Web Desk

July 15, 2021, 4:00 am

യുപി തെരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്

Janayugom Online

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം എട്ടു മാസം മാത്രം അവശേഷിക്കെ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പും അനുബന്ധ അക്രമ സംഭവങ്ങളും അസ്വസ്ഥജനകമാണ്. തെരഞ്ഞെടുപ്പു ജനാധിപത്യത്തെ അക്രമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യംകൊണ്ട് പകരംവയ്ക്കുകയായിരുന്നു ആദിത്യനാഥ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ ബിജെപിയും സംഘപരിവാറും. ഒരുമാസം മുമ്പുനടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകള്‍ കരസ്ഥമാക്കി അംഗസംഖ്യയില്‍ സമാജ്‌വാദി പാര്‍ട്ടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 

എന്നാല്‍ 825 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 635 സ്ഥാനങ്ങളും അപലപനീയമായ അക്രമങ്ങളിലൂടെ പിടിച്ചെടുക്കുകയായിരുന്നു ബിജെപി. അവയില്‍ത്തന്നെ നാനൂറോളം സ്ഥാനങ്ങളില്‍ എതിരാളികളെ നാമനിര്‍ദ്ദേശപത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാതെ നേടിയ വിജയങ്ങളായിരുന്നു. വനിതാ സ്ഥാനാര്‍ത്ഥിയുടെ സഹായിയായിവന്ന സ്ത്രീയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത സംഭവവും അക്രമം തടയാന്‍ ശ്രമിച്ച അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതും മാധ്യമ പ്രവര്‍ത്തകനെ തല്ലിച്ചതച്ചതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത്തരം അക്രമങ്ങളെ അപലപിക്കുന്നതിനു പകരം അവയ്ക്ക് നേതൃത്വം നല്കിയ ആദിത്യനാഥിനെ അനുമോദിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ചെയ്തത്. 

അവയെല്ലാം തന്നെ വിരല്‍ചൂണ്ടുന്നത് അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ്. തന്റെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കുടപിടിക്കാന്‍ സന്നദ്ധമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ‘സമാധാനപരവും നീതിപൂര്‍വ’വു മായ തെരഞ്ഞെടുപ്പ് നിര്‍വഹണത്തിന്റെ പേരില്‍ ആദിത്യനാഥ് അഭിനന്ദിക്കുക മാത്രമല്ല അവയ്ക്ക് ‘പ്രചോദനവും മാര്‍ഗദര്‍ശിത്വവും’ നല്കിയ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ പിന്തുണ തെളിയിച്ച പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള സന്ദേശം കൂടി നല്കുകയായിരുന്നു ബിജെപി.

2014ല്‍ നരേന്ദ്രമോഡി അധികാരത്തിലേറിയതിനെ തുടര്‍ന്ന് നടന്ന ഓരോ തെരഞ്ഞെടുപ്പിനെയും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള പരീക്ഷണ കളരികളാക്കി മാറ്റുകയായിരുന്നു ബിജെപിയും സംഘപരിവാറും. ബിജെപി അധികാരത്തിലേറിയതിനുശേഷമുള്ള ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഏഴായിരത്തില്‍പരം പേര്‍ക്കെതിരെ കിരാതമായ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രയോഗിക്കപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ക്കും വിയോജിക്കുന്നവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കിലടയ്ക്കുന്നു. അത്തരക്കാരുടെ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും യഥേഷ്ടം നിഷേധിക്കപ്പെടുന്നു. അത്തരത്തില്‍ തുറങ്കിലടക്കപ്പെട്ടവര്‍ എത്രപേര്‍ ജീവനോടെ ഏതെങ്കിലും കാലത്ത് പുറത്തുവരാനാവും എന്നുപോലും പറയാനാവാത്ത അവസ്ഥയെയാണ് നഗരനക്സല്‍ എന്ന് ആരോപിക്കപ്പെട്ട് ഭരണകൂട കൊലക്ക് ഇരയായ സ്റ്റാന്‍ സ്വാമി പ്രതീകവല്‍ക്കരിക്കുന്നത്.

യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിയിച്ച ജനപിന്തുണയും പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന നാണംകെട്ട പരാജയവും നരേന്ദ്രമോഡിയും ബിജെപിയും ജനങ്ങളില്‍ നിന്ന് എത്രത്തോളം അകന്നിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. എന്നാലും അക്രമത്തിലൂടെയും അട്ടിമറികളിലൂടെയും അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന സന്ദേശമാണ് യുപിയിലെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളെയും പ്രതിപക്ഷത്തെയും ബിജെപി ബോധ്യപ്പെടുത്തുന്നത്. യുപിയിലെയും രാജ്യത്തെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനാധിപത്യത്തെ തുറിച്ചുനോക്കുന്ന വിപത്ത് എത്രത്തോളം തിരിച്ചറിയുന്നുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്‍‌ക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന അക്രമത്തിന്റെയും പണക്കൊഴുപ്പിന്റെയും കൊടുംഭീഷണി തിരിച്ചറിയാനും പ്രതിരോധിക്കാനും രാജ്യത്തെ ജനാധിപത്യ ശക്തികള്‍ അമാന്തിച്ചുകൂടാ. 

കര്‍ഷകരും തൊഴിലാളികളുമടക്കം അടിസ്ഥാന ജനവിഭാഗങ്ങള്‍ നിശിതമായി എതിര്‍ക്കുന്ന ബിജെപിയുടെ ജനാധിപത്യവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിശാലമായ ഐക്യനിര വളര്‍ത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് പ്രതിപക്ഷം നേരിടുന്നത്. രാഷ്ട്രീയവും ആശയപരവുമായ ഭിന്നതകള്‍ മാറ്റിവച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യ ശക്തികളുടെ ഐക്യനിരയാണ് ഇന്നിന്റെ ആവശ്യം. അത്തരമൊരു ഐക്യനിര വളര്‍ത്തിയെടുക്കുന്നതില്‍ ഉണ്ടാവുന്ന ഏതു വീഴ്ചയ്ക്കും ഇന്ത്യന്‍ ജനാധിപത്യവും ജനതയും വലിയ വില നല്കേണ്ടിവരും.