December 2, 2022 Friday

അന്ധവിശ്വാസങ്ങള്‍ക്കെതിരെ യോജിക്കണം

Janayugom Webdesk
October 4, 2022 5:00 am

നമ്മുടെ സാമൂഹ്യ ചിന്തകളെ ശാസ്ത്രീയവും മനുഷ്യത്വപരവുമായ തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ആധുനിക സമൂഹം രൂപപ്പെട്ടതുമുതല്‍ നടന്നിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണിരുന്ന ഒരു ഭൂതകാലത്തെ നാം അതിജീവിച്ചത് അത്തരം പരിശ്രമങ്ങളുടെ കൂടി ഫലമായിട്ടായിരുന്നു. ആ ഭൂതകാലത്ത് അന്ധവിശ്വാസം ശക്തിപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും ദൈവമെന്ന സങ്കല്പത്തിന് വലിയൊരു പങ്കുമുണ്ടായിരുന്നു. ആ സങ്കല്പത്തിന്റെ ഉപോല്പന്നങ്ങളെന്ന നിലയിലാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കപ്പെട്ടത്. അക്കാലത്ത് മനുഷ്യത്വരഹിതവും കാടത്തം നിറഞ്ഞതുമായ എത്രയോ ദുരാചാരങ്ങള്‍ സമൂഹത്തിന്റെ ഭാഗമായിരുന്നു. അതുപയോഗിച്ചാണ് ദൈവ സങ്കല്പത്തെ നിലനിര്‍ത്തുവാന്‍ പുരോഹിതരും ആചാര്യന്മാരും ശ്രമിച്ചുകൊണ്ടിരുന്നത്. സമൂഹത്തില്‍ നിലനിന്നിരുന്ന നിരക്ഷരത, അടിച്ചമര്‍ത്തല്‍ സമീപനങ്ങള്‍, ഉച്ച നീചത്വങ്ങള്‍ എന്നിവ നിലനിര്‍ത്തി, ഏറ്റവും താഴേത്തലങ്ങളിലുള്ളവരെ അകറ്റി നിര്‍ത്തുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളായി ഇത്തരം അനാചാരങ്ങള്‍ ഉപയോഗിക്കപ്പെട്ടു.

ഈ സാമൂഹ്യ പാശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും നായകരും പുരോഗമനാശയങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കുന്നതിനു കൂടിയുള്ള ഉദ്യമം നിര്‍വഹിച്ചുപോന്നിരുന്നു. സതി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ക്കെതിരെ രാജാറാം മോഹന്‍ റോയ് ഉള്‍പ്പെടെയുള്ളവര്‍ നയിച്ച മുന്നേറ്റങ്ങള്‍ അതില്‍ എടുത്തു പറയേണ്ടതാണ്. എല്ലാം ദൈവവിധിയെന്നു സമാധാനിച്ചിരുന്ന ജനവിഭാഗങ്ങളെ പുരോഗമന ചിന്താധാരയിലേക്ക് നയിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങളുണ്ടായി. മാര്‍ക്സിസ്റ്റ് ആശയത്തിന്റെ പിറവിയോടെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ജനകീയത കൈവരികയും ശാസ്ത്രീയാടിത്തറ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഒരുപക്ഷെ സാമൂഹ്യ ചിന്തകള്‍ക്കും സാമ്പത്തിക നിഗമനങ്ങള്‍ക്കുമൊപ്പം ശാസ്ത്രീയ ചിന്തകള്‍ കൂടി ഉള്‍ച്ചേര്‍ന്ന ഏകവും ആദ്യത്തേതുമായ പ്രത്യയശാസ്ത്രം മാര്‍ക്സിസം മാത്രമായിരിക്കും. മാര്‍ക്സിയന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോക രാജ്യങ്ങളില്‍ വ്യാപകമായത് ശാസ്ത്രീയ ചിന്തകളുടെ വ്യാപനത്തിനും കാരണമായി. ബ്രിട്ടീഷ് വാഴ്ചക്കാലത്ത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ഘട്ടത്തിലെ ആദ്യ ദൗത്യമെങ്കിലും ഇവിടെ നിലനിന്നിരുന്ന എല്ലാ സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളും അജണ്ടയിലെ മുഖ്യ ഇനമായിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും പുരോഗമന ചിന്തകളും ശാസ്ത്രീയ അവബോധവും സൃഷ്ടിക്കുന്നതിനും ഒരു പരിധിവരെ സാധിച്ചിട്ടുമുണ്ട്. അതോടൊപ്പം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകളെടുക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നിലുണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ: അപചരിത്രബോധം തലയ്ക്കു പിടിക്കരുത്


സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്ന് അവ തുടച്ചുനീക്കുന്നതിനുള്ള പരിശ്രമങ്ങളും പല കാലത്തും പലയിടങ്ങളിലും നടക്കുകയുമുണ്ടായി. ഇതാണ് സാമൂഹ്യ പശ്ചാത്തലമെങ്കിലും കടുത്ത ജാതീയതയും ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും നിലനില്ക്കുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം അത്തരം രണ്ടുവാര്‍ത്തകളാണ് ഉണ്ടായത്. ദേവപ്രീതിക്കായി ആറുവയസുകാരനെ കഴുത്തറുത്തു കൊന്നുവെന്ന വാര്‍ത്ത ഡല്‍ഹിയില്‍ നിന്നായിരുന്നുവെങ്കില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ സുഹൃത്തിനെ ബലികഴിച്ചത് തമിഴ്‌നാട്ടിലായിരുന്നു. ദൈവപ്രീതിക്കെന്നപേരിലാണ് ആറുവയസുകാരന്റെ ജീവനെടുത്തത്. ബിഹാര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഒരുമിച്ച് ജോലിയെടുക്കുന്ന കുടുംബത്തിലെ കുട്ടിയെ നിഷ്കരുണം ബലിയെന്ന പേരില്‍ കൊലപ്പെടുത്തിയത് ദൈവനിര്‍ദ്ദേശ പ്രകാരമെന്നാണത്രേ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് തെങ്കണിക്കോട്ട താലൂക്കിലെ കേളമംഗലത്തിനടുത്തുള്ള പുത്തൂര്‍ ഗ്രാമനിവാസിയായ ലക്ഷ്മണനെ സുഹൃത്ത് ധര്‍മ്മപുരി സ്വദേശി മണി കൊന്നുകളഞ്ഞത്.

പൂജാസാധനങ്ങളും കൊലനടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. അക്ഷരാഭ്യാസമില്ലാത്തതും വിദ്യാഭ്യാസം ലഭിക്കാത്തതുമായ വലിയൊരു വിഭാഗം ജീവിക്കുന്നിടത്താണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ രൂഢമൂലമായിരിക്കുതെന്ന് കാണാനാകും. ജാതിയും മതവര്‍ഗീയതയും നിലനില്ക്കണമെന്നും അതിലൂടെ ലാഭം നേടണമെന്നും ആഗ്രഹിക്കുന്നവരാണ്, അവയുടെ വേരുകള്‍ക്ക് ആഴ്ന്നിറങ്ങുന്നതിന് എളുപ്പമാണെന്നതുകൊണ്ട് അന്ധവിശ്വാസവും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസപരമായി മുന്നേറുകയും ശാസ്ത്രീയ ചിന്തകള്‍ വ്യാപകമാകുകയും ചെയ്യുന്ന ഇടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കുറവാണെന്നും കാണാനാകും. അതുകൊണ്ടുതന്നെ സാക്ഷരതയും വിദ്യാഭ്യാസവും സാമൂഹ്യ ചിന്തകളും വളര്‍ത്തുന്നതിനുള്ള ബോധപൂര്‍വമായ നടപടികളും ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. അതിന് പുരോഗമന സര്‍ക്കാരുകളും ജനാധിപത്യ — വിദ്യാര്‍ത്ഥി — യുവജന പ്രസ്ഥാനങ്ങളും കൂട്ടായ യത്നങ്ങള്‍ തുടരേണ്ടതുണ്ടെന്നാണ് മേല്പറഞ്ഞ സംഭവങ്ങള്‍ നമ്മെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.