16 November 2025, Sunday

സംശയനിഴലില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ്

Janayugom Webdesk
November 5, 2025 5:00 am

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. രണ്ട് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 11നാണ് രണ്ടാംഘട്ടം. 243 നിയമസഭാ സീറ്റുകളിലെയും വോട്ടെണ്ണല്‍ നവംബര്‍ 14ന് നടക്കും. നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പെങ്കിലും ദേശീയമായി വലിയ പ്രാധാന്യമാണ് ബിഹാറിലെ വോട്ടെടുപ്പിനുള്ളത്. രാജ്യത്ത് വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം നടത്തിയ സംസ്ഥാനമെന്ന നിലയില്‍ ആ പ്രക്രിയയിലെ ക്രമക്കേട് തന്നെയാണ് പരമപ്രധാനം. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍കൃതരെയും വെട്ടിനിരത്തി, വോട്ടവകാശം നിഷേധിക്കുകയും അനധികൃതമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷമൊന്നടങ്കം ചൂണ്ടിക്കാട്ടുകയും ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തള്ളിക്കളയാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുള്ളതാണ്. ‘പട്ടിക പരിഷ്‌കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെ‘ന്ന സാങ്കേതികതയില്‍ തൂങ്ങി പുതുക്കിയ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുകയാണ് കമ്മിഷന്‍. തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളോടും ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാര്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം ആത്മാര്‍ത്ഥമാണെന്ന് അനുഭവിച്ചറിയണം. ഒക്ടോബര്‍ 30ന് മൊകാമ നിയോജകമണ്ഡലത്തിലെ ജന്‍ സൂരജ് പാര്‍ട്ടി റാലിയിലുണ്ടായ വെടിവയ്പില്‍ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിഇസിയുടെ പ്രഖ്യാപനം. എന്നാല്‍ സുരക്ഷയുടെയും സുതാര്യതയുടെയും പേരില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിവയ്ക്കുന്ന നടപടികളല്ലേ കമ്മിഷനില്‍ നിന്ന് ഉണ്ടാകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടു ഘട്ട തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് എന്നത് സംശയം വര്‍ധിപ്പിക്കുന്നു. 243 മണ്ഡലങ്ങളിലും ഇത്തരത്തില്‍ ഐ­എഎസ് ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് മാത്രം 14 പേരുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കുറവാണുതാനും. ബിഹാറിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥരില്‍ 68% ബിജെപി ഭരണത്തിന്‍ കീഴിലുള്ളവരാണ്. 68% മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ബിജെപി സംസ്ഥാനങ്ങളില്‍ നിന്നാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത് എന്നത് ദുരൂഹമാണ്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ യുപി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ ബൂത്തില്‍ എത്താന്‍ പോലും അനുവദിക്കാതെ തിരിച്ചയച്ച ചരിത്രവും നമ്മുടെ മുമ്പിലുണ്ട്.

ഭരണകക്ഷിയായ എന്‍ഡിഎയുടെ താരപ്രചാരകനായ നരേന്ദ്ര മോഡിയാകട്ടെ പതിവുപോലെ വര്‍ഗീയ — വംശീയ പരാമര്‍ശങ്ങള്‍കൊണ്ട് എതിരാളികള്‍ക്കെതിരെ വികാരം ഇളക്കിവിടാനുള്ള ശ്രമത്തിലുമാണ്. സിഖ് കൂട്ടക്കൊല നടന്നത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന് ബിഹാറിലെ ഒരു റാലിയില്‍ മോഡി പറയുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്. ഛത് പൂജയെ ആര്‍ജെഡി അപമാനിച്ചുവെന്നും മോഡി കുറ്റപ്പെടുത്തി. എസ്‌ഐആറിനെതിരായ പ്രതിപക്ഷ യാത്ര നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയാണെന്നും ബിഹാറിലേക്ക് നുഴഞ്ഞുകയറിയവരെ ഇവിടുത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് മോഡി പറഞ്ഞു. മഹാകുംഭമേളയെ അടക്കം പരിഹസിച്ചവരാണ് ആര്‍ജെഡിക്കാരെന്നും ഇത് നിങ്ങള്‍ ക്ഷമിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ബീഡിയുമായി താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ബിഹാറിനെ അപമാനിച്ചെന്നാണ് മറ്റൊരു ആരോപണം. അതേസമയം ‘വോട്ടിനുവേണ്ടി പ്രധാനമന്ത്രി എന്തും ചെയ്യും. അദ്ദേഹത്തോട് യോഗ ചെയ്യാന്‍ പറയൂ, അദ്ദേഹം കുറച്ച് ആസനങ്ങള്‍ ചെയ്യും. പക്ഷേ, തെരഞ്ഞെടുപ്പിനുശേഷം, പാട്ടും നൃത്തവുമെല്ലാം അഡാനിയും അംബാനിയും ചെയ്യും. ഇതെല്ലാം വെറും നാടകം മാത്രമാണ്’ എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ് താഴ്ത്തിയെന്നുമാണ് ബിജെപിയുടെ ആരോപണം. ചോദ്യങ്ങള്‍ ചോദിക്കുമ്പോഴെല്ലാം രാജ്യത്തെ അപമാനിച്ചു എന്ന് പറയുന്ന മോഡി ചെയ്യേണ്ടത് അപമാന മന്ത്രാലയം രൂപീകരിക്കുകയാണ് എന്ന് പ്രിയങ്ക ഗാന്ധി അതിന് മറുപടി നല്‍കി. അധികാരത്തിലെത്തിയാല്‍ സീതാക്ഷേത്രം സാക്ഷാത്കരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാര്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളതും അവികസിതവുമായ ഒരു സംസ്ഥാനത്തിന് കേന്ദ്ര ഭരണകൂടം ഒരു മതവിഭാഗത്തിന്റെ ആരാധനാലയം വാഗ്ദാനം ചെയ്യുമ്പോള്‍ അവരുടെ ലക്ഷ്യം എന്താണ് എന്നതിന് വേറെ തെളിവ് വേണ്ടതില്ലല്ലോ. അത് നേടിയെടുക്കാന്‍ അവര്‍ ഏത് കുതന്ത്രവും പ്രയോഗിക്കും എന്നതുകൊണ്ട് ബിഹാറിലെ തെരഞ്ഞെടുപ്പ് സുതാര്യമാകുമോ എന്ന് കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.