Sunday
25 Aug 2019

യുഎസിന്റെ യുദ്ധഭ്രാന്തും ഇന്ത്യയുടെ വിധേയത്വവും

By: Web Desk | Saturday 11 May 2019 9:44 AM IST


ലോക പൊലീസ് ചമയുന്നതിനുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ശ്രമങ്ങള്‍ വീണ്ടും മധ്യപൂര്‍വേഷ്യയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പ്രമുഖ രാജ്യങ്ങളുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിന്റെ പേരിലാണ് യുഎസ് ഇറാനെതിരായ ഉപരോധം കടുപ്പിക്കുകയും തിരിച്ചടികളെ നേരിടാനെന്ന പേരില്‍ മേഖലയില്‍ കൂടുതല്‍ സൈനിക വ്യൂഹത്തെ വിന്യസിക്കുകയും ചെയ്തത്.

ഇറാന്‍ ആണവ, മിസൈല്‍ പദ്ധതികള്‍ തുടരുകയാണെന്ന് പറഞ്ഞ് അവര്‍ക്കുമേല്‍ ഒരു വിനോദമെന്ന പോലെയാണ് ട്രംപ് ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പല കാരണങ്ങള്‍ കണ്ടുപിടിച്ച് ഉപരോധം ശക്തിപ്പെടുത്തുക, മയപ്പെടുത്തുക എന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് സ്വീകരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആണവ, മിസൈല്‍ പദ്ധതികള്‍ തുടരുന്നുവെന്ന് പറഞ്ഞ് ഉപരോധം നടപ്പിലാക്കി. പ്രമുഖ രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറില്‍നിന്ന് ഭാഗികമായി പിന്‍മാറുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉപരോധം കൂടുതല്‍ ശക്തമാക്കുന്നതായി യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആണവ കരാറില്‍ നിന്ന് യുഎസ് ഒരു വര്‍ഷം മുമ്പ് പിന്‍മാറിയിരുന്നതാണ്. 2015ല്‍ ഒബാമ പ്രസിന്റായിരിക്കേയാണ് യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ആണവകരാറില്‍ ഏര്‍പ്പെട്ടത്. തന്റെ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റും യൂറോപ്പിലെ പ്രബല രാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ 2015 ലെ കരാറില്‍ നിന്ന് ഏകപക്ഷീയമായി ട്രംപ് പിന്‍മാറിയത് കഴിഞ്ഞ വര്‍ഷം മെയ്മാസത്തിലായിരുന്നു.

അതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപ് ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കില്ലെന്നായിരുന്നു അന്ന് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. എന്നാല്‍ ഇത്തവണ ഉപരോധം കടുപ്പിക്കുമ്പോള്‍ അവരുടെ നിലപാട് മാറിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഇത്തവണ പ്രഖ്യാപിച്ചപ്പോള്‍ തങ്ങളും ഉപരോധത്തിന് നിര്‍ബന്ധിതമാകുമെന്നാണ് അവരുടെ നിലപാട്. ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞിരുന്നുവെങ്കിലും മേഖലയില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നതിനാണ് ട്രംപ് സന്നദ്ധമായിരിക്കുന്നത്. എന്നുമാത്രമല്ല അടുത്ത ദിവസം ഉപരോധം കൂടുതല്‍ കടുപ്പിക്കുന്നതിനും അദ്ദേഹം തയ്യാറായി. ഇന്ധന വ്യാപാരത്തിന് മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇറാനില്‍ ഉല്‍പാദിപ്പിക്കുന്ന വ്യാവസായിക ലോഹങ്ങള്‍ക്കുമേലും അത് വ്യാപിപ്പിച്ചു. ഇറാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം, കോപ്പര്‍ തുടങ്ങിയ ലോഹവ്യാപാരത്തിനാണ് ഉപരോധം.

