21 January 2025, Tuesday
KSFE Galaxy Chits Banner 2

വയനാടിന് നീതിനിഷേധിക്കാൻ കേന്ദ്രത്തെ അനുവദിച്ചുകൂടാ

Janayugom Webdesk
November 16, 2024 5:00 am

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ ദുരന്തനിവാരണ, പുനരധിവാസ പദ്ധതികൾക്ക് കേന്ദ്രസഹായം നിഷേധിക്കുന്ന മോഡി സർക്കാരിന്റെ നിലപാട് അതീവ ക്രൂരവും വിവേചനപരവും അപലപനീയവുമാണ്. ജൂലൈ 30ന് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലയെയും അവിടുത്തെ ജനജീവിതത്തെയും അക്ഷരാർത്ഥത്തിൽ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റിയ ഉരുൾപൊട്ടൽ രാജ്യത്ത് ഇക്കാലയളവിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും ഭീകരവും ഹൃദയഭേദകവുമായിരുന്നു. നാനൂറില്പരം പേരുടെ ജീവൻ അപഹരിക്കുകയും മുന്നൂറില്പരം പേരെ പരിക്കേല്പിക്കുകയും നൂറിലധികം വീടുകളും സ്കൂളുകളുമടക്കം പൂർണമായി നശിക്കുകയും ചെയ്ത ദുരന്തഭൂമി, പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് സന്ദർശിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ വൻനാശം ബോധ്യപ്പെടുകയും ചെയ്തതാണ്. ദുരന്തബാധിതർ ഒറ്റയ്ക്കല്ലെന്നും താനും തന്റെ സർക്കാരും അവർക്കൊപ്പമുണ്ടെന്ന പതിവ് ‘ജുംല’ നടത്തി തിരിച്ചുപറന്ന മോഡിയുടെ സർക്കാരിൽനിന്നും കഴിഞ്ഞദിവസം കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ലഭിച്ച കത്ത് വയനാട്ടിലെ ദുരന്തബാധിതർക്കും കേരളത്തിനുമേറ്റ ഇരുട്ടടിയാണ്. അത്യന്തം ക്രൂരവും വിവേചനപരവുമായ തീരുമാനം വെളിപ്പെടുത്താൻ വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു മോഡി സർക്കാരെന്ന് കത്തയയ്ക്കാൻ തിരഞ്ഞെടുത്ത മുഹൂർത്തം ആരെയും ബോധ്യപ്പെടുത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിൽ അവശേഷിക്കുന്ന 388 കോടി രൂപ പുനരധിവാസമടക്കം പദ്ധതികൾക്കായി വിനിയോഗിക്കാമെന്ന ന്യായീകരണവും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നു. അതിൽത്തന്നെ 291കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. പുനരധിവാസ പദ്ധതിക്കായി കേരളം ആവശ്യപ്പെട്ട 1,500 കോടി രൂപയുടെ അഞ്ചിലൊന്ന് തുക മാത്രമാണിത്.
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിൽ അവശേഷിക്കുന്നതായി കേന്ദ്രം പറയുന്ന തുക ദേശീയ ദുരന്തനിവാരണ അതോറിട്ടിയുടെ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമേ വിനിയോഗിക്കാനാവു. അതനുസരിച്ച് പൂർണമായി തകർന്ന ഒരു വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് പുനർനിർമ്മാണത്തിന് 75,000 രൂപയുമേ അനുവദിക്കാനാകൂ. 

