Thursday
21 Feb 2019

ചലച്ചിത്രരംഗത്തെ താരമാഫിയകളില്‍ നിന്ന് വിമോചിപ്പിക്കണം

By: Web Desk | Wednesday 27 June 2018 10:40 PM IST

ലയാള സിനിമാതാരങ്ങളുടെ സംഘടന അമ്മയില്‍ നിന്നുള്ള നാല് നടിമാരുടെ രാജി ആ സംഘടനയില്‍ ഉരുണ്ടുകൂടുന്ന അസ്വാരസ്യങ്ങളുടെയും ധാര്‍മിക പ്രതിസന്ധിയുടെയും വ്യക്തമായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. ആ സംഘടനയില്‍ അംഗമായിരുന്ന ഒരു നടിക്കെതിരെ നടന്ന ക്വട്ടേഷന്‍ ലൈംഗിക അതിക്രമത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംരക്ഷിക്കാന്‍ പ്രമുഖതാരങ്ങളടക്കം സംഘടനാ നേതൃത്വം നടത്തിവന്ന ശ്രമത്തിന്റെ അന്ത്യത്തിലാണ് നാല് നടിമാരുടെ ഇപ്പോഴത്തെ രാജി. നാടിന്റെ ആരാധനാമൂര്‍ത്തികളായ നടന്മാരുടെ നേതൃത്വത്തിലാണ് ഇരയുടെ കേവലമായ മനുഷ്യാവകാശങ്ങളെപോലും ചവിട്ടിമെതിച്ചുകൊണ്ട് വേട്ടക്കാരുടെ പുരുഷാധിപത്യ ധാര്‍ഷ്ട്യ പ്രകടനമെന്നത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ജീര്‍ണാവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മലയാള ചലച്ചിത്ര നടീനടന്മാരുടെ പ്രൊഫഷണല്‍ സംഘടനയായി കരുതപ്പെട്ടിരുന്ന അമ്മ മെഗാതാരങ്ങളുടെയും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന വിധേയരുടെയും മാഫിയ കൂട്ടായ്മയ്ക്ക് അപ്പുറം യാതൊന്നുമല്ലെന്നാണ് തങ്ങള്‍ തന്നെ പുറത്താക്കിയ കുറ്റാരോപിതനായ ദിലീപിനെ യാതൊരു ന്യായീകരണവും നിരത്താതെ തിരിച്ചെടുക്കുക വഴി തെളിയിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഈ മാഫിയാ സംഘടനയുടെ സാമാന്യ നീതിക്കും തൊഴില്‍പരമായ ധാര്‍മികതയ്ക്കും നിരക്കാത്ത ആദ്യ നടപടിയല്ല ഇതെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലയാള നാടക-ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായിരുന്ന നടന്‍ തിലകന്‍ തന്റെ ജീവിതാന്ത്യത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും ഒറ്റപ്പെടുത്തലുകളും അമ്മയെന്ന സംഘടനയുടെ അര്‍ബുദസമാനമായ ജീര്‍ണാവസ്ഥയെയാണ് തുറന്നുകാട്ടിയത്. കലയെക്കാളും സംസ്‌കാരത്തെക്കാളും ഉപരി പണക്കൊഴുപ്പിനും അധികാരഗര്‍വിനും മാന്യത കല്‍പിച്ചു നല്‍കുന്ന ഒരു പറ്റം സ്വാര്‍ഥമതികളാല്‍ നിയന്ത്രിക്കപ്പെടുന്ന, മാനുഷികമൂല്യങ്ങള്‍ക്ക് തെല്ലും വില കല്‍പിക്കാത്ത, ആള്‍ക്കൂട്ടമാണ് അമ്മെയന്ന സംഘടനയെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്.
അമ്മയിലെതന്നെ അംഗമായിരുന്ന യുവനടിക്കെതിരെ നടന്ന ക്വട്ടേഷന്‍ ലൈംഗിക അതിക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദിലീപിനെ സംഘടനയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. കേസില്‍ വിചാരണയും വിധിയും വരാനിരിക്കുന്നതേയുള്ളു. കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടാല്‍ അദ്ദേഹത്തെ സംഘടനയില്‍ തിരികെ കൊണ്ടുവരുന്നതിന്റെ സാംഗത്യം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ കേസിന്റെ സുഗമമായ നടത്തിപ്പിന് പ്രതിബന്ധം സൃഷ്ടിക്കുന്നതിനും അത് അനന്തമായി നീട്ടിക്കൊണ്ടുപോയി നീതിനിര്‍വഹണത്തെതന്നെ തടസപ്പെടുത്തുന്നതിനുമാണ് പ്രതികളുടെ ഭാഗത്തുനിന്നും ആസൂത്രിതശ്രമം നടക്കുന്നതെന്ന് പറയാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കോടതിക്കുതന്നെ തുറന്നു പറയേണ്ടിവന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചലച്ചിത്രങ്ങളെ സുപ്രധാനമായ വിനോദോപാധിയായും സാംസ്‌കാരിക പ്രവര്‍ത്തനമായും നോക്കിക്കാണുന്ന സ്ത്രീകളടക്കം സാമാന്യജനങ്ങളോടുള്ള വെല്ലുവിളിയാണ് തങ്ങളുടെ നടപടിയിലൂടെ അമ്മ നടത്തിയിരിക്കുന്നത്. പണക്കൊഴുപ്പും മാഫിയാബന്ധങ്ങളുംകൊണ്ട് മലയാള സിനിമയെക്കാള്‍ പതിന്മടങ്ങ് കരുത്തുള്ള ഹോളിവുഡ് സിനിമയില്‍ പോലും സ്ത്രീകളായ ചലച്ചിത്രപ്രവര്‍ത്തകരോടുള്ള അതിക്രമങ്ങള്‍ സമൂഹമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുകയും ഹാര്‍വി വെയ്ന്‍സ്റ്റെയിനെപ്പോലെ ശക്തരായവര്‍ പോലും അഴികള്‍ക്കു പിന്നിലാവുന്ന കാലത്താണ് മലയാള ചലച്ചിത്രരംഗത്തെ പുരുഷകേസരിമാര്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങ് നിറഞ്ഞാടുന്നതെന്നത് നാടിനാകെ അപമാനമാണ്. ഇത്തരം ജീര്‍ണിച്ച ചലച്ചിത്ര സംസ്‌കാരത്തോട് ആത്മരോഷം പ്രകടിപ്പിച്ചവരും അത് ഇപ്പോഴും വച്ചുപുലര്‍ത്തുന്നവരുമെന്ന് കരുതപ്പെടുന്നവര്‍ പോലും നിശബ്ദത പാലിക്കുന്നത് അപലപനീയമാണ്.

