13 February 2026, Friday

Related news

February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026

വിവരാവകാശ നിയമത്തിന് ബിജെപി സർക്കാരിന്റെ വധശിക്ഷ

Janayugom Webdesk
February 3, 2026 5:00 am

രാജ്യത്തുണ്ടായ വിപ്ലവകരമായ നിയമനിർമ്മാണങ്ങളിൽപ്പെട്ടതായിരുന്നു മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് (എംഎൻആർഇജിഎ), വിവരാവകാശ നിയമങ്ങൾ. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രസ്തുത സർക്കാരിനെ പിന്തുണച്ച ഇടതുപാർട്ടികളുടെ ശക്തമായ സമർദ ഫലം കൂടിയായിരുന്നു പ്രസ്തുത നിയമങ്ങൾ. ഗ്രാമീണ കുടുംബങ്ങളിലുള്ളവർക്ക് പ്രതിവർഷം 100 തൊഴിൽ ദിനങ്ങൾ ഉറപ്പ് നൽകുകയും അതുവഴി കുടുംബത്തിന് താങ്ങാകുകയും ചെയ്തതായിരുന്നു എംഎൻആർഇജിഎ. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കിയ പ്രസ്തുത നിയമത്തെ പുതിയ പേര് ചാർത്തി ബിജെപി സർക്കാർ സ്വാഭാവിക വധശിക്ഷ നടപ്പിലാക്കി. പേരുമാറ്റം മാത്രമെന്നാണ് വിശദീകരണമെങ്കിലും തകർക്കപ്പെട്ടുവെന്നതിന്റെ സൂചനകൾ തന്നെയാണ് കേന്ദ്ര ബജറ്റിലുമുള്ളത്. വിഹിതത്തിൽ വർധന വരുത്തിയെന്നാണ് വ്യാഖ്യാനമെങ്കിലും മുൻവർഷങ്ങളിലെ കുടിശിക, അധിക തൊഴിലെന്ന വാഗ്ദാനം എന്നിവ നിർവഹിക്കണമെങ്കിൽ ഇനിയും തുക കണ്ടെത്തണമെന്നതാണ് സ്ഥിതി. ഇതിനുപിന്നാലെയാണ് വിവരാവകാശ നിയമത്തിനും കേന്ദ്രസർക്കാർ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഔദ്യോഗിക രഹസ്യം സൂക്ഷിക്കൽ എന്നിങ്ങനെയുള്ള നിയമങ്ങൾ വഴി സംരക്ഷണം നൽകി സർക്കാർ സേവനങ്ങൾ പൗരന്മാരിൽ നിന്ന് അകറ്റിനിർത്തിയ ഒരു കാലമുണ്ടായിരുന്നു. ജനങ്ങൾക്ക് ലഭ്യമാകേണ്ട അവകാശങ്ങൾ പോലും പ്രസ്തുത നിയമങ്ങളുടെ മറവിൽ നിഷേധിക്കപ്പെട്ടിരുന്നു. പൊതിഞ്ഞുകെട്ടപ്പെട്ട സർക്കാർ സംവിധാനങ്ങളിൽ അഴിമതി കൊടികുത്തിവാഴുന്നതിനും ഇടയാക്കി. അർഹതപ്പെട്ട ആനുകൂല്യങ്ങളെന്ന അവസ്ഥ ഇല്ലാതായി. യഥാസമയം ലഭ്യമാകാതെ കാലതാമസം നേരിടേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇതിലെല്ലാം ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാക്കുന്നതിന് ഇടയാക്കിയതായിരുന്നു 2005ലെ വിവരാവകാശ നിയമം. 