ആണവ പരീക്ഷണങ്ങളുടെയും ആണവ, മിസൈല്‍ സാന്നിധ്യത്തിന്റെയുമൊക്കെ പേരുപറഞ്ഞ് മറ്റു രാജ്യങ്ങള്‍ക്കുമേല്‍ കടന്നു കയറാനും ആഭ്യന്തരകലാപം സൃഷ്ടിക്കാനും യുദ്ധം പോലും നടത്താനുമുള്ള യുഎസ് ശ്രമങ്ങളുടെ നിരവധി പൂര്‍വകാല ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇറാഖിലും അഫ്ഗാനിലും പലസ്തീനിലും അങ്ങനെയെങ്ങനെ നീണ്ടുപോകുകയാണ് അത്തരം ശ്രമങ്ങള്‍. ലോകപൊലീസ് ചമഞ്ഞ് സമാധാനകാംക്ഷികളാണെന്ന് വരുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് തോന്നിപ്പിക്കാറുണ്ടെങ്കിലും നഗ്നമായ കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണെന്ന് ഓരോ ഇടപെടലുകള്‍ പരിശോധിച്ചാലും വ്യക്തമാകും. എണ്ണസമ്പത്തില്‍ കണ്ണുവച്ചായിരുന്നു ഇറാഖ് അധിനിവേശമെങ്കില്‍ ധാതുസമ്പത്തില്‍ കണ്ണുവച്ചായിരുന്നു അഫ്ഗാന്‍ അധിനിവേശം. ഇറാനെതിരായ ഇപ്പോഴത്തെ നീക്കമാകട്ടെ സൗദിയുമായി ചേര്‍ന്നുള്ള എണ്ണവ്യാപാരത്തില്‍ നിന്നുള്ള നേട്ടവും ഷെയ്ല്‍ ഇന്ധനത്തിന്റെ വ്യാപാരവ്യാപനവും തന്നെയാണ്. അതുകൊണ്ടാണ് യുഎസ് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളിലേയ്ക്ക് മറ്റ് രാജ്യങ്ങളെയും യൂണിയനുകളെയും വലിച്ചിഴയ്ക്കുന്നത്. ഇറാനുമായുള്ള ഉപരോധത്തില്‍ സഹകരിക്കുന്നില്ലെങ്കില്‍ മറ്റു രാജ്യങ്ങളെയും വെറുതെ വിടില്ലെന്നതുപോലുള്ള ട്രംപിന്റെ ഭീഷണി അതിന്റെ തെളിവാണ്.
ഇറാനുമായി ഇന്ധനവ്യാപാരമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചൈന പക്ഷേ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയിട്ടില്ല. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ യുഎസ് ഭീഷണിക്ക് വഴങ്ങി ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിച്ചുവെന്നാണ് അവസാനം പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. നേരത്തേ തന്നെ ഇവിടെ നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ചുകൊണ്ടുവരികയായിരുന്നു. അമേരിക്കന്‍ താല്‍പര്യത്തിനനുസരിച്ച് സൗദി അറേബ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിച്ച് രാഷ്ട്രീയ – സാമ്പത്തിക നേട്ടമുണ്ടാക്കുകയെന്ന യുഎസിന്റെ ഹീനതന്ത്രത്തിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്രഭരണാധികാരികള്‍ പിന്തുടരുന്ന യുഎസ് പക്ഷപാതിത്വത്തിന്റെ തുടര്‍ച്ചയാണ് ഇക്കാര്യത്തിലുമുണ്ടായിരിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ സ്വീകരിച്ചതും പുരോഗമന രാഷ്ട്രങ്ങള്‍ അംഗീകരിച്ചതുമായ നിഷ്പക്ഷ വിദേശനയത്തിന് കടകവിരുദ്ധമായ ഈ നിലപാടുകൊണ്ട് രാജ്യത്തിന് എന്ത് നേട്ടമാണുണ്ടാവുകയെന്ന് നമ്മുടെ വിദേശ നയതന്ത്രജ്ഞര്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.