Web Desk

February 27, 2020, 5:00 am

വിദ്യാര്‍ത്ഥികളുടെ സംഘടിക്കാനും പ്രതികരിക്കാനുമുള്ള അവകാശം

Janayugom Online

കാമ്പസുകളില്‍ പഠിപ്പുമുടക്ക്, പ്രകടനം, ഘെരാവോ എന്നിവ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതും പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്നതുമാണ്. അത് കേരളത്തിലും രാജ്യത്തും ലോകത്താകെയും വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതെയും വിദ്യാര്‍ത്ഥികളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതുമാണ്. കാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളും അനഭിലഷണീയ പ്രവണതകളും ആയിരിക്കാം അത്തരം ഒരു തീരുമാനത്തിലേക്ക് കോടതിയെ നയിച്ചിട്ടുണ്ടാവുക. അവയ്ക്ക് വിരാമമിടേണ്ടതാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവേണ്ടതില്ല. എന്നാല്‍ അതിന്റെ പേരില്‍ ഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഘടനാപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനാണ് കൂച്ചുവിലങ്ങ് വീഴുന്നത്. 2017 ല്‍ വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. വിദ്യാര്‍ത്ഥി സംഘടനകള്‍ അവരുടെ വിദ്യാഭ്യാസ അവകാശ പ്രശ്നങ്ങളിലും സാമൂഹ്യ‑രാഷ്ട്രീയ പ്രശ്നങ്ങളോടും പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപം കൊണ്ടിട്ടുള്ളത്. അത്തരം പ്രതികരണത്തിന്റെ രൂപം എന്തായിരിക്കണമെന്നത് അതാത് സവിശേഷ സാഹചര്യങ്ങളായിരിക്കും നിര്‍ണയിക്കുക. ജിഷ്ണു പ്രണോയ് കാമ്പസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തിനു സമാനമായ ഒന്ന് കേരളത്തില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ എപ്രകാരം പ്രതികരിക്കണമെന്ന് ആര്‍ക്കാണ് മുന്‍കൂട്ടി നിര്‍ണയിക്കാനാവുക? ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള മൂലംപള്ളി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിന്റെ പ്രശ്നം പരിശോധിക്കുക. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഗവണ്‍മെന്റിനെയും പൊതുസമൂഹത്തെയും കബളിപ്പിച്ച് നിലനില്‍ക്കുന്ന അത്തരം സ്ഥാപനങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ട പ്ര­തിഭാസമല്ല. അവിടെയും വിദ്യാര്‍ത്ഥികള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ണയിക്കാനാവുക?

വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം ജ­നാ­ധിപത്യ സമൂഹത്തില്‍ അവരുടെ മൗലിക അവകാശമാണ്. പ്രതികൂലമായ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ മറ്റ് ഫലപ്രഥമായ മാര്‍ഗങ്ങള്‍ കണ്ടെത്തുംവരെ പരമ്പരാഗത സമരമാര്‍ഗങ്ങള്‍ അവര്‍ അവലംബിക്കുക തികച്ചും സ്വാഭാവികം മാത്രം. അവ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവിതന്നെ അപകടത്തിലാക്കാന്‍ ഹൈക്കോടതി വിധി ദുരുപയോഗം ചെയ്യപ്പെട്ടുകൂട. ഇപ്പോഴത്തെ വിധി രണ്ട് സ്വകാര്യ സ്കൂളുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. അവരുടെ പരാതി ഒരുപക്ഷെ ന്യായമായിരിക്കാം. എന്നാല്‍ അനുമതിയോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളും കോളജുകളുമാണ് കേരളത്തിലുള്ളത്. അവയില്‍ ഏറിയ പങ്കിനും വിദ്യാഭ്യാസ സ്ഥാപനം എന്ന പേര് അലങ്കാരം മാത്രമാണ്. അവ യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം വില്പനചരക്കാക്കിയ കച്ചവട സ്ഥാപനങ്ങളാണ്. അമിത പ്രതീക്ഷകളോടെ അവയെ ആശ്രയിക്കുന്ന ആയിരക്കണക്കിനു കുട്ടികള്‍ക്ക് സംഘടിക്കാനും പ്രതികരിക്കാനുമുള്ള ന്യായമായ അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂട. സദുദ്ദേശത്തോടെ കോടതി പുറപ്പെടുവിച്ച ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാനാവുക? ന്യൂനപക്ഷ പദവി അടക്കം പലവിധ വിശേഷാധികാരങ്ങളുടെയും മറവിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത്. അത്തരം നിക്ഷിപ്ത താല്പര്യങ്ങളെ നിലയ്ക്കുനിര്‍ത്തണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനും പ്രതികരിക്കാനുമുള്ള അവകാശം കൂടിയേ തീരു.

വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും അവര്‍ പഠിക്കുന്ന വിദ്യാലയങ്ങളും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. അവയാണ് നാളത്തെ സമൂഹത്തിന്റെ കളിത്തൊട്ടില്‍. അത് നിലവിലുള്ള സമൂഹത്തില്‍ നിന്ന് വ്യത്യസ്തവും വെള്ളം കയറാത്ത അറകളുമായി നിലനില്‍ക്കുമെന്ന് കരുതാന്‍ വയ്യ. സമൂഹത്തിന്റെ എല്ലാ നന്മകളും പ്രകമ്പനങ്ങളും അവയിലും സമാനമായ പ്രതികരണം സൃഷ്ടിക്കുക സ്വാഭാവികമാണ്. നാളത്തെ സമൂഹ നിര്‍മ്മിതിയില്‍ അവയ്ക്ക് നിര്‍ണായകവും നേതൃത്വപരവുമായ പങ്കാണ് നിര്‍വഹിക്കാനുള്ളത്. ദേശാഭിമാന വിജ്രംഭിതരും രോഷാകുലരുമായ വിദ്യാര്‍ത്ഥി സമൂഹം ഇല്ലാത്ത ഒരു സ്വാതന്ത്ര്യ സമര ചരിത്രത്തെപ്പറ്റി ഏത് ഇന്ത്യക്കാരനാണ് വിഭാവനം ചെയ്യാനാവുക? വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും അനഭിലഷണീയ പ്രവണതകളും അപലപനീയമാണ്. അതിന് കടി‍ഞ്ഞാണിടുക മാത്രമല്ല അറുതിവരുത്തേണ്ടതുമുണ്ട്. എന്നാല്‍ ആ ലക്ഷ്യം കൈവരിക്കേണ്ടത് ‘ഇല്ലം ചുട്ടു‘കൊണ്ടല്ല. വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിയമവിധേയമാക്കുന്ന നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ ഗൗരവപൂര്‍വം സത്വരം ആലോചിക്കേണ്ട ഘട്ടമാണ് ഇത്.

Eng­lish Sum­ma­ry: Janayu­gom edi­to­r­i­al cam­pus strike