Web Desk

September 30, 2021, 4:00 am

അനിശ്ചിതത്വവും ശൈഥില്യവും നേരിടുന്ന കോണ്‍ഗ്രസ്

Janayugom Online

ഇതര പാര്‍ട്ടികളില്‍ നിന്നുള്ള ഏതാനും പേരുടെ വരവിനെ ആഘോഷമാക്കി മാറ്റുന്നതുകൊണ്ട് തടയിടാവുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന ശൈഥില്യം. രണ്ട് യുവ നേതാക്കളെ എഐസിസി ആസ്ഥാനത്ത് സ്വീകരിക്കുന്ന തിരക്കിനിടയിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ധാര്‍മികതയുടെ മുഖമെന്ന് കരുതപ്പെടുന്ന വി എം സുധീരന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എഐസിസിയില്‍ നിന്നുമുള്ള തന്റെ രാജി പ്രഖ്യാപിച്ചത്. അതേസമയത്തു തന്നെയാണ് കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിദ്ദുവും രണ്ട് മന്ത്രിമാരടക്കം നിരവധി നേതാക്കളും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. ആ സംഭവവികാസങ്ങള്‍ കെട്ടടങ്ങും മുമ്പ് കോണ്‍ഗ്രസ് സംഘടന നേരിടുന്ന അനിശ്ചിതത്വത്തെയും അനാഥത്വത്തെയും പറ്റി ശബ്ദമുയര്‍ത്തിയ ജി-23 നേതാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തക സമിതി അംഗവും മുന്‍ നിയമ മന്ത്രിയുമായ കപില്‍ സിബല്‍ പാര്‍ട്ടിയിലെ ‘ഹൃദയഭേദകമായ’ അവസ്ഥയെപ്പറ്റി പരസ്യ പ്രതികരണവുമായി രംഗത്തുവന്നു.

വി എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്ക്കുമ്പോള്‍ ‘കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിജെപിയെ ഭയപ്പെടുന്നവര്‍ക്കും അങ്ങനെയാവാം’ എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അവസ്ഥയില്‍ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കപില്‍ സിബലിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിജെപി പാളയത്തിലെന്ന് വ്യക്തമായ സൂചനകള്‍ പുറത്തു വന്നുകഴിഞ്ഞു. പ്രമുഖ നേതാക്കളുടെ ഒരു വലിയ നിരയെ തന്നെ അനിശ്ചിതത്വത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പ്രശാന്ത് കിഷോറിനെപ്പോലെ ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ മാത്രം സംഘടനയെ ശക്തിപ്പെടുത്താമെന്നും തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാമെന്നും കരുതുന്നത് വിവേകപൂര്‍ണമാകുമോ എന്ന സംശയം ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.


ഇതുകൂടി വായിക്കൂ:കോണ്‍ഗ്രസില്‍ അടിമുറുകുമ്പോൾ നിസഹായരായി ഹൈക്കമാൻഡ്


കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്തെ അനിശ്ചിതത്വവും വ്യാപകമായി പ്രകടമാകുന്ന ശൈഥില്യ പ്രവണതകളും രാജ്യം ഭരിക്കുന്ന ബിജെപിയുടെയും അതിനെ നയിക്കുന്ന നരേന്ദ്രമോഡിയുടെയും പുതിയ രാഷ്ട്രീയ തന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തപ്പെടാന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘവും ഒരു പുതിയ പ്രതിച്ഛായയും രാഷ്ട്രീയ ആഖ്യാനവും സൃഷ്ടിച്ചെടുക്കാന്‍ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. മോഡി എന്ന അപ്രതിരോധ്യനായ സര്‍വാധിപതിയെയും അധികാര സ്ഥാനത്തോട് അടിമസമാനമായ വിധേയത്വവും വളര്‍ത്തിയെടുക്കാനുള്ള ആസൂത്രിത യത്നമാണ് നടന്നുവരുന്നത്. പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ ഇരു സഭകളിലുമായി 44 അംഗങ്ങള്‍ 420 തവണയാണ് മോഡിസ്തുതി പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യന്‍ സേനാവിഭാഗങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോലും മോഡിസ്തുതി പോസ്റ്റുകള്‍ പ്രചരിക്കുന്നു.

മോഡിയുടെ ജന്മദിനം സെപ്റ്റംബര്‍ 17ന് രാജ്യത്ത് 2.51 കോടി കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിയാണ് ആഘോഷിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസങ്ങളില്‍ അതിന്റെ മൂന്നിലൊന്നും, നാലില്‍ ഒന്നും കുത്തിവയ്പുകള്‍ പോലും നടത്തിയില്ലെന്നത് ആ കണക്കുകളുടെ ആധികരികതയെ ചോദ്യം ചെയ്യുന്നു. 2021 മെയ് മാസം 21ന് മോഡിയുടെ സ്വീകാര്യതയില്‍ വന്‍തോതില്‍ ഇടിവു സംഭവിച്ചതായി ഒരു വിദേശ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അത് വിദേശ ഗൂഢാലോചനയായി വ്യാഖ്യാനിച്ചവര്‍ക്ക് തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട കണക്കുകള്‍ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രതിച്ഛായയ്ക്ക് തിളക്കമുണ്ടാക്കാന്‍ വ്യാപകവും തീവ്രവുമായ പ്രചാരണ പരിപാടികള്‍ക്ക് ബിജെപിയും സംഘ്പരിവാറും തുടക്കമിട്ടത്. ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നാളിതുവരെ ഇന്ത്യാ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത പ്രചാരണ പരമ്പരകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് : പാര്‍ട്ടിവിട്ടത് രാഹുലിന്റെ വിശ്വസ്തനായിരുന്ന മുന്‍ മുഖ്യമന്ത്രി!


അതിരുകളില്ലാത്ത അധികാരമോഹവും സമഗ്രാധികാര പ്രവണതയുമാണ് മറനീക്കി പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ മുഖങ്ങളായിരുന്ന അനുഭവ സമ്പത്തുള്ള നേതാക്കളെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും സ്ഥാനഭ്രഷ്ടരാക്കി തല്‍സ്ഥാനത്ത് മുഖമില്ലാത്ത വിധേയരെ പ്രതിഷ്ഠിച്ച് സമഗ്രാധികാരം ഉറപ്പിക്കുകയാണ് മോഡി. അത് ഇന്ത്യന്‍ ജനാധിപത്യത്തിന് അഭൂതപൂര്‍വവും അനല്പവുമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അവിടെയാണ് മുഖ്യ ;പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ അനിശ്ചിതത്വവും ശൈഥില്യവും രാജ്യത്തിന്റെ തന്നെ ഉല്‍ക്കണ്ഠയായി മാറുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷനിര ശക്തവും ഊര്‍ജസ്വലവുമായി മാറേണ്ടത് രാജ്യത്തിന്റെ ആവശ്യമാകുന്നത്.