എല്ലാവരെയും ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത ദുരന്തമായിരുന്നു വ്യാഴാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനാപകടം. 12 ജീവനക്കാരടക്കം 242 യാത്രികരിൽ ഒരാളൊഴികെ എല്ലാവർക്കും ജീവഹാനിയുണ്ടായി. വിദേശ വിനോദസഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം തകർന്നിടത്തെ കെട്ടിങ്ങളിലുണ്ടായിരുന്ന ചിലർക്കും മരണം സംഭവിച്ചതിനാല്‍ ആകെ എണ്ണം 290ലധികമായി. പറന്നുയർന്ന് അല്പസമയത്തിനകം വിമാനം അപകടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. യന്ത്രത്തകരാറാണോ മറ്റെന്തെങ്കിലുമാണോ ഇത്രയും വലിയ അപകടത്തിന് കാരണമായതെന്നത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിന് മുമ്പുണ്ടായ വലിയ ദുരന്തങ്ങളിൽ ഒന്ന് 1996 നവംബർ 12ന് ഹരിയാനയിലെ ഭിവാനിയിൽ സൗദി അറേബ്യയുടെയും, കസാക്കിസ്ഥാന്റെയും യാത്രാവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചതാണ്. രണ്ട് വിമാനത്തിലുമായി 312 പേർ കൊല്ലപ്പെട്ടു. 2010 മേയ് 22ന് മംഗളൂരുവിൽ നടന്ന ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 166ൽ 158 പേർ മരിച്ചു. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വന്നതായതിനാൽ നിരവധി മലയാളികളും ദുരന്തത്തിനിരയായി. 2000 ജൂലൈ 17ന് അലയൻസ് എയർലൈൻസിന്റെ ബോയിങ് 737 വിമാനം ബിഹാറിലെ പട്ന വിമാനത്താവളത്തിൽ തകർന്നുവീണ് 51 യാത്രികരും ഗ്രൗണ്ടിലുണ്ടായിരുന്ന അഞ്ച് പേരുമടക്കം 56 ജീവനുകളാണ് പൊലിഞ്ഞത്. 2020ഓഗസ്റ്റ് ഏഴിന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ അടക്കം 17 പേരാണ് മരിച്ചത്. 1990 ഫെബ്രുവരി 14ന് ബോംബെയിൽ നിന്ന് ബംഗളൂരിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ഇടിച്ചിറങ്ങി 92 പേർ മരിച്ചിരുന്നു. 146 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസത്തെ അപകടമുണ്ടായ അഹമ്മദാബാദിന് സമീപം 1988 ഒക്ടോബർ 19ന് ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 130 പേർ മരിച്ചു. 1978 ജനുവരി ഒന്നിന് എയർ ഇന്ത്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്ന് അല്പസമയത്തിനുള്ളിൽ അറബിക്കടലിൽ വീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 213 പേരും 1973 മേയ് 31ന് ബോയിങ് 737 വിമാനം ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഹൈ ടെൻഷൻ വയറുകളിൽ തട്ടി തകർന്ന് 65 യാത്രക്കാരിൽ 48 പേരും ജീവനക്കാരും മരിച്ചിരുന്നു.
ഇതിന് മുമ്പ് നടന്ന ദുരന്തങ്ങളുടെ കാരണം കണ്ടെത്തുകയും പരിഹാരമാർഗങ്ങൾ കൈക്കൊള്ളുകയും ചെയ്തോ എന്നുള്ളത് അജ്ഞാതമാണ്. അപകടം നടക്കുമ്പോൾ പ്രഖ്യാപിക്കപ്പെടുന്ന അന്വേഷണങ്ങളും നഷ്ടപരിഹാരത്തിനുള്ള വ്യവഹാരങ്ങളും അതുമായി ബന്ധപ്പെട്ടവരുടേതു മാത്രമായി പിന്നീട് മാറുകയാണ് പതിവ്. അഹമ്മദാബാദിലെ അപകടവും നിരവധി ആരോപണങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടകാരണമെന്ന് വിദഗ്ധർതന്നെ വെളിപ്പെടുത്തുന്നു. അപകടത്തിൽപ്പെട്ട ബോയിങ്ങിന്റെ ഏറ്റവും ആധുനികമായ 787–8 ഡ്രീംലൈനർ സംബന്ധിച്ച് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും അവഗണിക്കപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. ക്രമരഹിതമായും അശാസ്ത്രീയമായും വിമാനത്തിന്റെ ഘടകങ്ങൾ ബന്ധിപ്പിച്ചുവെന്നും 2020 മുതൽ ആശങ്കകൾ ഉന്നയിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നിർമ്മാണത്തിന് നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതായും അപകട സാധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ടാവുകയും ചെയ്തു. വിമാന ഘടകങ്ങളായുപയോഗിക്കുന്ന ലോഹങ്ങൾക്ക് നിലവാരക്കുറവെന്ന ആക്ഷേപവും ഉന്നയിക്കപ്പെടുകയുണ്ടായി. എന്നാൽ അതെല്ലാം അവഗണിക്കപ്പെട്ടുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. കൂടാതെ ഇത്തരത്തിൽ ആശങ്കകൾ ഉന്നയിച്ച ജോൺ ബാർണെറ്റ് എന്ന വ്യക്തി പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമുണ്ടായി. സ്വകാര്യവൽക്കരണം വരുത്തിവച്ച വിനയാണ് എല്ലാ മേഖലയിലുമെന്നതുപോലെ വ്യോമയാന രംഗത്തും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയോ അന്താരാഷ്ട്ര, ദേശീയ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള വിമാനക്കമ്പനികളുടെ സമീപനങ്ങൾ തുടർക്കഥയാകുന്നത് അതുകൊണ്ടാണ്. വലിയ ദുരന്തങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. അല്ലാതെയുള്ള ദുരിതങ്ങളും അനവധിയാണ്. അമിത നിരക്ക് ഈടാക്കൽ, മോശം സൗകര്യങ്ങൾ, അനിശ്ചിതമായി വൈകൽ എന്നിങ്ങനെ പ്രശ്നങ്ങൾ പലതാണ്. അവ പരിഹരിക്കുന്നതിനോ ആവർത്തിക്കാതിരിക്കുവാനോ മതിയായ സംവിധാനങ്ങളോ താല്പര്യമോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വലിയ അപകടങ്ങൾക്ക് കാരണമാകുന്ന വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനും ഉത്തരവാദികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും തയ്യാറാകുന്നുമില്ല. പലപ്പോഴും വിമാനക്കമ്പനികൾക്ക് അനുകൂലമായ സമീപനങ്ങളും ന്യായീകരണങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്തിനാണ്, വ്യോമയാന മന്ത്രാലയമെന്ന ചോദ്യം പോലും പ്രസക്തമാണ്. എയർപോർട്ട് അതോറിട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു. അതുകൊണ്ട് 250ഓളം പേരുടെ ജീവനപഹരിച്ച ഈ വിമാന ദുരന്തത്തിൽ നിന്നെങ്കിലും പാഠമുൾക്കൊണ്ട് യാത്രക്കാരുടെ സുരക്ഷയ്ക്കും ലാഭത്തിനപ്പുറം വിമാനക്കമ്പനികളെ സേവന തല്പരരാക്കുന്നതിനുമുള്ള അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.