25 April 2024, Thursday

വാക്സിന്‍ കയറ്റുമതിക്കു പിന്നിലെ ദുരൂഹത

Janayugom Webdesk
September 22, 2021 4:00 am

കോവിഡ് മൂന്നാംതരംഗം ആസന്നമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഉള്‍പ്പെടെ നല്കിയ മുന്നറിയിപ്പുകള്‍ മുന്നില്‍ നില്ക്കേ ഒക്ടോബര്‍മുതല്‍ വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ മാസം വരെ അധികമായി വരുന്ന വാക്സിന്‍ കയറ്റുമതി ചെയ്യുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസങ്ങളില്‍ നൂറുകോടി ഡോസുകള്‍ ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. അത്രയും ഡോസ് ലഭിച്ചാലും കയറ്റുമതിക്കുള്ള അധിക വാക്സിന്‍ എങ്ങനെയാണ് ക്രമീകരിക്കുകയെന്ന് മന്ത്രി വിശദീകരിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഡോസുകള്‍ ലഭിച്ചാല്‍ പോലും സ്വന്തം പൗരന്മാര്‍ക്ക് നല്കുന്നതിന് തികയുകയില്ലെന്നിരിക്കേയാണ് കയറ്റുമതിക്ക് തീരുമാനിച്ചിരിക്കുന്നത്. ജനുവരിയില്‍ ആരംഭിച്ചതുമുതല്‍ വിവാദവും നിരുത്തരവാദിത്തവും കെടുകാര്യസ്ഥതയും നിറഞ്ഞതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയം. ഇവിടെയുള്ളവര്‍ക്ക് നല്കുവാന്‍ ഇല്ലാതിരുന്നപ്പോഴാണ് വാക്സിന്‍ കയറ്റുമതിക്ക് അനുമതി നല്കിയത്. അതുകൊണ്ടാണ് മാര്‍ച്ച് അവസാനം പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ താല്ക്കാലികമായി കയറ്റുമതി നിര്‍ത്തിയത്. കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതും കാരണമായി.

ഇപ്പോള്‍ മൂന്നാംതരംഗം ആസന്നമായിരിക്കേയാണ് വീണ്ടും കയറ്റുമതിക്ക് തയ്യാറാകുന്നത്. അതിന് മന്ത്രി പറയുന്ന കാരണങ്ങളൊന്നും പൊരുത്തപ്പെടുന്നതല്ല. കണക്കുകളിലെ കളികളാണ് മോഡി സര്‍ക്കാരിന്റെ മുഖമുദ്ര. അതുതന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. രാജ്യത്ത് ആകെ വാക്‌സിനേഷന്‍ 81 കോടി പിന്നിട്ടെന്നാണ് തിങ്കളാഴ്ച മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചത്. (ഇന്നലെ അത് 82 കോടി കടന്നിരിക്കും). പെട്ടെന്ന് തോന്നുക ഏകദേശ ജനസംഖ്യ 140 കോടിയെന്ന് കണക്കാക്കിയാല്‍ ഇനി അമ്പതു കോടിയോളം പേര്‍ക്കുമാത്രമാണ് വാക്സിന്‍ ലഭിക്കാനുള്ളത് എന്നാണ്. പക്ഷേ ഇത് ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണമാണ്. രണ്ടു ഡോസ് ലഭിച്ചവരുടെ എണ്ണം 21 കോടി (15 ശതമാനം) മാത്രമാണ്. അവശേഷിക്കുന്ന 61 കോടി പേര്‍ക്ക് ഇനി രണ്ടാം ഡോസ് നല്കേണ്ടതുണ്ട്. അതിനു പുറമേ ഒരു ഡോസ് പോലും കിട്ടാത്ത അമ്പതു കോടി പുറത്തുണ്ട്. അവര്‍ക്ക് രണ്ടു ഡോസ് വീതം നല്കണമെങ്കില്‍ മാത്രം 100 കോടി വേണം. ഇതെല്ലാം ചേര്‍ത്ത്, ഡിസംബറിനകം എല്ലാവര്‍ക്കും വാക്സിന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം നടപ്പിലാകണമെങ്കില്‍ 161 കോടിയിലധികം ഡോസ് ആവശ്യമായിവരും. ഇതുവരെ ലഭിച്ചിട്ടില്ലാത്ത 50കോടി പേര്‍ക്ക് ആദ്യഡോസും 61 കോടി പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്കുന്നതിനുള്ള കണക്കെടുത്താല്‍പോലും 111 കോടി വേണമെന്നിരിക്കേ കയറ്റുമതിക്കുള്ളത് എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല. അങ്ങനെ ഇപ്പോഴത്തെ കയറ്റുമതി പ്രഖ്യാപനവും ദുരൂഹമാവുകയാണ്.

