ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ സാഹചര്യങ്ങൾ ബോധപൂർവം സൃഷ്ടിക്കുന്നതിൽ ബിജെപിയും അതിന്റെ ബുദ്ധിരാക്ഷസന്മാരും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭാഗീയത അനവരതം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിൽ പ്രധാനമന്ത്രി മുതൽ ഏറ്റവും താഴേത്തട്ടിലുള്ള പ്രവർത്തകർവരെ അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുന്നതിന്റെ ഏറ്റവും നിന്ദ്യമായ നിലപാടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്നുപോലുമുണ്ടാകുന്നതിന് നാം സാക്ഷിയാകുന്നു. അത്തരം വിദ്വേഷ പ്രചരണത്തിന്റെ അടുത്ത ഉപകരണമായി ഭാഷയെ ഉപയോഗിക്കുകയാണ് ഇപ്പോൾ ബിജെപിയും സംഘ്പരിവാർ സംഘടനകളും. ഹിന്ദിക്ക് ഇതുവരെയില്ലാത്ത മഹത്വവൽക്കരണം അതിന്റെ ഭാഗമായിരുന്നു. ത്രിഭാഷാ പദ്ധതി അടിച്ചേല്പിച്ച് വിവിധ ഭാഷാ സംസ്ഥാനങ്ങളുടെ സ്വത്വത്തെ അരികുവൽക്കരിക്കുന്നതിനുള്ള നടപടികൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിലും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങൾക്കുപോലും ഇക്കാര്യത്തിൽ വിഭിന്ന നിലപാട് സ്വീകരിക്കേണ്ടിവരുന്നുണ്ട്. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതിനെ തുടർന്ന് പിന്നീട് പിൻവലിക്കുകയായിരുന്നു. എന്നാൽ കേന്ദ്ര സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ എല്ലാ സ്കൂളുകളിലും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുകയാണ്. മറാത്തി മാത്രമായിരിക്കും നിർബന്ധിത ഭാഷയെങ്കിലും ഹിന്ദി മൂന്നാം ഭാഷയായി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഹിന്ദി അടിച്ചേല്പിക്കുന്നതിനുള്ള നീക്കത്തിനെതിരെ പല സംസ്ഥാനങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നുവരികയുണ്ടായി. ഈവിധത്തിൽ ഭാഷാപഠനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശം ചർച്ചാ വിഷയമാകുന്നത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ താമസിയാതെ തന്നെ നാണംകെടേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ മുൻഗണന നൽകണമെന്നും അദ്ദേഹം പറയുന്നു. നമ്മുടെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്നും ഇന്ത്യയുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാൻ ശ്രമം നടത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇന്ത്യ നിലനിൽക്കുന്നത് സാംസ്കാരിക, സാമുദായിക, പ്രാദേശിക, ഭാഷാപരമായ വൈവിധ്യത്തിന്റെ അടിത്തറയിലാണ്. അതുകൊണ്ടുതന്നെ ഭരണഘടനാപരമായി എല്ലാ ഭാഷകൾക്കും പ്രാധാന്യമുണ്ട്. ഏത് ഭാഷയും സംസാരിക്കുവാൻ അവകാശവുമുണ്ട്. ഉന്നതവിദ്യാഭ്യാസം, ആഗോള വ്യാപാരം, സാർവദേശീയ ആശയ വിനിമയം എന്നിങ്ങനെ ഇംഗ്ലീഷും അനിവാര്യഘടകമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭാഷകൾക്ക് അമിതമായ മാഹാത്മ്യം കല്പിക്കുകയും അതുമാത്രം മതിയെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്നത് ഭാഷാപരമായ തീവ്രവാദമാണ്. അതിന്റെ പ്രത്യാഘാതങ്ങളാകട്ടെ വളരെ വലുതുമായിരിക്കും. ഇംഗ്ലീഷിനെ പൂർണമായും ഉപേക്ഷിക്കുയും ആ ഭാഷ സംസാരിക്കുന്നവർ ലജ്ജിക്കേണ്ടിവരികയും ചെയ്യുമെന്ന് പറയുന്ന അമിത് ഷാ സങ്കുചിതമായ ഭാഷാബോധം സൃഷ്ടിക്കുന്നതിന്റെ അനന്തരഫലത്തെക്കുറിച്ച് ആലോചിച്ചിരിക്കാനിടയില്ല. കോളനിവാഴ്ചയുടെ അവശിഷ്ടമെന്ന ബോധ്യം സൃഷ്ടിച്ചാണ് ഇംഗ്ലീഷിനെ ഇകഴ്ത്തുന്നതിന് അമിത് ഷായെ പോലുള്ളവർ ശ്രമിക്കുന്നത്. അവർ പറയുന്ന കോളനിവാഴ്ചക്കാലമെന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ അടക്കിവാണ വേളയാണ്. അക്കാലത്ത് അവർക്കെതിരായ പോരാട്ടത്തിന്റെ നാലയലത്തുപോലും തന്റെ പൂർവികരുണ്ടായിരുന്നില്ലെന്ന നാണംകെട്ട ഭൂതകാലം അമിത് ഷാ മറന്നുപോകുകയാണ്.
ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചതല്ല ഇംഗ്ലീഷിന്റെ പ്രാധാന്യമെന്നതും അത് ആഗോള സാഹചര്യത്തിൽ നിർബന്ധിതമായതാണെന്നതും വസ്തുതയാണ്. വിദ്യാർത്ഥികളും തൊഴിലന്വേഷകരും വ്യാപാരികളും നയതന്ത്രമേഖലയിലുള്ളവരുമായി കോടിക്കണക്കിനുപേർ ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്ക് പോകുന്നുണ്ട്. അവർക്ക് ഇവിടെയുള്ള ഹിന്ദിയോ അല്ലെങ്കിൽ പ്രാദേശിക ഭാഷകളോ മാത്രം പഠിച്ചാൽ ചെന്നെത്തുന്ന രാജ്യങ്ങളിലെ വിനിമയവും പഠനവും തൊഴിലും മറ്റും അസാധ്യമാകും. അതുകൊണ്ടുതന്നെ ആഗോള ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം അവഗണിക്കുവാൻ സാധിക്കില്ല. വിവര സാങ്കേതികവിദ്യയിലും സേവനങ്ങളിലും ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമായ ഒന്നാണ്. സ്വന്തമായ ഭാഷയുണ്ടായിട്ടും ചൈന പോലുള്ള രാജ്യങ്ങൾക്ക് ഇംഗ്ലീഷിൽ കൈവരിച്ച നേട്ടം അവരുടെ ആഗോള വളർച്ചയ്ക്ക് നിർണായകമായിട്ടുണ്ട്. ആഗോള നിക്ഷേപകർ, ബഹുരാഷ്ട്ര കമ്പനികൾ, അക്കാദമിക രംഗം എന്നിങ്ങനെ മത്സരാധിഷ്ഠിതമായ ആഗോളതല സാഹചര്യങ്ങളോട് കിടപിടിക്കണമെങ്കിലും ഭാഷാദുരഭിമാനം ഗുണം ചെയ്യില്ല. പുതിയ ലോകക്രമത്തിൽ സ്വന്തം ഭാഷയും സംസ്കാരവും സങ്കുചിത ചിന്തകളുമായി ഒരു രാജ്യത്തിനും പ്രദേശത്തിനും നിലനിൽക്കാനാകില്ലെന്നതും വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യയെ ആകെ നാണംകെടുത്തുന്ന ചിന്താഗതിയാണ് അമിത് ഷാ അവതരിപ്പിച്ചിരിക്കുന്നതെന്നുവേണം വിലയിരുത്തുവാൻ. ഇത്തരം പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചുകൊണ്ട് നാണക്കേടിന്റെ പടുകുഴിയിലേക്ക് വീഴുന്നത് അമിത് ഷായും അദ്ദേഹമുള്‍പ്പെടുന്ന ഭരണകൂടവും തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.