August 14, 2022 Sunday

യുപി: സവർണാധിപത്യത്തിന്റെ പരീക്ഷണശാല

Janayugom Webdesk
January 17, 2020 5:00 am

പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ ഏറ്റവും പ്രാകൃതവും മൃഗീയവുമായി നേരിട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. കാരണം രാജ്യമാകെ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നവർ ഭരിക്കുന്നതുകൊണ്ട് ഇന്ത്യയിൽ തന്നെയാണോ ഉത്തർപ്രദേശ് എന്ന ചോദ്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തിയില്ല. കേരളംപോലുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നയങ്ങൾക്കു പിറകേ പോകാത്തതിനാൽ വേറിട്ടുനില്ക്കുന്നുവെന്ന് മാത്രം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ദേശീയ കുറ്റാന്വേഷണ ബ്യൂറോ (എൻസിആർബി) യുടെ റിപ്പോർട്ടിലെ വിസ്മയിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കു കാരണം മാത്രമല്ല ഇപ്പോൾ ഉത്തർപ്രദേശിനെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത്. സിഎഎ യ്ക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരോട് യുപി പൊലീസ് കാട്ടിയ കൊടുംക്രൂരതകളുടെ വാർത്തകൾ പുറത്തുവന്നിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

എൻസിആർബിയുടെ റിപ്പോർട്ട് പ്രകാരം എല്ലാ കുറ്റകൃത്യങ്ങളിലും ഉത്തർപ്രദേശ് ആണ് മുന്നിലുള്ളത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗ ആണ്. ഓരോ ദിവസവും ഗുരുതരമായ ഏഴ് കുറ്റകൃത്യങ്ങൾ വീതം ലഖ്നൗവിൽ നടക്കുന്നു. പൊതുസ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിലും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നതും ലഖ്നൗവിലാണ്. 2018ലെ കണക്കുകൾ പ്രകാരം വനിതകൾക്കെതിരെയുള്ള 2736 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. 2017നെ അപേക്ഷിച്ച് പത്ത് ശതമാനം വർധനവാണ് ലഖ്നൗവിൽ രേഖപ്പെടുത്തിയത്. പ്രതിദിനം രണ്ട് സ്ത്രീകൾ വീതം തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നു. 2018ൽ 636 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബിജെപി നേതാക്കൾ പ്രതികളാകുന്ന കേസുകളിൽ നടപടികൾ സ്വീകരിക്കുന്നതിലുള്ള യോഗി സർക്കാരിന്റെ അനാസ്ഥയാണ് കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള കാരണമെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതോടൊപ്പമാണ് ഇപ്പോൾ സിഎഎ യ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു നേരെയുള്ള ഭീകരമായ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തതിന്റെ പേരിൽ രാജ്യത്ത് ഏറ്റവുമധികം പേർ മരിച്ചത് യു­പി­­യിലായിരുന്നു. 21 പേർ. രണ്ടും മൂന്നും സ്ഥാനത്തുള്ളതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്, കർണാടക, അസം എന്നിവ. കസ്റ്റഡിയിലെടുത്തവർ നേരിടേണ്ടിവന്നത് ഭീകരമായ അനുഭവങ്ങളായിരുന്നു. ഉത്തർപ്രദേശിലേതുപോലെ മറ്റിടങ്ങളിലും പട്ടികളെയെന്നപോലെ വെടിവച്ചുകൊല്ലണമെന്ന വിവാദ പ്ര­സ്താവനയും ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പ്രധാനമന്ത്രി മോഡിക്കും ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന പ്രസ്താവനയുമുണ്ടായി.

ഇതിന് പുറമേ സാധാരണക്കാർ മാത്രമല്ല സാമൂഹ്യ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും കസ്റ്റഡിയിൽ മൃഗീയ പീഡനത്തിനിരയായി. ഉത്തർപ്രദേശ് എന്നത് ക്രിമിനലുകളെപ്പോലെ പെരുമാറുന്ന പൊലീസ് സംസ്ഥാനമായി മാറിയിരിക്കുന്നു. പലയിടങ്ങളിലും പൊലീസിനൊപ്പം ചേർന്ന് ക്രിമിനലുകളും സംഘപരിവാർ ഗുണ്ടകളും ചേർന്നാണ് പ്രതിഷേധക്കാരെ നേരിട്ടതെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വസ്തുതാന്വേഷണത്തിൽ വ്യക്തമാകുന്നത്. കസ്റ്റഡിയിലെടുത്ത തന്റെ മുന്നിൽ വച്ചാണ് പൊലീസ് മൃഗീയമായി മറ്റു ചിലരെ മൃഗീയമായി മർദിച്ചതെന്ന് മുൻ ഐപിഎസ് ഓഫീസർ കൂടിയായ മനുഷ്യാവകാശ പ്രവർത്തകൻ എസ്‍ ആർ ധരപുരി പറയുന്നു. യുപി പൊലീസിനെ ആദിത്യനാഥ് പൂർണമായും സാമുദായികവൽക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഗണിതശാസ്ത്ര അധ്യാപകനായ സാമൂഹ്യ പ്രവർത്തകൻ പവൻ റാവു, ദീപക് കബീർ എന്നിവരും യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ പീഡനങ്ങളുടെ വിവരണം നല്കുന്നുണ്ട്. മുസ്‌ലിങ്ങളെ മാത്രമല്ല ദളിതരെയും ആദിവാസികളെയും തിരഞ്ഞുപിടിച്ചാണ് മർദ്ദിച്ചതെന്ന് പവൻ റാവു പറയുന്നുണ്ട്. പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ പലരെയും കാണാതായതിനെ തുടർന്ന് അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ തനിക്കുണ്ടായ അനുഭവങ്ങൾ ദീപക് കബീർ വിവരിക്കുന്നുണ്ട്. താനാണ് പ്രതിഷേധത്തിന്റെ സൂത്രധാരനെന്ന് പറഞ്ഞ് അപഹസിച്ചു. തന്റെ കൂട്ടുകാരെ കാണാനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ ഉന്നത പൊലീസ് ഉദ്യോസ്ഥർ പോലും അപമാനിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് നിർദ്ദേശിച്ചതിനാൽ ഭീകരമായ പീഡനങ്ങളാണ് കസ്റ്റഡിയിൽ ഉണ്ടായതെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.

യഥാർഥത്തിൽ നരേന്ദ്രമോഡി മുഖ്യമന്ത്രിയായ കാലത്ത് ഗുജറാത്തിൽ നടന്ന വംശഹത്യയുടെ ആവർത്തനമാണ് യുപിയിൽ നടന്നുകൊണ്ടിരിക്കുന്നത്. യുപിയിൽ പക്ഷേ ന്യൂനപക്ഷങ്ങൾ മാത്രമല്ല, ദളിതരും വംശവേട്ടയ്ക്ക് ഇരയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. മുസ്‌ലിങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും മാത്രമല്ല ദളിതരും ഇന്ത്യയിൽ നിന്ന് പുറത്തുപോകേണ്ടവരാണെന്ന വ്യക്തമായ സന്ദേശമാണ് യുപിയിൽ നിന്ന് നല്കപ്പെടുന്നത്. അങ്ങനെ വരുമ്പോൾ യുപി പുതിയ പരീക്ഷണശാലയാവുകയാണ്. നമ്മളെല്ലാം ഭയപ്പെട്ടതുപോലെ സവർണാധിപത്യത്തിന്റെ പരീക്ഷണശാല.

 

Eng­lish sum­ma­ry: janayu­gom edi­to­r­i­al about utarpradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.