാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മെച്ചപ്പെട്ട സാഹചര്യത്തിൽ അസൂയ പൂണ്ട ബിജെപി നേതാക്കൾ പലപ്പോഴും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. സംസ്ഥാനം നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ പങ്ക് പറ്റുന്നതിന് കേന്ദ്ര പദ്ധതികളുടെ പേരു പറയാറുമുണ്ട്. എന്നാൽ ഈ പദ്ധതികളൊന്നുംതന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കുവാൻ സാധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
ഏപ്രിൽ ആദ്യ ആഴ്ചയ്ക്കു ശേഷമാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തിയാർജ്ജിച്ചിരിക്കുന്നത്.

അതിനിടയിൽ രാജ്യത്തെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പല പ്രമുഖർക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരൊക്കെ ഈ പട്ടികയിലുണ്ട്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് വേട്ടയാടുന്നതിനാണ് മന്ത്രി മുരളീധരന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായത്. അത്യന്തം അപലപനീയമായ പദപ്രയോഗമാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങളും അത് ഏറ്റെടുക്കുന്ന എതിർപക്ഷത്തിന്റെ സമീപനങ്ങളും നമുക്ക് പുതിയതല്ല. പക്ഷേ അത്തരമൊരു വിവാദത്തിന്റെ പേരിൽ ഒരുകേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ വ്യക്തിപരമായി അപഹസിക്കുകയും മാന്യതയ്ക്ക് നിരക്കാത്ത പദ പ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ല.

കോവിഡ് മാനദണ്ഡം പാലിക്കുന്നതിലെ വീഴ്ചയാണ് സംവാദ വിഷയമാക്കുന്നതെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയെന്ന മാമാങ്കമാണ് ഏറ്റവും അധികം ചർച്ചയാക്കേണ്ടത്. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നടന്ന പൊതുയോഗങ്ങൾ, റാലികൾ എന്നിവ ശ്രദ്ധിച്ചവർക്ക് മനസിലാക്കാവുന്ന ഒരു കാര്യം മഹാഭൂരിപക്ഷവും മുഖാവരണം ഉപയോഗിക്കുന്നുവെന്നാണ്. ചിലർ അത് യഥാവിധി ഉപയോഗിക്കുന്നില്ലെന്നത് വസ്തുതയാണെങ്കിലും. മറ്റ് പല സംസ്ഥാനങ്ങളിലും ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പരിപാടികളുടെയോ ചടങ്ങുകളുടെയോ ചിത്രങ്ങളിൽ മുഖാവരണം കാണാൻ പോലും കഴിയാത്ത ഒന്നായി മാറിയിട്ടുണ്ട്. ഈ വ്യത്യാസം നിലനില്ക്കുന്നത് ഇവിടെ സർക്കാരും ആരോഗ്യ — സന്നദ്ധ — സാമൂഹ്യസംഘടനകളും സൃഷ്ടിച്ച അവബോധമാണ്. കൂടാതെ കോവിഡ് പ്രതിരോധത്തിൽ എല്ലാവരെക്കാളും മെച്ചപ്പെട്ട സംവിധാനങ്ങൾ തന്നെയാണ് ഇപ്പോഴും കേരളത്തിലുള്ളത്.

അതൊന്നും കാണാതെ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വിവാദങ്ങൾക്ക് പിറകേ പോയി ഇത്തരം തരംതാണ പ്രസ്താവനകൾ നടത്തുമ്പോൾ സ്വന്തം ഇരിപ്പിടത്തിന്റെ മഹത്വം മറന്നുപോവുകയാണ് മന്ത്രി. കേരളത്തിൽ നിന്നല്ല രാജ്യസഭാംഗമായതെങ്കിലും എപ്പോഴും കേരളത്തിന്റെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വെമ്പൽ കൊള്ളുന്ന മുരളീധരൻ ആവശ്യമായ ഘട്ടത്തിൽപോലും സംസ്ഥാനത്തിന്റെ സഹായത്തിനെത്തിയിട്ടില്ല എന്നതും നമ്മുടെ അനുഭവമാണ്. ഏറ്റവും ഒടുവിൽ പ്രവാസികൾ രാജ്യത്തേയ്ക്ക് വരുമ്പോൾ ഇവിടെയുള്ള വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന് കേന്ദ്രനിർദ്ദേശം വന്നപ്പോൾ കേരളത്തെ കുറ്റപ്പെടുത്താനാണ് ബിജെപി നേതാക്കൾ ശ്രമിച്ചത്. അപ്പോൾ കേന്ദ്രത്തെ ന്യായീകരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പരിശോധന സൗജന്യമാക്കിയപ്പോൾ അതിനെ ശ്ലാഘിച്ചില്ലെന്നതുപോകട്ടെ തന്നെ തെരഞ്ഞെടുത്ത സംസ്ഥാനത്തെങ്കിലും അതിന് അവസരമുണ്ടാക്കാനല്ല അദ്ദേഹം ശ്രമിച്ചത്.

നേതാക്കൾക്കും ജനനായകർക്കും എതിരായ പരാമർശങ്ങൾ നടത്തുമ്പോൾ സമൂഹമാധ്യമങ്ങൾപോലും പാലിക്കുന്ന മിതത്വമുണ്ട്. അതുപോലും പാലിക്കാതെയാണ് ചില ഘട്ടങ്ങളിലെല്ലാം കേന്ദ്രമന്ത്രി മുരളീധരന്റെ ചില സമീപനങ്ങൾ ഉണ്ടാവുന്നത്. ഇങ്ങനെ എപ്പോഴും കേരളത്തിൽ ചുറ്റിക്കറങ്ങി സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്നതു തൊഴിലായി കൊണ്ടു നടക്കുമ്പോൾ സാധാരണക്കാർക്ക് ഉണ്ടാകേണ്ട ഒരു സംശയം ഇദ്ദേഹത്തിന് ഡൽഹിയിൽ ജോലിയൊന്നുമില്ലേയെന്നാണ്. ആ ചോദ്യം പ്രസക്തവുമാണ്. ഇതിനെല്ലാം വഴിയൊരുക്കുന്നത് സ്ഥാനത്തിന്റെ മഹത്വം മനസിലാക്കാതെ പെരുമാറുന്ന കേന്ദ്രമന്ത്രി തന്നെയാണെന്ന് അദ്ദേഹത്തെ സ്വന്തം പാർട്ടിക്കാരെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തണം.