20 July 2025, Sunday
KSFE Galaxy Chits Banner 2

ചൂട്ടുവെളിച്ചത്തിലെ പ്രസവങ്ങൾ

Janayugom Webdesk
June 4, 2025 5:00 am

ടുത്ത ദിവസങ്ങളിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വാർത്തകൾക്ക് സമാനതകളുണ്ട്. മഹാരാഷ്ട്രയിൽ ആംബുലൻസ് ലഭിക്കാതിരുന്നതിനാൽ ആശുപത്രിയിലെത്താൻ സാധിക്കാതെ പോയ യുവതിക്ക് റോഡരികിൽ പ്രസവിക്കേണ്ടിവന്നു, യുപിയിൽ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ നാല് സ്ത്രീകൾക്ക് മൊബൈൽ വെളിച്ചത്തിൽ കുട്ടികൾക്ക് ജന്മം നൽകേണ്ടിവന്നു, ആംബുലൻസ് വൈകുകയും ആശുപത്രിയില്‍ യഥാസമയം എത്താതിരിക്കുകയും ചെയ്തതിനാൽ പീഡനത്തിനിരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചു എന്നിവയാണ് വാർത്തകൾ. ആരോഗ്യ പരിപാലനരംഗത്ത് ഉത്തരേന്ത്യ എത്രത്തോളം പിന്നിലാണെന്നതിന്റെ തെളിവാണ് മൂന്ന് സംസ്ഥാനങ്ങളിലെയും സമാന അനുഭവങ്ങൾ. സർക്കാർ ആരോഗ്യ കേന്ദ്രത്തിലാണ് യുപിയിലെ നാല് സ്ത്രീകൾക്ക് മൊബൈൽ വെളിച്ചത്തിൽ പ്രസവിക്കേണ്ടി വന്നത്. ബെറൂവർബാരി ആശുപത്രിയിൽ നീതു ദേവി (രാജ്പൂർ സ്വദേശിനി), മഞ്ജു ദേവി (അച്ചൗഹി), പിങ്കി ദേവി (ആദർ), റസിയ ഖാത്തൂൻ (അപയാൽ) എന്നിവര്‍ക്കാണ് ശോചനീയാവസ്ഥ നേരിട്ടത്. വൈദ്യുതി നിലച്ചാൽ പ്രവർത്തിപ്പിക്കുന്നതിന് ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് കേടായിക്കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുന്നതിന് ആഴ്ചകളേറെ കഴിഞ്ഞിട്ടും നടപടികളുണ്ടായില്ല. അതുകൊണ്ടാണ് പ്രസവത്തിന് മൊബൈൽ വെളിച്ചത്തെ ആശ്രയിക്കേണ്ടി വന്നത്. പോയകാലത്ത് മനുഷ്യൻ രാത്രിയാത്ര ചെയ്യുമ്പോഴും മറ്റും വെളിച്ചത്തിന് ഉപയോഗിക്കാറുണ്ടായിരുന്നത് ഓലച്ചൂട്ടായിരുന്നു. അതിന് പകരം ഇപ്പോൾ മൊബൈൽ വെളിച്ചമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ആ നാലുസ്ത്രീകളും ചൂട്ടുവെളിച്ചത്തിൽ പ്രസവിക്കേണ്ടി വന്നുവെന്ന് ആലങ്കാരികമായി പറയാവുന്നതാണ്. ദേശീയ നാണക്കേടാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിട്ടുണ്ട്. 