ദിലീപ് ഉള്‍പ്പെട്ട കേസിലെ യഥാര്‍ഥ വസ്തുതകളും അതിന്മേല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോടതിവിധിയും എന്തുതന്നെയും ആയിക്കൊള്ളട്ടെ ഈ രംഗത്തെ അനഭിലഷണീയ പ്രവണതകള്‍ ചോദ്യം ചെയ്യാനും തുറന്നുകാട്ടാനും അവയ്ക്ക് അറുതിവരുത്താനുമുള്ള അവസരമാണ് കേരളത്തിന് കൈവന്നിരിക്കുന്നത്. കേരളം പോലെ ജനാധിപത്യത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹത്തില്‍ താരത്തിളക്കത്തിന്റെയും ഗ്ലാമറിന്റെയും മായികതയില്‍ താരകേസരികളും അവര്‍ നയിക്കുന്ന അമ്മയടക്കമുള്ള ചലച്ചിത്ര കാര്‍ട്ടലുകളും നമ്മുടെ സാംസ്‌കാരികരംഗം അടക്കിവാഴാനും മലീമസമാക്കാനും അനുവദിച്ചുകൂട. താരമൂല്യത്തിന്റെ പേരില്‍ തങ്ങള്‍ വാരിക്കൂട്ടുന്ന പണത്തിന്റെ കൊഴുപ്പില്‍ ഫാന്‍സ് അസോസിയേഷനുകളെന്ന പേരില്‍ പ്രതിയോഗികള്‍ക്കുമേല്‍ തെമ്മാടി സംഘങ്ങളെ കയറൂരിവിട്ട് സഹപ്രവര്‍ത്തകര്‍ക്കുമേല്‍ അധിക്ഷേപങ്ങളും സ്വഭാവഹത്യയും നടത്തുന്ന സംസ്‌കാരത്തിന് കടിഞ്ഞാണിട്ടേ മതിയാവൂ. അത്തരം സംരംഭങ്ങളെ മുളയിലെ നുള്ളാന്‍ പര്യാപ്തമായ നിയമനിര്‍മാണത്തിന് ഭരണകൂടം തയാറാവണം. ഇത്തരം ഹീനപ്രവൃത്തികളിലൂടെ നടക്കുന്നത് മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ചലച്ചിത്രരംഗത്തെ ജനാധിപത്യവിരുദ്ധമായ മാഫിയാ സംസ്‌കാരത്തിന് വിരാമമിടാന്‍ സംഘടിത സമൂഹം രംഗത്തിറങ്ങണം.