October 1, 2023 Sunday

സിബിഐ അന്വേഷണം ചോരക്കറ കഴുകിക്കളയാന്‍

Janayugom Webdesk
June 10, 2023 5:00 am

രാജ്യം കണ്ട ഏറ്റവും വലിയ റെയിൽ അപകടങ്ങളിലൊന്നായ ബാലാസോർ ട്രെയിൻ ദുരന്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ തമസ്കരിക്കാനും ദുരന്തത്തിന് ഉത്തരവാദിയായ റെയിൽ മന്ത്രാലയത്തെയും പ്രധാനമന്ത്രിയെത്തന്നെയും വെള്ളപൂശാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുവരുന്നത്. റെയിൽ അപകടങ്ങൾ അന്വേഷിക്കുന്നത് സംബന്ധിച്ച് ദീർഘകാലമായി നിലനില്‍ക്കുന്ന വ്യവസ്ഥാപിത നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് പ്രഖ്യാപിച്ച സിബിഐ അന്വേഷണം അതിന്റെ ഭാഗമാണെന്ന് റെയിൽവേ ജീവനക്കാരും അവരുടെ സംഘടനകളും ഈ രംഗത്തെ വിദഗ്ധരും കരുതുന്നു. തങ്ങളുടെ അഭിപ്രായം തുറന്നുപറയുന്നത് പ്രതികാരനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന ഭയമാണ് അവരുടെ നിശബ്ദതയ്ക്ക് കാരണം. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തി ക്യാമ്പുചെയ്ത റെയിൽവേമന്ത്രി റെയിൽവേക്കും ഭരണകൂടത്തിനും ഉണ്ടായ ഗുരുതരമായ വീഴ്ചകൾ മറച്ചുവയ്ക്കാനും ഭാവനാസൃഷ്ടമായ ‘കുറ്റവാളികളെ’ കണ്ടെത്താനുമുള്ള ശ്രമം തുടക്കത്തിലേ ആരംഭിച്ചിരുന്നു. നിയമാനുസൃതം റെയിൽ സുരക്ഷാ കമ്മിഷൻ (സിആര്‍എസ്) പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ഉത്തരവാദപ്പെട്ട മന്ത്രിതന്നെ നിഗമനങ്ങളിലെത്തുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയെന്നത് സദുദ്ദേശത്തോടെയല്ലെന്നത് തിരിച്ചറിയാൻ വൈദഗ്ധ്യം ഏറെ ആവശ്യമില്ല. അപകടസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും ഒരുപോലെ ‘കുറ്റവാളികൾക്കെതിരെ കർക്കശനടപടി’ ഉണ്ടാകുമെന്ന്, അപകടകാരണം എന്തെന്ന് നിർണയിക്കും മുമ്പുതന്നെ നടത്തിയ പ്രഖ്യാപനവും യാദൃച്ഛികമല്ല. അപകടം നടന്ന ബഹനാഗബസാർ സ്റ്റേഷനിൽ അപ്പോൾ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻമാസ്റ്റർ ന്യൂനപക്ഷ സമുദായാംഗം ആയിരുന്നുവെന്നും അപകടത്തെത്തുടർന്ന് അയാൾ അപ്രത്യക്ഷനായെന്നും മറ്റും ചിത്രം സഹിതം വ്യാജ സമൂഹമാധ്യമ പ്രചാരണം തല്പരകക്ഷികൾ ആരംഭിച്ചതും ‘കുറ്റവാളി’ ആഖ്യാനത്തിനു ബലം പകരുകയെന്ന ലക്ഷ്യത്തോടെയായിരിക്കണം.

 


ഇതുകൂടി വായിക്കു; ചരിത്രവും യാഥാര്‍ത്ഥ്യവും നിഷേധിക്കുന്ന ‘അഖണ്ഡഭാരതം’


 