കേരളത്തിൽ പ്രസ്തുത ആവശ്യങ്ങൾക്ക് ഈ തുക എത്രത്തോളം അപര്യാപ്തമാണെന്ന് ചുരുങ്ങിയപക്ഷം കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരടക്കം ബിജെപി നേതാക്കൾക്ക് അറിവുണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുക. എന്നാൽ അവരുടെ പ്രതികരണം കേൾക്കുമ്പോൾ ബിജെപി നേതാക്കളെ ബാധിച്ചിരിക്കുന്ന രാഷ്ട്രീയ തിമിരത്തിന്റെ കാഠിന്യം ആർക്കും ബോധ്യപ്പെടും. വയനാട്ടിലെ ദുരന്തബാധിതരെ ചേർത്തുപിടിക്കാനും അവരെ മാന്യമായി പുനരധിവസിപ്പിക്കാനും ഉതകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് സഹായത്തിനായി കേന്ദ്രത്തെ സമീപിച്ചത്. കേരളത്തിലെ സവിശേഷ ജീവിത സാഹചര്യങ്ങളും നിലവാരവും അനുസരിച്ചുള്ള പുനരധിവാസ പദ്ധതികളാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. മറ്റ് പല കാര്യങ്ങളിലും എന്നപോലെ ‘എല്ലാ കാലുകൾക്കും ഒരേ അളവിലുള്ള ചെരുപ്പ്’ എന്ന വികല സമീപനമാണ് ഇക്കാര്യത്തിലും കേന്ദ്രം അവലംബിക്കുന്നത്. ദുരന്തമുഖത്ത് പെട്ടുപോയ ഹതഭാഗ്യരെ സഹായിക്കുന്നതിൽപ്പോലും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിവേചനം പ്രകടമാണ്. പ്രളയത്തിനും വരൾച്ചയ്ക്കും വിധേയമായ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്ക് അർഹമായ സഹായത്തിന്റെ ഒരു പങ്കെങ്കിലും ലഭിക്കാൻ അവർക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ സമാനമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്ന, ബിജെപിയോ അവരുൾപ്പെട്ട സഖ്യങ്ങളോ ഭരിക്കുന്ന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ ചട്ടങ്ങളോ മാനദണ്ഡങ്ങളോ മോഡിസർക്കാരിന് ഒരു പ്രതിബന്ധമേ ആയിരുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബിഹാറിന് ദുരന്തപ്രതിരോധ ഫണ്ട് അനുവദിച്ചത് ബജറ്റിൽ ഉൾപ്പെടുത്തിയ 11,500 കോടി രൂപയുടെ പ്രത്യേക സഹായത്തിന് പുറമെയാണ്. ആന്ധ്രാപ്രദേശിന് പ്രളയത്തെ തുടർന്ന് അനുവദിച്ച 1,036 കോടിയുടെ സഹായധനം സംസ്ഥാനത്തിന് ഇക്കൊല്ലംതന്നെ അനുവദിച്ച 3,448 കോടിയുടെ അടിയന്തിര സഹായത്തിന് പുറമെയാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മോഡിസർക്കാർ നിലനിൽക്കുന്നത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു)വിന്റെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെയും പിന്തുണയോടെയാണ്. രാജ്യത്തിന്റെ സമ്പത്തിന്റെയും ദുരന്തമുഖങ്ങളിൽ ലഭിക്കേണ്ട അർഹമായ സഹായങ്ങളുടെയും വിതരണംപോലും നിക്ഷിപ്ത അധികാര രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വന്നിരിക്കുന്നു.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനും കേരളത്തിന്റെ ന്യായമായ ഇതര ആവശ്യങ്ങൾക്കും വേണ്ടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുന്നത് ഏതെങ്കിലും ഔദാര്യത്തിന് വേണ്ടിയല്ല. നികുതിയിനത്തിലും പ്രവാസികളുടെ ആഭ്യന്തര നിക്ഷേപം ഉൾപ്പെടെ രാഷ്ട്രസമ്പത്തിലേക്ക് നടത്തുന്ന ഗണ്യമായ സംഭാവനകളുടെ അടിസ്ഥാനത്തിൽ അർഹമായ വിഹിതം സംസ്ഥാനത്തിന് ലഭിക്കണമെന്ന ന്യായമായ ആവശ്യമാണ് കേരളം കേന്ദ്രത്തിനുമുന്നിൽ ഉന്നയിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ ഫെഡറൽ അവകാശാധികാരങ്ങളുടെ അടിസ്ഥാനത്തിൽ അവയെ സമീപിക്കാൻ കേന്ദ്രം ധാർമ്മികമായും ഭരണഘടനപരമായും ബാധ്യസ്ഥമാണ്. അതിനുപകരം ചക്രവർത്തി — സാമന്ത സമാനമോ, ജന്മി — കുടിയാൻ ഫ്യൂഡൽ മനോഭാവത്തോടെയോ കേന്ദ്ര സംസ്ഥാനബന്ധങ്ങളെ സമീപിക്കാനാണ് തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ കാലൂന്നിനിൽക്കുന്ന മോഡി ഭരണകൂടത്തിന്റെ ശ്രമം. അതിനെതിരെ ന്യായമായ അവകാശങ്ങളും സമ്പത്തിന്റെ അർഹവും നീതിപൂർവവുമായ വിഹിതത്തിനും വേണ്ടി സമരമുഖത്തേക്ക് നീങ്ങാൻ കേരളജനത നിർബന്ധിതമായിരിക്കുന്നു. വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കാനും ദുരന്തബാധിതരുടെ കടബാധ്യതകൾ എഴുതിത്തള്ളി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള പോരാട്ടം രാഷ്ട്രീയപ്രബുദ്ധ കേരളത്തിന്റെയാകെ ഉത്തരവാദിത്തമാണ്. രാഷ്ട്രീയ ചേരിതിരിവുകൾക്കപ്പുറം സംസ്ഥാനത്തിന്റെ പൊതു ആവശ്യമായി ഈ വെല്ലുവിളി ഏറ്റെടുക്കാൻ കേരളത്തിന് കഴിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.