14 July 2024, Sunday
KSFE Galaxy Chits

ദുരന്തങ്ങൾക്ക് വഴിയൊരുക്കിയ അവിശുദ്ധ കൂട്ടുകെട്ട്

Janayugom Webdesk
June 16, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പാണ്, അത് വ്യാമോഹമല്ല- മോഡിയും അമിത് ഷായും നിക്ഷേപകരോട് ആവർത്തിച്ചിരുന്നത് ഇങ്ങനെയാണ്. എന്നാൽ ഫലം പ്രഖ്യാപിച്ച ദിവസം 30 ലക്ഷം കോടി രൂപയുടെ കൊടും തകർച്ചയിലേക്ക് ഓഹരിവിപണി കൂപ്പുകുത്തി. കേന്ദ്രഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും കോർപറേറ്റുകളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തിൽ ഓഹരി നിക്ഷേപകരെ തുലച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ആഴ്ചകൾക്ക് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരിൽ നിന്നുമുള്ള ഉപദേശം “ഓഹരികൾ വാങ്ങാനുള്ള ഉത്തമവേളയാണ് ജൂൺ നാലിന് മുമ്പ്” എന്നായിരുന്നു. വിപണി കുതിച്ചുയരുമെന്ന സൂചനയും നൽകി. മേയ് 19ന് പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ, “തെരഞ്ഞെടുപ്പ് വാരത്തിലെ” വിപണികളുടെ പ്രകടനത്തെക്കുറിച്ച് മോഡി ആവേശത്തോടെ സംസാരിച്ചു. തെരഞ്ഞെടുപ്പിലെ തന്റെ വിജയത്തിന്റെ സൂചനയായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പ്രത്യേക അഭിമുഖത്തിൽ, ഷായും സമാനമായ രീതിയിൽ സംസാരിച്ചു: “സ്റ്റോക്ക് മാർക്കറ്റിലെ തകർച്ചകളെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുത്, ജൂൺ നാലിന് മുമ്പ് ഷെയറുകൾ വാങ്ങാനാണ് ഞാൻ നൽകുന്ന നിർദേശം. അത് കുതിച്ചുചാ‍ട്ടത്തിന് വഴിയൊരുക്കും.”
ജൂൺ ഒന്നിന് വൈകുന്നേരം ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ചു. എല്ലാ വോട്ടെടുപ്പുകളുടെയും ശരാശരിയിൽ എൻഡിഎയ്ക്ക് 367എന്ന നേട്ടം ലഭിച്ചു. എക്സിറ്റ് പോളുകൾ പ്രതിപക്ഷത്തിന്റെ മനോവീര്യം കെടുത്താനും ഭരണകക്ഷിയുടെ ആധിപത്യം ഉയർത്താനും ആയുധമാക്കി. എന്നാൽ ജൂൺ നാലിന് ഫലപ്രഖ്യാപനം നടന്ന ദിവസം ചെറുകിട നിക്ഷേപകർക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഉത്തരവാദികൾ മാധ്യമ‑കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് തന്നെയായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രഖ്യാപനങ്ങൾക്ക് ശേഷം, ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് ജൂൺ മൂന്നിന് ഓഹരി വിപണികൾ ഇതഃപര്യന്തമില്ലാത്ത ഉയരത്തിലെത്തി. ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ അവ തകർന്നു. കാവി പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടു. 272 എന്ന നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നതോടെ, ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി നിക്ഷേപകർക്ക്. അഞ്ച് എക്സിറ്റ് പോളുകളിൽ മൂന്നെണ്ണം 2019ൽ നേടിയ 303 സീറ്റുകളിൽ കൂടുതൽ മോഡി നേടുമെന്ന് പ്രവചിച്ചു. ഇന്ത്യ സഖ്യം 125 മുതൽ 182 വരെ സീറ്റുകൾ നേടുമെന്നും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നോടിയായ പ്രവചനങ്ങൾ സാമ്പത്തിക വിപണികളെ ഉയർത്തി. ഓഹരി വിപണിയുടെ ഉയർച്ചയും തകർച്ചയും ‘സ്റ്റോക്ക് മാർക്കറ്റ് കുംഭകോണം’ എന്നാണ് ഇന്ത്യ സഖ്യം വിശേഷിപ്പിച്ചത്.