സംസ്ഥാന നിയമസഭകളിലേക്കും അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പും ലക്ഷ്യംവച്ച് വന്ദേഭാരത് എക്സ്പ്രസുകളുടെ ഉദ്ഘാടന പരമ്പരയ്ക്കുതന്നെ തുടക്കുംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യൻ റെയിൽവേയുടെ മുഖമായി ഇതിനകം സ്വയംമാറിക്കഴിഞ്ഞിരുന്നു. അവശ്യംവേണ്ട ട്രാക്ക് നവീകരണമോ സിഗ്നലിങ് സംവിധാനത്തിൽ അനിവാര്യമായ പരിഷ്കാരങ്ങളോ നടത്താതെയും ഒഴിവുകൾ നികത്തിയും തസ്തികകൾ സൃഷ്ടിച്ചും ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കാതെയുമാണ് നിലവിലുള്ള ട്രെയിനുകളുടെ വേഗത വർധിപ്പിക്കുകയും വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുകയും ചെയ്തുപോന്നത്. സിഎജി അടക്കം ഭരണഘടനാസ്ഥാപനങ്ങളും ഏജൻസികളും നൽകിയ മുന്നറിയിപ്പുകളും ബന്ധപ്പെട്ട പാർലമെന്റ് സ്ഥിരംസമിതികളും പ്രതിപക്ഷപാർട്ടികളും ഉന്നയിച്ച വിമർശനങ്ങളും അവഗണിച്ചുകൊണ്ടുള്ള സാഹസികതയ്ക്കാണ് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി ഭരണകൂടം മുതിർന്നത്. നിലവിലുള്ള തസ്തികകളിൽ മൂന്നുലക്ഷത്തിലധികം നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നു. അതിൽത്തന്നെ റെയിൽസുരക്ഷയിൽ നിർണായകമായ 14,850 സിഗ്നലിങ് വിഭാഗ ഒഴിവുകളാണെന്നത് സുരക്ഷാഭീഷണിയുടെ വ്യാപ്തിയാണ് തുറന്നുകാട്ടുന്നത്. റെയിൽവേ ബോർഡിന്റെ കണക്കുകൾ അനുസരിച്ച് 2021–22ലുണ്ടായ 8,747 അപകടങ്ങളിൽ 2,592 എണ്ണം സിഗ്നലിങ് സംവിധാനത്തിന്റെ പരാജയംമൂലം സംഭവിച്ചവയാണ്. വസ്തുതകൾ ഇതായിരിക്കെ രാജ്യത്തെ നടുക്കിയ റെയിൽ അപകടത്തിന്റെ ഉത്തരവാദിത്തം ഭീകരപ്രവർത്തനത്തിൽ ആരോപിച്ചോ ജീവനക്കാരെ ബലിയാടുകളാക്കിയോ സ്വന്തം തടി രക്ഷിക്കാനുള്ള തത്രപ്പാടിലാണ് റെയിൽ മന്ത്രിയും പ്രധാനമന്ത്രിയും ഭരണകൂടവും.


ഇതുകൂടി വായിക്കു;  ചരിത്രവും സംസ്കാരവും തച്ച് തകർക്കുകയാണ് ബിജെപിയും സംഘപരിവാറും: രാജാജി


 

മുന്നൂറോളം ജീവനുകൾ അപഹരിച്ച ദുരന്തം രാജ്യത്തെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്തു. മരിച്ചവരിൽ മഹാഭൂരിപക്ഷവും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള കുടിയേറ്റത്തൊഴിലാളികളായിരുന്നു. തങ്ങളുടെ യാത്രയ്ക്ക് റിസർവേഷൻ ടിക്കറ്റുപോലും വാങ്ങാൻ ശേഷിയില്ലാത്ത പാവങ്ങൾ തിങ്ങിനിറഞ്ഞ അൺറിസേർവ്ഡ് കമ്പാർട്ട്മെന്റ് യാത്രക്കാരായിരുന്നു ദുരന്തത്തിന്റെ ഇരകൾ. അത്തരം അനേകകോടി വരുന്ന സാധാരണ ട്രെയിൻ യാത്രക്കാരെ അപ്പാടെ അവഗണിച്ചും വിസ്മരിച്ചുമുള്ള അന്ധമായ പരിഷ്കാരങ്ങൾക്കാണ് മോഡി സർക്കാർ ഒരുമ്പെട്ടിറങ്ങിയത്. മഹാഭൂരിപക്ഷം വരുന്ന സാധാരണ യാത്രക്കാരുടെ പൊതുയാത്രാ സംവിധാനത്തെ ആഡംബര യാത്രാസംവിധാനമാക്കി, യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശം നിഷേധിക്കുന്ന പരിഷ്കാരവൈകൃതമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ദാരുണമായ ഈ അപകടത്തിന്റെ വെളിച്ചത്തിലെങ്കിലും സാഹസിക പരിഷ്കാരത്വരയ്ക്ക് താൽക്കാലിക വിരാമത്തിന് ഭരണകൂടം തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. റെയിൽ സുരക്ഷാ കമ്മിഷനെ അവഗണിച്ച് ‘കൂട്ടിലടച്ച തത്ത’യെന്ന് പരമോന്നതകോടതി പരാമർശിച്ച സിബിഐ നടത്തുന്ന അന്വേഷണത്തിന് കൃത്യവും നിക്ഷിപ്തവുമായ ലക്ഷ്യമാണുള്ളത്. അത് റെയിൽവേ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കൈകളിൽ പുരണ്ട നിരപരാധികളുടെ ചോരക്കറ കഴുകിക്കളഞ്ഞു മോഡിഭരണമെന്ന ശവകുടീരത്തെ വെള്ളപൂശുക എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.