Web Desk

March 05, 2021, 3:00 am

വീണ്ടും നാണക്കേടായി ഉത്തർപ്രദേശ്

Janayugom Online

സ്വന്തം മകൾ തനിക്ക് ഇഷ്ടമില്ലാത്ത ഒരാളുമായി പ്രണയത്തിലായതിന്റെ പേരിലാണ് ബുധനാഴ്ച ഉത്തർപ്രദേശ് ജില്ലയായ ഹർദോയിയിൽ പാണ്ടേത്താര വില്ലേജിലെ സർവേഷ് കുമാർ തന്റെ 17 വയസായ മകളുടെ തലയറുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പച്ചക്കറി കച്ചവടക്കാരനായ സർവേഷ് വീട്ടിലെത്തിയപ്പോള്‍ വീട്ടിൽ തനിച്ചായിരുന്ന മകളുടെ തലയറുത്ത് നേരെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. ഇത്തരം സംഭവങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കഴിഞ്ഞ കുറേ നാളുകളായി ഉത്തർപ്രദേശിൽ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത പെൺകുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം പത്തോളമാണ്. 

ബുലന്ദ്ഷഹറിൽ കാണാതായ പതിമൂന്ന് വയസുകാരിയെ, കൊന്ന് കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്.കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലിൽ ജോലിക്കെത്തിയ പെൺകുട്ടിയെയാണ് വെള്ളം കുടിക്കുവാൻ പോയതിന് ശേഷം കാണാതായത്. പൊലീസിൽ പരാതി നല്കിയെങ്കിലും മതിയായ അന്വേഷണം ഉണ്ടായില്ല. നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് അസ്വാഭാവിക നിലയിലുള്ള മൺകൂന കണ്ടതും പിന്നീട് കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെത്തിയതും. രണ്ടാഴ്ചമുമ്പ് ഉന്നാവോയിലുണ്ടായ സംഭവത്തിന്റെ ദൂരൂഹത നീക്കുന്നതിന് ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. 14, 15, 16 വയസു പ്രായമുള്ള മൂന്ന് പേരിൽ രണ്ട് പെൺ‍‍കുട്ടികൾ മരിച്ചു. അവശേഷിച്ച പെൺകുട്ടി നല്കിയ മൊഴി എന്ന പേരിൽ ബലാത്സംഗം നടന്നില്ലെന്ന് സ്ഥാപിക്കാനാണ് പൊലീസ് ശ്രമിച്ചത്. മൂന്ന് പേരിൽ ഒരു പെൺകുട്ടിയോട് ഒരാൾ പ്രേമാഭ്യർത്ഥന നടത്തിയത് നിരസിച്ചിരുന്നു. 

വയലിൽ ജോലി ചെയ്തുകൊണ്ടിരിക്കേ എത്തിയ ഈ വ്യക്തി മൂവർക്കും പലഹാരങ്ങളും വെള്ളവും നല്കിയെന്നാണ് പറയപ്പെടുന്നത്. ഇതേതുടർന്നാണ് അവശരായ പെൺകുട്ടികളിൽ രണ്ടുപേർ മരിച്ചത്. മൂവരും പ്രായപൂർത്തിയെത്താത്തവരായിരുന്നു എന്നതിനാൽ പോക്സോ നിയമപ്രകാരം കേസെടുക്കേണ്ടതായിരുന്നു. പക്ഷേ ജീവിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൊ­ഴി രേഖപ്പെടുത്തി ബലാത്സംഗം നടന്നില്ലെന്ന് സ്ഥാപിക്കുന്നതിനാണ് പൊലീസ് ധൃതികാട്ടിയത്. ഈ സംഭവത്തിന് തൊട്ടടുത്തദിവസമായിരുന്നു അലിഗഢിൽ 16 വയസായ പെൺകുട്ടിയുടെ മൃതദേഹം പാടത്തു ക­ണ്ടെത്തിയത്. ഇ­വിടെയും പെൺകുട്ടിയെ ഒരു ദിവസം മുമ്പ് കാണാതായതായിരുന്നു. കന്നുകാലികൾക്ക് തീറ്റ തേടി പോയതായിരുന്നു പെൺകുട്ടി. തി­രിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിൽ ജഡം കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ ഹത്രാസിൽ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ച് കൊന്ന സംഭവം ഉണ്ടായതും കഴിഞ്ഞ ദിവസമായിരുന്നു. ഇതേ ഹത്രാസിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ സംഭവം ലോകശ്രദ്ധ നേടി. ഇവിടെയും കുറ്റവാളികളെ രക്ഷിക്കുന്നതിന് പൊലീസ് നടത്തിയ ശ്രമമാണ് വിവാദമായത്. 