ബിഹാറിൽ ക്രൂര ബലത്സംഗത്തിനിടെ ഗുരുതര പരിക്കേറ്റ ദളിത് ബാലികയാണ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്. രോഹിത് കുമാർ സാഹ്നി എന്നയാൾ ബലാത്സംഗം ചെയ്ത് പരിക്കേല്പിച്ച പെൺകുട്ടിയെ ആദ്യം മുസഫർപൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളജിലെത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ യഥാസമയം പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയില്ല. കിടത്താൻ സൗകര്യമില്ലെന്നുപറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ആംബുലൻസിലെത്തി പ്രാഥമിക ചികിത്സ ലഭ്യമാക്കിയില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ഗുരുതര പരിക്കേറ്റ 11കാരിയെ ആംബുലൻസിൽ കിടത്തി ബന്ധുക്കൾ അഞ്ചുമണിക്കൂറിലധികമാണ് കാരുണ്യത്തിന് വേണ്ടി അലഞ്ഞത്. അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതിനിടയിൽ സ്ഥിതി വഷളാവുകയും മണിക്കൂറുകൾക്കുള്ളില്‍ മരിക്കുകയുമായിരുന്നു. മഹാരാഷ്ട്രയിൽ ജൽഗാവ് ജില്ലയിലാണ് ആംബുലൻസ് ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയ സ്ത്രീക്ക് വഴിയരികിൽ പ്രസവിക്കേണ്ടിവന്നത്. ചോപ്ഡ താലൂക്കിലെ സ്ത്രീക്ക് പ്രസവവേദനയുണ്ടായപ്പോൾ ഭർത്താവ് പലതവണ സർക്കാർ, സ്വകാര്യ ആംബുലൻസിനായി വിളിച്ചുവെങ്കിലും ലഭ്യമായില്ല. പിന്നീട് ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് പുറപ്പെടുകയും വഴിയരികിൽ വച്ച് വേദന കൂടുകയും പരിസരവാസികളായ സ്ത്രീകളുടെ സഹായത്തോടെ പ്രസവിക്കേണ്ടിവരികയുമായിരുന്നു. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും പരിപാലിക്കുന്നതിനും ആശുപത്രിയില്‍ പ്രസവം ഉറപ്പാക്കുന്നതിനും നിരവധി പദ്ധതികളുണ്ടെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്താണ് സ്ത്രീക്ക് ഈ ദുരവസ്ഥയുണ്ടായത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് ആരോഗ്യ പരിപാലനത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളുടെ പട്ടിക നിർണയിച്ചിരുന്നു. അതിൽ പല മാനദണ്ഡങ്ങളിലും പിന്നിൽ നിൽക്കേണ്ടിവന്നത് ഇത്തരം സംസ്ഥാനങ്ങളായിരുന്നു.

ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ മാതൃമരണങ്ങളിൽ 60 ശതമാനത്തിലധികവും, ശിശുമരണങ്ങളിൽ 70 ശതമാനവും, ആഗോള മാതൃമരണങ്ങളിൽ 12 ശതമാനവും നടക്കുന്നതെന്ന കണക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ പരിശോധനാ റിപ്പോർട്ടിൽ ബിഹാറിലെ ക്രമക്കേടുകളെയും തുക ചെലവഴിക്കാതിരുന്നതിനെയും വിമർശിക്കുകയും ചെയ്തിരുന്നു. 2016–17 മുതൽ 2021–22 വരെയുള്ള സാമ്പത്തിക വർഷത്തിൽ 69,790.83 കോടി രൂപ ബജറ്റ് വകയിരുത്തലിൽ ചെലവഴിച്ചത് 48,047.79 കോടി (69 ശതമാനം) മാത്രമായിരുന്നുവെന്നും 21,743.04 കോടി (31 ശതമാനം) പാഴാക്കിയെന്നുമായിരുന്നു റിപ്പോർട്ടിന്റെ കാതൽ. മൂന്ന് സംസ്ഥാനങ്ങളിലും അടുത്തിടെയുണ്ടായ ഈ മൂന്ന് സംഭവങ്ങൾ മാത്രമല്ല അവകാശവാദങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്നത്. നിരവധി ഉദാഹരണങ്ങൾ നേരത്തെയും പുറത്തുവരികയുണ്ടായി. മതവും ജാതിയും വെറുപ്പും വിദ്വേഷവും മാത്രം അജണ്ടയായിരിക്കുന്ന രാഷ്ട്രീയപാർട്ടിയും മുന്നണിയും ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണിവ. അധികാരത്തിലെത്തുവാനുള്ള മത, സാമുദായിക ധ്രുവീകരണ നടപടികളല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വികസനപദ്ധതികൾ നടപ്പിലാക്കുന്നതിലും ഭരണാധികാരികൾ പരാജയമാണെന്ന വസ്തുതയാണ് ഈ സംഭവങ്ങളിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നത്. 

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.