15 February 2025, Saturday
KSFE Galaxy Chits Banner 2

അംബേദ്കര്‍ വിഭാവനം ചെയ്ത നീതിയുടെ അടിത്തറ

Janayugom Webdesk
December 29, 2024 5:00 am

സോമനാഥ് സൂര്യവൻഷിയെ ജയിലറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയാളെ ജയിലിൽ കൊണ്ടുവന്നത് പരീക്ഷ തുടങ്ങുന്നതിന് രണ്ടു ദിവസങ്ങൾ മുമ്പു മാത്രം. സോമനാഥിനെ പൊലീസ് മൃഗീയമായി വേട്ടയാടി. അതിന്റെ ആഘാതത്തിലായിരുന്നു മരണം. സോമനാഥ് സൂര്യവൻഷി ചെയ്ത തെറ്റ് ഒരു ദളിത് കുടുംബത്തിൽ പിറന്നു എന്നതാണ്. ബാബാ സാഹേബ് അംബേദ്കറെപ്പോലെ വളരാനും ഉയരാനും ആഗ്രഹിച്ചിരുന്നു. ഒരു ശതമാനമെങ്കിലും ആ സ്വപ്നങ്ങൾ സാക്ഷാല്‍ക്കരിക്കാനാകുമെന്ന് പ്രത്യാശിച്ചിരുന്നു. ഡിസംബർ 10ന്, ഭരണഘടനയുടെ പിച്ചിച്ചീന്തിയൊരു പകർപ്പ് ഡോ. അംബേദ്കറുടെ പ്രതിമയ്ക്കു സമീപം കണ്ടെത്തി. ഇതിനെതിരെ മഹാരാഷ്ട്രയിലെ പർഭാനിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. പൊലീസ് പ്രതികരിച്ചത് അന്ധമായും വെറുപ്പോടെയുമായിരുന്നു. അനേകർക്കൊപ്പം സോമനാഥ് സൂര്യവന്‍ഷിയും പൊലീസ് ചെയ്തികളുടെ ഇരയായി. സോമനാഥ്, പ്രതിഷേധങ്ങളുടെ നേതാവായിരുന്നില്ല. പുസ്തകങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന വിജ്ഞാന കുതുകിയായ ഒരു യുവാവ്. അയാള്‍ അഭിമാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു. പർഭാനി സംഘർഷഭരിതമാണ്. ദളിതർ കൂട്ടമായി ജീവിക്കുന്ന ഇടങ്ങളിലെല്ലാം പൊലീസ്, ഭരണകൂട നടപടികൾ ക്രൂരമാണ്. ബാബാ സാഹേബിന്റെ ചുവടുകൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുകയും ധൈര്യപ്പെടുകയും ചെയ്തതാണ് അവരുടെ തെറ്റ്. പർഭാനിയിൽ മാത്രമല്ല പാർലമെന്റിൽ പോലും ദളിത് വിരുദ്ധത കത്തുകയാണ്. ഡോ. അംബേദ്കര്‍ക്കെതിരെയും അദ്ദേഹത്തിന്റെ ആശയങ്ങൾക്കെതിരെയുമുള്ള ദേഷ്യവും വിരോധവും സജീവമാണ്. അമിത് ഷാ അംബേദ്കറെ അധിക്ഷേപിച്ചത് പ്രത്യക്ഷ ഉദാഹരണമാണ്. 

“ചരിത്രം ആവർത്തിക്കുമോ? ഈ ചിന്തയാണ് എന്നിൽ ഉത്കണ്ഠ നിറയ്ക്കുന്നത്. ഇന്ത്യക്കാർ രാജ്യത്തെ അവരുടെ വിശ്വാസത്തിന് മുകളിൽ സ്ഥാപിക്കുമോ അതോ അവർ മതത്തെ രാജ്യത്തിന് മുകളിൽ സ്ഥാപിക്കുമോ? എനിക്കറിയില്ല. പക്ഷേ, പാർട്ടികൾ വിശ്വാസത്തെ രാജ്യത്തിന് മുകളിൽ പ്രതിഷ്ഠിച്ചാൽ, നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതും അപകടത്തിലാകുമെന്നും ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും ഉറപ്പാണ്. ഈ സംഭവവികാസത്തിനെതിരെ നാമെല്ലാവരും ഉറച്ചുനിൽക്കണം. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മുടെ അവസാന തുള്ളി രക്തം കൊണ്ട് സംരക്ഷിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.” അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ ആശങ്കപ്പെടുന്നുണ്ട്. ഇന്ന് രാജ്യം അഭിപ്രായ സ്വാതന്ത്ര്യത്തിൽ അടക്കം കടുത്ത ഭീഷണി നേരിടുന്നു. ഒരു മതേതര രാജ്യത്തിനുള്ളിൽ അതിന്റെ അടിത്തറ തകർക്കാൻ ‘ഹിന്ദു രാഷ്ട്രം’ അവസരം പാർത്തിരിക്കുന്നു. ജനാധിപത്യ തത്വങ്ങൾക്ക് വേണ്ടി വാദിക്കേണ്ടതും എല്ലാ പൗരന്മാരുടെയും ക്ഷേമം നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുമായ ഭരണകൂടം സംശയത്തോടും ശത്രുതയോടും കൂടി ജനങ്ങളെ ചിതറിക്കുകയും വീക്ഷിക്കുകയും ചെയ്യുന്നു. വർഗീയ പിരിമുറുക്കങ്ങൾക്ക് മനഃപൂർവമായി വേദികൾ ഒരുക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ, ജാതി വിവേചനം തുടങ്ങി അതിക്രമങ്ങളും വർധിച്ചുവരികയാണ്. ദളിതരെ ചൂഷണം ചെയ്യുന്നത് പതിവ് കാര്യമായിരിക്കുന്നു. മനുഷ്യത്വരഹിതമായ രീതിയിലാണ് യൂണിയൻ ഭരണകൂടവും ആജ്ഞാനുവർത്തികളും ദളിതരോട് പെരുമാറുന്നത്. ഭരണകൂട ഒത്താശയോടെ, തുടർച്ചയായി അപമാനപ്പെടുത്തി ജാതി വിവേചനവും അക്രമവും പടർത്തുകയാണ്. അംബേദ്കറുടെ ചിന്ത കൂടുതൽ തെളിച്ചമേറിയതാണ്. എന്നത്തെക്കാളും ഇപ്പോള്‍ പ്രസക്തവുമായിരിക്കുന്നു. ജാതിക്കെതിരായ അംബേദ്കറുടെ സമരം പ്രതീക്ഷയുടെ വെളിച്ചമാണ്. ജാതിക്കെതിരായ പോരാട്ടങ്ങളുടെ തലവനായി രാജ്യാന്തരതലങ്ങളിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു. ജനാധിപത്യ ചിന്തകളിലു‍ം ദേശീയ കാഴ്ചകളിലും അതിന്റെ അതിരുകളിലും അംബേദ്കറുടെ സ്വാധീനം സമാനതകളില്ലാത്തതാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ വിശാലവും സാമൂഹിക നീതി പ്രതിധ്വനിപ്പിക്കുന്നതുമാണ്. 

