June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

അധാര്‍മ്മിക ഔഷധ വിപണന തന്ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുക

By Janayugom Webdesk
January 21, 2020

രാജ്യത്ത് വ്യാജ ഔഷധങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കിനെപ്പറ്റി ചോദ്യങ്ങളും സംശയങ്ങളും വീണ്ടും ഉയരുന്നു. രാജ്യത്തെ പ്രമുഖ ഔഷധ നിര്‍മ്മാതാക്കളുമായി ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഔഷധ നിര്‍മ്മാതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി താക്കീത് നല്‍കിയതായി അതില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔഷധ നിര്‍മ്മാതാക്കളുടെ സംഘടനകള്‍ അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് പ്രസ്താവന പുറത്തിറക്കി.

പ്രധാനമന്ത്രിയുടെ ഓഫീസാകട്ടെ അതേപ്പറ്റി നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. തങ്ങളുടെ ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഔഷധ നിര്‍മ്മാതാക്കള്‍ ഡോക്ടര്‍മാര്‍ക്ക് സൗജന്യങ്ങളും പാരിതോഷികങ്ങളും നല്‍കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. തങ്ങള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കി നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് വിലപിടിച്ച പാരിതോഷികങ്ങള്‍, കുടുംബാംഗങ്ങള്‍ അടക്കം വിദേശയാത്ര തുടങ്ങി സ്ത്രീകളെവരെ സമ്മാനിക്കുന്നുവെന്ന പരാതി വ്യാപകമാണ്. അത്തരം അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ക്ക് എതിരെ 2014 ല്‍ ഒരു ഏകീകൃ‍ത മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുകയുണ്ടായി. എന്നാല്‍ അത് നിയമപരമായ ബാധ്യതയാക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.

ഗുണമേന്മയില്ലാത്ത ഔഷധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വിപണന തന്ത്രങ്ങള്‍ക്ക് ജനങ്ങള്‍ ഇരകളായി മാറുന്ന ഇന്നത്തെ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം കൂടിയേ തീരൂ. ഗുണമേന്മ ഇല്ലാത്തതും പലപ്പോഴും അപകടകാരികളുമായ ഔഷധങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നത് സത്വര നിയമനടപടികള്‍ അനിവാര്യമാക്കുന്നു. ഭീമമായ ലാഭത്തിനുവേണ്ടി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന അധാര്‍മ്മിക പ്രവൃ‍‍ത്തികളെപ്പറ്റി മഹാഭൂരിപക്ഷം ഉപഭോക്താക്കളും അജ്ഞരാണ്. ഡോക്ടര്‍മാരിലുള്ള സമ്പൂര്‍ണ വിശ്വാസമാണ് അപകടകരമായ ഈ ചൂഷണത്തിന് ആധാരം. ലോക ഔഷധ വിപണിയില്‍ വിറ്റഴിയുന്ന വ്യാജ ഔഷധങ്ങളുടെ 35 ശതമാനവും ഇന്ത്യയിലാണ് ഉല്പാദിപ്പിക്കപ്പെടുന്നതെന്ന് ലോക ആരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. അത് നാലായിരം കോടി രൂപയുടെ വമ്പന്‍ വിപണിയാണെന്നാണ് ക­ണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ ഔഷധ കമ്പനികള്‍ ഗവേഷണത്തിനും വികസനത്തിനും ചെലവിടുന്നതിനേക്കാള്‍ അധികം പണം വിപണനതന്ത്രങ്ങള്‍ക്കായി ചെലവിടുന്നതായാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.

ഔഷധങ്ങള്‍ സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍, പാര്‍ശ്വഫലങ്ങളെപ്പറ്റിയും അപകടസാധ്യതകളെപ്പറ്റിയുമുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കല്‍, ഡോക്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍, ആരോഗ്യ പരിപാലനത്തിലുപരി രോഗങ്ങള്‍ സംബന്ധിച്ച പ്രചരണം എന്നിങ്ങനെ വിവിധ രീതിയിലുള്ള വിപണന തന്ത്രങ്ങളാണ് ഔഷധ നിര്‍മ്മാതാക്കള്‍‍ അവലംബിക്കുന്നത്. തെറ്റായ ഔഷധങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് തടയാനോ നിയന്ത്രിക്കാനോ പര്യാപ്തമായ നിയമങ്ങള്‍ രാജ്യത്ത് നിലവിലില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യം. ഗുണമേന്മയില്ലാത്ത ഔഷധങ്ങളും അവയ്ക്ക് ലഭിക്കുന്ന പ്രോത്സാഹനവുമാണ് ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികളില്‍ പ്രധാനം. ദേശീയ തലത്തില്‍ തന്നെ ഈ അവസ്ഥക്കെതിരെ നിയമനിര്‍മ്മാണം കൂടിയേ തീരൂ എന്നാണ് ചികിത്സാരംഗത്ത് ധാര്‍മ്മിക സമീപനം ഉയര്‍ത്തിപ്പിടിക്കുന്ന ഡോക്ടര്‍മാരും അവരുടെ സംഘടനകളും ആവശ്യപ്പെടുന്നത്.

ഔഷധ കമ്പനികളുടെ ബ്രാന്റ് പേരുകള്‍ക്കു പകരം രാസവസ്തുക്കളുടെ പേര് ഉപയോഗിക്കണമെന്ന ധാര്‍മ്മിക നിലപാട് മഹാഭൂരിപക്ഷം ഡോക്ടര്‍മാരും പിന്തുടരുന്നില്ലെന്നത് അവര്‍ക്ക് ഔഷധ കമ്പനികളോടും അവര്‍ നല്‍കുന്ന പാരിതോഷികങ്ങളോടുമുള്ള വിധേയത്വമാണ് തുറന്നു കാട്ടുന്നത്. ഔഷധ കമ്പനികളോട് ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ഈ വിധേയത്വം. ഔഷധ കമ്പനികളെയും അവരുടെ അധാര്‍മ്മിക വിപണന തന്ത്രത്തേയും നിയന്ത്രിക്കേണ്ട അധികാര കേന്ദ്രങ്ങളും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സംശയം ശക്തമാണ്. തന്റെ കൂടിക്കാഴ്ചയ്ക്കുശേഷം ഔഷധ കമ്പനികള്‍ നടത്തിയ പ്രസ്താവന തിരുത്താനോ ചോദ്യം ചെയ്യാനോ പ്രധാനമന്ത്രിയുടെ ഓഫീസ് സന്നദ്ധമായില്ലെന്നത് അത്തരം സന്ദേശമാണ് നല്‍കുന്നത്. നരേന്ദ്ര മോഡിക്കും ബിജെപിക്കും ഔഷധ നിര്‍മ്മാണ കുത്തകകളുമായുള്ള ബന്ധം അത്തരത്തിലുള്ളതാണെന്ന ആരോപണം അവഗണിക്കാവുന്നതല്ല. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങിന് ചെലവഴിച്ച പതിനഞ്ചു ലക്ഷം ഡോളറില്‍ സിംഹഭാഗവും ഇന്ത്യന്‍ ബഹുരാഷ്ട്ര ഔഷധ കമ്പനിയായ സണ്‍ഫാര്‍മയാണ് വഹിച്ചതെന്ന വസ്തുത അത്തരം ആശങ്കകളെ സ്ഥിരീകരിക്കുന്നു.

Eng­lish sum­ma­ry: janayu­gom edi­to­r­i­al Beware of uneth­i­cal drug mar­ket­ing strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.