സർക്കാർ ഓഫിസുകളിൽ വ്യക്തികളോ സംഘടനകളോ നൽകുന്ന അപേക്ഷകളിൽ തുടർനടപടികൾ അജ്ഞാതമാകുന്ന അവസ്ഥ ഇല്ലാതായി. സർക്കാർ പദ്ധതികളുടെ നടത്തിപ്പ്, ഔദ്യോഗിക നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ചോദ്യം ഉന്നയിക്കാനും യഥാസമയം മറുപടി നേടാനും പൗരന്മാർക്കും സംഘടനകൾക്കും അവസരം ലഭിച്ചതോടെ സുതാര്യതയും വേഗതയും സംജാതമായി. ഒന്നും മറച്ചുവയ്ക്കാനാകില്ലെന്ന് വന്നതോടെ അനാവശ്യമായ കാലതാമസവും സാങ്കേതികത്വങ്ങള്‍ നിരത്തി പൗരന്മാരെ ദ്രോഹിക്കുന്ന സാഹചര്യങ്ങളും ഇല്ലാതായി. ഇതെല്ലാം വിവരാവകാശ നിയമത്തിന്റെ അനന്തര ഫലങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു. 2014ൽ അധികാരമേറ്റതുമുതൽ തന്നെ വിവരാവകാശ നിയമം ഉൾപ്പെടെ പൗരന്മാരുടെ അറിയാനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവകാശങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ചിരുന്നതാണ്. മതിയായ സൗകര്യങ്ങൾ നൽകാതെയും ദേശീയ കമ്മിഷണർമാരുടെ ഒഴിവുകൾ നികത്താതെയും പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്ന സാഹചര്യങ്ങളുണ്ടായി. മാസങ്ങൾ മാത്രമല്ല വർഷങ്ങൾ തന്നെ ചീഫ് കമ്മിഷണർ ഉൾപ്പെടെ തസ്തികകൾ ഒഴിഞ്ഞുകിടന്നു. ഏറ്റവും ഒടുവിൽ ഡിസംബറിൽ പുതിയ നിയമനം നടത്തുമ്പോൾ ഒരു വർഷത്തിലധികമായി ഈ തസ്തികകൾ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന് പുറമേ ജീവനക്കാരെ നിയമിക്കുന്നതിലും കാലംവിളംബം സൃഷ്ടിച്ചു. ഇതിന്റെയെല്ലാം ഫലമായി 2025വരെയുള്ള കണക്കുകൾ പ്രകാരം 26,000ത്തിലധികം അപ്പീൽ അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണ്. നിയമനരീതികളിലും സേവന, വേതന വ്യവസ്ഥകളിലും സർക്കാർ മേൽക്കൈ സൃഷ്ടിച്ചുകൊണ്ട് വിവരാവകാശ കമ്മിഷനെ വിധേയന്മാരാക്കുന്നതിനുള്ള തീരുമാനവുമുണ്ടായി. 

ഇതിനെല്ലാം പിറകേയാണ് വിവരാവകാശ നിയമത്തിൽ കാതലായ മാറ്റം വരുത്തണമെന്ന നിർദേശം സാമ്പത്തിക അവലോകന റിപ്പോർട്ടിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. വ്യാപാര സൗഹൃദാന്തരീക്ഷത്തിന് വിഘാതമാകുന്ന വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നതിനാൽ വികസനത്തെയും വളർച്ചയെയും ദോഷകരമായി ബാധിക്കുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സുപ്രധാന വകുപ്പുകളും നടപടിക്രമങ്ങളും ഇപ്പോൾതന്നെ വിവരാവകാശ പട്ടികയുടെ പുറത്താണ്. എന്നിരിക്കെയാണ് രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകൾ, നയരൂപീകരണ നടപടിക്രമങ്ങൾ തുടങ്ങിയവ പുറത്തുപോകുന്നത് ഭരണനടപടികളെ തടസപ്പെടുത്തുമെന്ന കാരണം നിരത്തി നിയമത്തിൽ കാതലായ മാറ്റം വേണമെന്ന നിർദേശം അവതരിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ സ്ഥലംമാറ്റം, സർവീസ് രേഖകൾ എന്നിവയും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നു. ഏറ്റവും ദോഷകരമായ നിർദേശം, വിവരങ്ങൾ തടഞ്ഞുവയ്ക്കുന്നതിന് സാധ്യമായ അധികാരം മന്ത്രാലയങ്ങൾക്ക് നൽകണമെന്നതാണ്. ഇത് തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗ സാധ്യതയേറെയുള്ളതാണെന്നതിൽ സംശയമില്ല. ഫലത്തിൽ വിവരാവകാശ നിയമം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തിക അവലോകന റിപ്പോർട്ടിലെ നിർദേശമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും വിവരാവകാശ നിയമം ഇല്ലാതാക്കുന്നതിന് നരേന്ദ്ര മോഡി സർക്കാർ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് എപ്പോൾ നടപ്പിലാകുമെന്ന് മാത്രമേ അറിയാനുള്ളൂ. 

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.