 


ഇതുകൂടി വായിക്കു:വാക്സീന്‍ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു


വാക്സിന്‍ ലഭ്യതക്കുറവു കാരണം രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേള പോലും ദീര്‍ഘിപ്പിച്ചുവെന്ന ആക്ഷേപം നിലനില്ക്കവേയാണ് കയറ്റുമതി തീരുമാനം. ലോകത്തെ പല രാജ്യങ്ങളും വൈറസിന്റെ തീവ്രതയേറിയ വകഭേദങ്ങളും വ്യാപനവും കാരണം സ്വന്തം പൗരന്മാരെ പെട്ടെന്ന് വാക്സിന്‍ നല്കി പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുന്നതിനാണ് ശ്രമിച്ചത്. അപ്പോഴാണ് വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരമെന്ന പേരില്‍ ഇന്ത്യയില്‍ ഇടവേള ദീര്‍ഘിപ്പിച്ചത്. വാക്സിനേഷന്‍ ആരംഭിച്ച ജനുവരിയില്‍ ഓക്സ്ഫഡ്/അസ്ട്രസെനക്കയുടെ ഇന്ത്യന്‍ ബ്രാന്‍ഡായ കോവിഷീല്‍ഡിന് നാലു മുതല്‍ ആറാഴ്ച വരെയാണ് ഇടവേള നിശ്ചയിച്ചിരുന്നത്. മാര്‍ച്ചില്‍ ആറു മുതല്‍ എട്ടാഴ്ചയെന്ന ഇടവേളയായി പുതുക്കി. കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായിട്ടും മെയ് 13ന് ഇടവേള വീണ്ടും കൂട്ടി 12–16 ആഴ്ചയാക്കി. അതിന്റെ അടുത്ത ദിവസം ബ്രിട്ടനില്‍ രണ്ടാം ഡോസിനുള്ള ഇടവേള 12ല്‍ നിന്ന് എട്ട് ആഴ്ചയാക്കി കുറയ്ക്കുകയാണ് ചെയ്തത്. വടക്കന്‍ അയര്‍ലന്‍ഡ് ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലെ ഇടവേള പരമാവധി എട്ടാഴ്ചയാക്കി. ജൂണ്‍ 13 ന് സ്കോട്ട്‌ലാന്‍ഡ്, 40 വയസിന് മുകളിലുള്ളവരോട് രണ്ടാമത്തെ വാക്സിന് എട്ടാഴ്ചയ്ക്കു കാത്തിരിക്കാതെ നേരത്തേ തന്നെ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച ഇടവേള എട്ടു മുതല്‍ 12 ആഴ്ച വരെയാണെങ്കില്‍ ഇംഗ്ലണ്ടില്‍ എട്ട്, ഓസ്ടേലിയയില്‍ നാലു മുതല്‍ എട്ടുവരെ ആഴ്ചയുടെ ഇടവേളയുള്ളപ്പോഴാണ് ഇന്ത്യയില്‍ ഇപ്പോഴും 12 മുതല്‍ 16 വരെയെന്ന സ്ഥിതി തുടരുന്നത്.

 


ഇതുകൂടി വായിക്കു:വാക്​സിൻ കയറ്റുമതി പുനഃസ്ഥാപിക്കും: അഡാർ പൂനാവാല


ലോകത്തെ ദരിദ്രരാജ്യങ്ങള്‍ക്കു വാക്സിന്‍ നല്കണമെന്ന് ലോകാരോഗ്യ സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ സമ്പന്ന രാജ്യങ്ങള്‍ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ നല്കിയ ശേഷം അധിക ഡോസ് നല്കിത്തുടങ്ങിയിരിക്കുകയാണ്. വന്‍കിട രാജ്യങ്ങള്‍ വാങ്ങി സംഭരിച്ചിരിക്കുന്ന വാക്സിന്റെ ഭീമമായ കണക്കുകള്‍ പുറത്തുവന്നിട്ടുമുണ്ട്. വാങ്ങിക്കൂട്ടിയ 10കോടി ഡോസ്, സമയപരിധി അവസാനിച്ച് നശിച്ചു തുടങ്ങിയിരിക്കുന്നു. ഇതില്‍ 41ശതമാനം യൂറോപ്യന്‍ യൂണിയനിലും 32ശതമാനം യുഎസിലുമാണെന്ന ശാസ്ത്രജ്ഞരുടെ നിഗമനങ്ങളും പുറത്തുവന്നിട്ടുണ്ട്. അപ്പോഴാണ് സ്വന്തം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിന്‍ പോലും നല്കിയിട്ടില്ലാത്ത ഇന്ത്യ കയറ്റുമതിക്ക് സന്നദ്ധമായിരിക്കുന്നത്. കോടതികളുടെയും രാഷ്ട്രീയ — സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടലുകളും പ്രതിഷേധവും കാരണം രാജ്യത്ത് വാക്സിന്‍ കൊള്ള ഉദ്ദേശിച്ച രീതിയില്‍ നടത്താനാകാതെ പോയ മരുന്ന് കമ്പനികള്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണോ ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് സംശയിക്കുന്നത് തെറ്റാവില്ല. ഇതുവരെ ലോകത്തുനിന്നായാലും രാജ്യത്തിനകത്തുനിന്നായാലും പുറത്തെത്തിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വാക്സിന്‍ വലിയ കൊള്ളയുടെ ഉപാധിയാണെന്ന് തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.