ഭരണഘടന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് വിശാലവും ശക്തവുമായ രക്ഷാകവചം വാഗ്ദാനം ചെയ്യുന്നു. ഏതുതരത്തിലുമുള്ള വിവേചനത്തിനുമെതിരെ പോരാടുന്നു. എല്ലാത്തരം വ്യക്തിത്വങ്ങളെയും ഉൾക്കൊള്ളുകയും പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പോരാടുവാൻ‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഡോ. അംബേദ്കറുടെ ഇടപെടൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഉയർത്തി, മാറ്റങ്ങളുണ്ടാക്കി. നിയമപരമായ സംരക്ഷണത്തിനായി അക്ഷീണം പോരാടി. സ്വയം പ്രാതിനിധ്യത്തിനുള്ള അവകാശങ്ങൾക്കും തുല്യ അവസരങ്ങൾക്കും കളമൊരുക്കി. വിദ്യാഭ്യാസത്തിലും തൊഴിലിലും സജീവ സാന്നിധ്യവും അവസരവും സാധ്യമാക്കി. ഇവയിൽ സംവരണം ഉൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നിർണായക ജീവിത വഴികൾ തുറക്കാൻ ഇത് ഇടയാക്കി. ഇതിൽ ഏറ്റവും പ്രധാനമായി വ്യക്തിയുടെ ആത്മാഭിമാനം ഉൾക്കൊള്ളുന്നു. ആഗോളതലത്തിലുൾപ്പെടെ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങളിൽ നിന്ന് പിന്മാറാൻ അംബേദ്കർ മടിച്ചു. സാമൂഹിക അനീതിയുടെ കഠിനമായ യാഥാർത്ഥ്യങ്ങളിൽ അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതിന്റെ ഉണ്മയിൽ കാര്യങ്ങൾ വിശകലനം ചെയ്തു. അത് ആഴമേറിയ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.
യഥാർത്ഥ പുരോഗതി കൈവരിക്കാൻ സാമ്പത്തിക വളർച്ച മാത്രം പോരാ എന്ന് അംബേദ്കർ തിരിച്ചറിഞ്ഞു. സാമ്പത്തിക വികസനത്തിന്റെ നേട്ടങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതിന്റെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ പിന്നാക്കം പോകാതെ ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വർത്തമാന ആഗോളവൽക്കൃത സമ്പദ്‌വ്യവസ്ഥയിൽ ഇക്കാര്യങ്ങൾ നിർണായകമാണ്. ഇന്ന് സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ അസമമായി വിതരണം ചെയ്യപ്പെടുന്നു. അസമത്വങ്ങൾ കൂടുതൽ വർധിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് അഗാധമായ ധാരണയിൽ ഉരുത്തിരിഞ്ഞതാണ് അംബേദ്കറുടെ വാക്കുകളും പ്രവൃത്തിയും. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ‍ അദ്ദേഹം അടിയുറച്ചുനിന്നു. യഥാർത്ഥ ജനാധിപത്യത്തിന് ഇക്കാര്യങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അംബേദ്കർ സാർവത്രിക പ്രായപൂർത്തി‌ വോട്ടവകാശത്തിനുവേണ്ടി നിലകൊണ്ടു. രാഷ്ട്രീയ പ്രക്രിയയിൽ എല്ലാ പൗരന്മാരുടെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. വോട്ട്, ഓരോ വ്യക്തിക്കും അവരുടെ സ്വന്തം വിധി രൂപപ്പെടുത്തുന്നതിനുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ അനുവദിക്കുന്നു. ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് അദ്ദേഹം സഞ്ചരിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹിക സ്വാതന്ത്ര്യവും തമ്മിലുള്ള നിർണായക ബന്ധത്തെ നിർവചിച്ചു. രാഷ്ട്രീയ ജനാധിപത്യം മുഖ്യമെങ്കിലും സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ അടിത്തറയില്ലാതെ ഇത് അപൂർണവും ദുർബലവുമായി തുടരുമെന്ന് അദ്ദേഹം വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.