ബിജെപിയും കോർപറേറ്റ് മാധ്യമങ്ങളും ചേർന്ന് വളർത്തിയെടുത്ത നരേന്ദ്ര മോഡിയുടെ ഇല്ലാത്ത പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു ജനവിധി. ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായെങ്കിൽ അതിന് കാരണം മോഡി മാത്രമാണ്. ബിജെപി ഒരു പാർട്ടിയെന്ന നിലയിൽ അപ്രസക്തമായതോടെ മോഡിയിൽ കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലും ‘മോഡി കി ഗ്യാരന്റി’ എന്നാണ് ഘോഷിച്ചിരുന്നത്. മോഡിയെ ചുറ്റിപ്പറ്റി കെട്ടിപ്പടുത്ത അജയ്യതയുടെ പ്രഭാവലയത്തെ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചു. രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് കുംഭകോണത്തിനും വഴിയൊരുക്കി. ഇത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന അഞ്ച് കോടി കുടുംബങ്ങൾക്ക് മോഡിയും ഷായും പ്രത്യേക നിക്ഷേപ ഉപദേശം നൽകിയത് എന്തുകൊണ്ടാണ്? ജനങ്ങൾക്ക് നിക്ഷേപ ഉപദേശം നൽകുകയാണോ ഇവരുടെ ജോലി? ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചതിന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അന്വേഷണത്തിന് വിധേയമായ അഡാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എൻഡിടിവി ചാനലിന് മോഡിയും ഷായും അഭിമുഖം നൽകിയത് എന്തുകൊണ്ടാണ്? എക്സിറ്റ് പോളുകൾ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് നിക്ഷേപം നടത്തി രാജ്യത്തെ കോടിക്കണക്കിന് നിക്ഷേപകരെ മുടിപ്പിച്ച് അതിവേഗം വൻ ലാഭമുണ്ടാക്കിയ ബിജെപിയും വ്യാജ എക്സിറ്റ് പോളുകാരും വിദേശ നിക്ഷേപകരും തമ്മിൽ എന്താണ് ബന്ധം?
ഇന്ത്യൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഐബി അന്വേഷണ പരിധികളിൽ ഉള്ളവരും ഓഹരികൾ വാങ്ങാൻ ചില്ലറ നിക്ഷേപകരെ പരസ്യമായി ഉപദേശിച്ചവരാണ്. ഒരു വർഷം മുമ്പ് അഡാനി ഉൾപ്പെട്ട ഓഹരി വിപണിയിലെ വഞ്ചനയുടെയും കൃത്രിമത്വത്തിന്റെയും കേസുകളില്‍ മോ‍ഡി പരിക്കേൽക്കാതെ തുടരുകയായിരുന്നു. എന്നാൽ ഇത്തവണ സർക്കാരിനെ വെറുതെ വിടാതിരിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവും പുതിയ സ്റ്റോക്ക് മാർക്കറ്റ് കുംഭകോണം സമൂഹത്തിലെ വ്യാപകമായ ഒരു വിഭാഗത്തെ ദരിദ്രരാക്കിയിരിക്കുന്നു, ഇതിൽ ഗൗരവമായ അന്വേഷണം ആവശ്യമാണ്. നരേന്ദ്ര മോഡി അമിത് ഷാ, എക്സിറ്റ് പോളുകാര്‍, കോർപറേറ്റുകള്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താനും ഒന്നും മറച്ചുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനും പാർലമെന്റ് സന്നദ്ധമാകണം.

TOP NEWS

July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.