Web Desk

January 09, 2021, 5:00 am

ആധിപത്യം പുലര്‍ത്തുന്ന വിശ്വാസധാരകളെ ചോദ്യം ചെയ്യാതെ സ്ത്രീസുരക്ഷ അസാധ്യം

Janayugom Online

ഡല്‍ഹിയിലെ പാരാമെഡിക് വിദ്യാര്‍ത്ഥിയായ യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം നടന്നിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം. രാജ്യത്തെ നടുക്കിയ ആ സംഭവം അവസാനത്തേതാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. വധശിക്ഷയടക്കം കര്‍ശന ശിക്ഷാ നടപടികള്‍ക്കൊന്നും ലെെംഗിക അതിക്രമങ്ങള്‍ക്ക് വിരാമമിടാന്‍ മതിയായവ അല്ലെന്ന് തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബാധം അരങ്ങേറിയ കൂട്ടബലാത്സംഗങ്ങളും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

അത്തരം മനുഷ്യത്വഹീനമായ കുറ്റകൃത്യ പരമ്പരകളില്‍ അവസാനത്തേതാണ് ഉത്തര്‍പ്രദേശിലെ ബദായു ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്നത്. അവിടെ അമ്പതുകാരിയായ അങ്കണവാടി ജീവനക്കാരിയെ അവര്‍ ദര്‍ശനം നടത്തിയ ക്ഷേത്രത്തിലെ മഹന്തും (പൂജാരി) സഹായികളും ചേര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2012ലെ നിര്‍ഭയ കേസിലെന്നപോലെ ഇവിടെയും ഇരയുടെ ലെെംഗികാവയവവും വാരിയെല്ലും കാലും തകര്‍ക്കപ്പെട്ട നിലയിലായിരുന്നു. മൂന്ന് കുറ്റവാളികളെയും യുപി പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണവും വിചാരണയും എന്താകും എന്നതിനെക്കാള്‍ ഉപരി സംഭവത്തോടുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതികരണമാണ് ആരെയും ഞെട്ടിപ്പിക്കുന്നത്. ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മിഷനിലെ അംഗം ചന്ദ്രമുഖി ദേവി മാധ്യമങ്ങളോട് നടത്തിയ പ്രതികരണം രാജ്യത്തെ നിയമവ്യവസ്ഥയെ അപഹാസ്യമാക്കുക മാത്രമല്ല സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിതമായ ഭരണഘടനാസ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെയും പ്രസക്തിയെതന്നെയും നിരാകരിക്കുന്നതായി.

ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ഭരണനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന പുരുഷാധിപത്യ ശക്തികളുടെ സ്ത്രീവിരുദ്ധ നീതിശാസ്ത്രത്തേയും സ്ത്രീകളുടെ അവകാശ നിഷേധത്തില്‍ അധിഷ്ഠിതമായ നിയമവാഴ്ചയുടെ പൊള്ളത്തരത്തേയുമാണ് ദേശീയ വനിതാ കമ്മിഷന്‍ പ്രതിനിധികളുടെ പ്രതികരണം തുറന്നുകാട്ടുന്നത്. രാജ്യത്തിനാകെ അപമാനകരമായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും ഉത്തര്‍പ്രദേശ് പൊലീസ് വരുത്തിയ ഗുരുതരവീഴ്ച അ­ന്വേഷിക്കുന്നതിനാണ് രണ്ട് വനിതാ കമ്മിഷന്‍ അംഗങ്ങളെ നിയോഗിച്ചത്. പൊലീസിന്റെ വീഴ്ചയില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നതിനപ്പുറം സംഭവത്തെ അപലപിക്കാനോ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെടാനോ അവര്‍ മുതിര്‍ന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കൊലപാതകങ്ങളും, നിയമപാലകരായ പൊലീസുകാര്‍തന്നെ തെളിവ് നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭരണ സാരഥ്യം വഹിക്കുന്ന ആദിത്യനാഥിനെയും സര്‍ക്കാരിനെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ബാധ്യത എന്ന് തെളിയിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗങ്ങള്‍. കൂട്ട ബലാല്‍സംഗത്തിന് ഇരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ഇര ക്ഷേത്രദര്‍ശനത്തിന് തെരഞ്ഞെടുത്ത സമയവും അവര്‍ ഒറ്റക്ക് അതിനു മുതിര്‍ന്നതുമാണ് കുറ്റകൃത്യത്തിനു കാരണമായതെന്ന വാദമാണ് വനിത കമ്മിഷന്‍ അംഗം മുന്നോട്ടുവച്ചത്.

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ക്ഷേത്രദര്‍ശനത്തിനുപോലും വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ബിജെപി ഭരണത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിന്റെ പരോക്ഷമായ വെളിപ്പെടുത്തലാണ് അവര്‍ നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ എന്നതുപോലെ ബദായുവിലും സംഭവം ലോകമറിയാതെ ഒതുക്കിത്തീര്‍ക്കാനും തെളിവ് നശിപ്പിക്കാനും പൊലീസും ഭരണകൂടവും ശ്രമിച്ചതായാണ് വാര്‍ത്തകള്‍. ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയമപാലകരുടെയും അന്വേഷണ ഏജന്‍സികളുടെയും അവരെ നയിക്കുന്ന രാഷ്ട്രീയ വെെകൃതത്തിന്റെയും പ്രതിഫലനമാണ് ഇത്തരം കുറ്റകൃത്യ പരമ്പരകള്‍.

നിയമനിര്‍മ്മാണങ്ങള്‍ക്കോ വധശിക്ഷയടക്കമുള്ള കര്‍ക്കശ ശിക്ഷാനടപടികള്‍ക്കോ ബലാത്സംഗ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്താന്‍ ആവില്ലെന്ന് ബദായു സംഭവം ഒരിക്കല്‍ക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു. സ്ഥല‑കാല‑സമയ പരിധികളും പരിമിതികളും കൂടാതെ നിര്‍ഭയമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും ഉത്തരവാദിത്തം. അത് കെെവരിക്കാനാകണമെങ്കില്‍ സ്ത്രീയോടുള്ള രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വിശ്വാസങ്ങളുടെയും സമീപനത്തില്‍ മാറ്റം കൂടിയേ തീരൂ. ദൗര്‍ഭാഗ്യവശാല്‍ ജനജീവിതത്തിനുമേല്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ, സാമൂഹിക, വിശ്വാസ ധാര പുരുഷാധിപത്യത്തില്‍ അധിഷ്ഠിതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. അതിനെ ചോദ്യം ചെയ്യാതെ സ്ത്രീശാക്തീകരണത്തെയും അവകാശങ്ങളെയും സുരക്ഷയെയും പറ്റി നടത്തുന്ന ജല്പനങ്ങള്‍ തികഞ്ഞ ആത്മവഞ്ചനയാണ്.