ഹത്രാസ് സംഭവം ഉണ്ടായതിന് ശേഷം സ്ത്രീസുരക്ഷയുടെയും ക്രമസമാധാന പരിപാലനത്തിന്റെയും കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാരും പൊലീസും കാട്ടുന്ന ഗുരുതരമായ അനാസ്ഥ ഏറ്റവും നിശിതമായ ചർച്ചയ്ക്കു വിധേയമായി. പുതിയ നിയമനിർമ്മാണങ്ങളും നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തു.കണ്ണിൽ പൊടിയിടുന്നതിനുള്ള ചില ശ്രമങ്ങൾ ഉണ്ടായി. എന്നാൽ കാലങ്ങളായി സൃഷ്ടിച്ചുവച്ച അപരിഷ്കൃതമായ കാഴ്ചപ്പാടുകളുടെയും അതിന് അനുസൃതവും അഴിമതി നിറഞ്ഞതുമായ ഭരണ‑പൊലീസ് സംവിധാനത്തിനും കീഴിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നത്. സവർണജാതി ചിന്തകൾ രൂഢമൂലവും അപരിഷ്കൃതമായ ആചാരാനുഷ്ഠാനങ്ങൾ വ്യാപകവും അഴിമതിയും സ്വജന പക്ഷപാതവും ഭരണക്രമത്തിന്റെ ഭാഗവുമായ ഒരു സമൂഹത്തിന്റെ ദുരിതമാണ് വർത്തമാന യുപി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തെ ഗുരുതരമാക്കുന്നതിന് മാത്രമേ പൂർവജീവിതത്തിൽ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിളിപ്പേരായിരുന്ന ആദിത്യനാഥിനെ പോലെ ഒരാൾ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്തു സാധ്യതയുള്ളൂ. അതുകൊണ്ടാണ് ബലാത്സംഗങ്ങളും പീഡനങ്ങളും വർധിക്കുമ്പോഴും നിസംഗമായിരിക്കുവാൻ പൊലീസിന് സാധിക്കുന്നത്. കാണാതാകുന്ന പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ അവരുടെ ജോലിയുടെ ഭാഗമല്ലാതാകുന്നത്. ഒരു സംജ്ഞയിലും കേട്ടിട്ടില്ലാത്ത ലൗജിഹാദ് പോലുള്ള വാക്കുകൾ ആവർത്തിച്ച് മനുഷ്യസ്നേഹത്തെയും പാരസ്പര്യത്തെയും തകർക്കുന്നതിന് നിയമനിർമ്മാണങ്ങൾ നടത്തുന്നതിലാണ് അവർക്ക് കൂടുതൽ താല്പര്യം. മനുവിന്റെ കാലത്തെ പെൺ സങ്കല്പത്തിൽനിന്ന് പുറത്തുകടക്കാൻ പൊതുസമൂഹത്തെ അനുവദിക്കാത്ത ഒരു ഭരണത്തിന് കീഴിൽ പെണ്ണ് എന്നത് ഉപഭോഗ വസ്തു മാത്രമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ് യുപിയിൽ നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന വർത്തമാനങ്ങൾ. ദുരഭിമാനക്കൊലകൾ തുടർക്കഥയാകുന്നതും അതുകൊണ്ടുതന്നെയാണ്. ഇതിലൂടെ വീണ്ടും വീണ്ടും ഇന്ത്യയെ നാണം കെടുത്തുകയാണ് ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ്.