വനിതകള്‍ക്ക് സൈന്യത്തില്‍ തുല്യത ഉറപ്പുനൽകുന്ന നിര്‍ണായക വിധി

Web Desk
Posted on February 18, 2020, 5:00 am

വനിതാ ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ സ്ഥിരം ചുമതല നൽകുന്നതിന് മൂന്നുമാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ് രാജ്യത്ത് എല്ലാതലങ്ങളിലും നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വനിതാ ഓഫീസര്‍മാരെ കമാന്റ് തസ്തികകളില്‍ നിയോഗിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിക്കൂടാ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അസന്ദിഗ്ധമായി വ്യക്തമാക്കി. വനിതകളെ കമാന്റ് തസ്തികകളില്‍ നിയമിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരും സൈന്യത്തിലെ പുരുഷാധിപത്യ ശക്തികളും ഉന്നയിച്ചുപോന്നിരുന്ന തടസവാദങ്ങള്‍ അപ്പാടെ നിരാകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവ്. ഇന്ത്യന്‍ സേനയിലെ അംഗങ്ങളില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും വരുന്ന പുരുഷന്മാരാണെന്നും അവര്‍ക്ക് വനിതാ കമാന്റിംഗ് ഓഫീസര്‍മാര്‍ നല്കുന്ന ഉത്തരവുകള്‍ അംഗീകരിക്കാനാവില്ലെന്നുമുള്ള വാദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. ഇന്ത്യന്‍ സേനയില്‍ ഭൂരിപക്ഷം പേരും ലിംഗവിവേചനവും സങ്കുചിത മനോഭാവവും പുരുഷാധിപത്യ പ്രവണതയും വച്ചുപുലര്‍ത്തുന്നവരാണെന്നാണ് സര്‍ക്കാരും സംയുക്ത പ്രതിരോധ സേന മേധാവി വിപിന്‍ റാവത്തുമടക്കമുള്ളവര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. അത് ഗ്രാമീണ ഇന്ത്യക്കാരെ സംബന്ധിച്ച അബദ്ധ ജടിലമായ സമീപനത്തെയും അധികാര കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ കാപട്യത്തേയുമാണ് തുറന്നുകാട്ടുന്നത്. കോളനിവാഴ്ചയ്ക്ക് അറുതിവന്നിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും സ്ത്രീകള്‍ക്ക് തുല്യ അവസരം നല്കാന്‍ വിസമ്മതിക്കുന്ന മനോഭാവത്തിനാണ് മാറ്റംവരേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവ് അടിവരയിടുന്നു. കേന്ദ്രം ഉന്നയിക്കുന്ന മനഃശാസ്ത്ര പരിമിതിവാദം അടിസ്ഥാനരഹിതമാണെന്നും അ­ത്തരം സമീപനം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ വനിതാ സൈ­നിക ഓഫീസര്‍മാര്‍ ഐ­ക്യരാഷ്ട്ര സഭാ സമാധാന സേനയിലടക്കം തങ്ങളുടെ ധീരത പ്രകടിപ്പിക്കുകയും സേനാ മെഡലുകളും‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതികളും കരസ്ഥമാക്കിയവരാണെന്നും സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പ്രാപ്തരും തുല്യരുമായി കാണാൻ വിസമ്മതിക്കുന്ന പുരുഷാധിപത്യ സമൂഹത്തോടുള്ള രൂ­ക്ഷ വിമര്‍ശനവും വിയോജിപ്പുമാണ് സുപ്രീം കോടതി ഉത്തരവ് രേഖപ്പെടുത്തിയത്. 2011 ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വനിത ഓഫീസര്‍മാര്‍ക്ക് കമാന്റ് പദവിയില്‍ സ്ഥിരനിയമനം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും അത് നടപ്പാക്കാന്‍ വിസമ്മതിച്ച സര്‍ക്കാരിനെ സുപ്രീം കോടതി ഉത്തരവ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് സൈന്യത്തില്‍ തുല്യപദവി നല്കുന്നതില്‍ തികഞ്ഞ ഇരട്ടത്താപ്പും കാപട്യവുമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരേഡില്‍ അരങ്ങേറിയത്. റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രമുള്ള സൈനികവിഭാഗത്തെ നയിച്ചത് ക്യാപ്റ്റന്‍ താനിയ ഷെര്‍ഗില്‍ ആയിരുന്നു. അതിനെ ‘നാരിശക്തി‘യുടെ പ്രകടനമായാണ് സര്‍ക്കാരും സൈനിക മേധാവികളും ഒരുപോലെ പ്രകീര്‍ത്തിച്ചത്. എന്നാല്‍ വനിതകള്‍ക്ക് തുല്യതയും അധികാരവും നല്കേണ്ടി വരുമ്പോള്‍ അവരുടെ സ്ത്രീ എന്ന നിലയിലുള്ള പരിമിതികളെപ്പറ്റിയാണ് ചര്‍ച്ച തിരിച്ചുവിടുന്നത്. അതായത്, സ്ത്രീകളുടെ കഴിവുകളെ നിരാകരിക്കുകയും അവരെ അലങ്കാര വസ്തുക്കളായിമാത്രം കാണുകയും ചെയ്യുന്ന പുരുഷാധിപത്യ പ്രവണതയാണ് കേന്ദ്ര സര്‍ക്കാര്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം ചുമതലകള്‍ നല്കുന്നതിനെതിരെ കോടതിയില്‍ ഉന്നയിച്ച വാദഗതികള്‍ അനാവരണം ചെയ്യുന്നത്. അത് സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ വൈമുഖ്യമാണ് തുറന്നു കാട്ടുന്നത്.

ഇന്ന് ലോകത്തെ പല പ്രമുഖ സൈന്യങ്ങളിലും സ്ത്രീകള്‍ യുദ്ധമുന്നണിയിലടക്കം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. യുഎസിന്റെയും യുകെയുടെയും സേനകളില്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നവരും ടാങ്ക് സേനകളെ നയിക്കുന്നവരുമായ സ്ത്രീകളുടെ നീണ്ടനിരതന്നെയുണ്ട്. ഇന്ത്യയുടെ കോളനിവിരുദ്ധ സമരത്തില്‍ സായുധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത് ചരിത്രത്തില്‍ സ്ഥാനംപിടിച്ച വനിതകള്‍തന്നെ പുരുഷാധിപത്യ യുക്തി അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു. ഝാന്‍സി റാണിയും ക്യാപ്റ്റന്‍ ലക്ഷ്മിയുമെല്ലാം സ്ത്രീകളുടെ സാഹസികതയുടെയും ധീരതയുടെയും പ്രതീകങ്ങളായി ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് സ്ത്രീകള്‍ക്കെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ നിര്‍ണായക ചുവടുവയ്പായി മാറുമെന്ന പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.

Eng­lish Sum­ma­ry: armed forces should con­sid­er grant­i­ng per­ma­nent com­mis­sion to women offi­cers in armed forces