Web Desk

January 07, 2021, 5:00 am

വാക്സിന്‍ അനുമതി: ദുരൂഹതയ്ക്കും ആശങ്കയ്ക്കും അറുതിവരുത്തണം

Janayugom Online

കോവിഡ് 19ന് എതിരായ പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ് ജനുവരി 13ന് ആരംഭിക്കാനാകുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സൂചന ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ശ്രവിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ‘നിയന്ത്രിത’ ഉപയോഗത്തിനുള്ള അനുമതി രണ്ട് വാക്സിനുകള്‍ക്ക് നല്കിക്കൊണ്ടുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) പ്രസ്താവന ആരോഗ്യ‑ഔഷധ വൃത്തങ്ങളില്‍ അതിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് ഏറെ ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുന്നു. ഭാരത് ബയോടെക്കും ഇന്ത്യന്‍ ഔഷധ ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍) സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ വാക്സിന്റെ ഫലപ്രാപ്തി, സുരക്ഷിതത്വം, ക്ഷമതാപരിശോധന എന്നിവ സംബന്ധിച്ചാണ് സംശയങ്ങളും ആശങ്കകളും ഉയര്‍ന്നിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കോവാക്സിന്റെ ഒന്നും രണ്ടും ക്ലിനിക്കല്‍ ക്ഷമതാപരിശോധനയില്‍ 800 പേര്‍ വീതമാണ് പങ്കെടുത്തിട്ടുള്ളത്. 26,000 പേരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല.

വാക്സിന് അനുമതി നല്കുന്ന ഡിസിജിഐയുടെ വിദഗ്ധ സമിതി നാലു ദിവസങ്ങളിലായി നടന്ന മൂന്നു യോഗങ്ങളുടെ അന്ത്യത്തിലാണ് കോവാക്സിന് അനുമതി നല്കിയത്. തുടക്കത്തില്‍ അനുമതി നല്കാന്‍ വിമുഖത കാണിച്ച സമിതി കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ‘തദ്ദേശീയ’ വാക്സിന് അനുമതി നല്കിയതെന്ന അഭ്യൂഹം ശക്തമാണ്. കോവാക്സിന്റെ ഒന്നും രണ്ടും ക്ഷമതാപരിശോധന സംബന്ധിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കുന്നതിന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുകൂലമായിരുന്നില്ലെന്ന് യോഗത്തിന്റെ മിനിട്ട്സ് സൂചിപ്പിക്കുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വസ്തുതകളാണ് ശാസ്ത്രസമൂഹത്തെ ആശങ്കാകുലമാക്കുന്നത്.

ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷില്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ് ഐഐ) ഭാരത് ബയോടെക്കും തമ്മില്‍ കൊവാക്സിന്റെ ഫലപ്രാപ്തിയെയും സുരക്ഷിതത്വത്തെയും പറ്റി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇരു സ്ഥാപനങ്ങളുടെയും മേധാവികള്‍ ചൊവ്വാഴ്ച പൊടുന്നനെ സംയുക്ത പ്രസ്താവനയിറക്കി തര്‍ക്കങ്ങള്‍ പരിഹരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ ഒത്തുതീര്‍പ്പെന്ന അഭ്യൂഹം ശക്തമാണ്. അടിയന്തര സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ഷമതാപരിശോധനകള്‍ കൂടാതെ ഇതിനു മുമ്പും വാക്സിനുകള്‍ നല്കിയ അനുഭവം ശാസ്ത്രവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഫലപ്രദമായ യാതൊരു പ്രതിരോധ ഔഷധങ്ങളും ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ശാസ്ത്രലോകം അത്തരം സാഹസങ്ങള്‍ക്ക് മുതിര്‍ന്നിട്ടുള്ളത്. മാരകമായ നിപ, എബോള എന്നീ രോഗബാധകളെ പ്രതിരോധിക്കാന്‍ പതിവു നടപടിക്രമങ്ങള്‍ക്ക് കാത്തുനില്ക്കാതെ പ്രതിരോധ വാക്സിനുകള്‍ നല്കിയിട്ടുണ്ട്. അതാവട്ടെ, മറ്റ് തെളിയിക്കപ്പെട്ട പ്രതിരോധ ഔഷധങ്ങളുടെ അഭാവത്തില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ നടപടിയാണ്. എന്നാല്‍, കോവിഡ് 19ന് എതിരേ ഫലപ്രദമെന്നു തെളിയിക്കപ്പെട്ട ഒന്നിലധികം വാക്സിനുകള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം അവഗണിച്ചുകൂട. തീവ്ര വ്യാപനശേഷിയുള്ള കോവിഡ് വകഭേദങ്ങള്‍ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ രോഗവ്യാപന തോതും മരണനിരക്കും കുറഞ്ഞുകൊണ്ടിരിക്കെ ക്ഷമതാപരിശോധന പൂര്‍ത്തീകരിക്കാത്ത വാക്സിന് അംഗീകാരം നല്കിയത് ദുരൂഹമാണ്.

ജനജീവിതത്തെയും സമ്പദ്ഘടനയേയും താറുമാറാക്കിയ കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കേണ്ടത് ജനങ്ങളുടേയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. അതിന് മറ്റെല്ലാ നടപടികളെക്കാളും പ്രധാനമാണ് പ്രതിരോധ വാക്സിന്‍ കണ്ടെത്തി എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കുക എന്നത്. പക്ഷെ അത്തരം പ്രക്രിയ തികച്ചും സുതാര്യവും ജനങ്ങളെയും ശാസ്ത്രസമൂഹത്തെയും വിശ്വാസത്തിലെടുത്തുമായിരിക്കണം. മറ്റ് എല്ലാ കാര്യങ്ങളിലുമെന്നപോലെ കോവിഡ് വാക്സിന്‍ വിഷയത്തിലും കേന്ദ്ര നടപടി ദുരൂഹവും ജനങ്ങളെയും ശാസ്ത്രസമൂഹത്തെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണെന്നുള്ളത് ഖേദകരവും അപലപനീയവുമാണ്. മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഇപ്പോഴത്തെ ആശയക്കുഴപ്പത്തിനും ദുരൂഹതയ്ക്കും അറുതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.