മോഡി ഭരണത്തിനെതിരെ കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ കുറ്റപത്രം

Web Desk
Posted on November 21, 2018, 10:44 pm

രേന്ദ്രമോഡി സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച് നടപ്പാക്കിയ തുഗ്ലക്ക് പരിഷ്‌കാരത്തിനെതിരായ കുറ്റപത്രമാണ് കേന്ദ്ര കൃഷിമന്ത്രാലയം പാര്‍ലമെന്റിന്റെ ധനകാര്യ സ്ഥിരംസമിതി മുമ്പാകെ സമര്‍പ്പിച്ച അവലോകന സമര്‍പ്പണം. ഗ്രാമീണ ഇന്ത്യ നോട്ടുപിന്‍വലിക്കല്‍ നടപടിയുടെ വിനാശകരമായ കെടുതികളില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല. കാര്‍ഷിക മേഖല സാധാരണനില കൈവരിക്കാന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരും- മന്ത്രാലയം സമിതിക്കു നല്‍കിയ സമര്‍പ്പണം വ്യക്തമാക്കുന്നു. വിത്തും വളവും കീടനാശിനികളും വാങ്ങാന്‍ പണമില്ലാതെ ദശലക്ഷക്കണക്കിന് കര്‍ഷകരാണ് ദുരിതത്തിലായത്. വന്‍കിട കര്‍ഷകര്‍ക്കുപോലും കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലി നല്‍കാനാവാത്ത അവസ്ഥ സംജാതമായി. കൃഷി തുടര്‍ന്നുപോകാന്‍ വിത്തു വാങ്ങാന്‍പോലും പണമില്ലാത്ത സ്ഥിതിയിലായി കര്‍ഷകര്‍. ദേശീയ വിത്ത് കോര്‍പറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം പണ ലഭ്യതയുടെ അഭാവത്തില്‍ വിറ്റഴിക്കാനാവാതെ പാഴായി. രാജ്യത്തെ 26 കോടിയില്‍പരം വരുന്ന കര്‍ഷകര്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള എല്ലാത്തരം ഇടപാടുകള്‍ക്കും റൊക്കം പണത്തെയാണ് ആശ്രയിക്കുന്നത്. അതാണ് 2016 നവംബര്‍ എട്ടിന് സന്ധ്യയില്‍ വിലയില്ലാത്ത കടലാസ് തുണ്ടുകളായി ഒറ്റയടിക്ക് മാറ്റിയത്. അതിനെ പരിണിതപ്രജ്ഞനായ സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിങ് ‘സംഘടിത കൊള്ളയും നിയമമുപയോഗിച്ചുള്ള പിടിച്ചുപറിയു‘മെന്നാണ് വിശേഷിപ്പിച്ചത്. ‘അത് രാജ്യത്തെ 55 ശതമാനത്തിലധികം കര്‍ഷകത്തൊഴിലാളികളെ കൊടിയ ദുരിതത്തിലാഴ്ത്തി. കാര്‍ഷിക വളര്‍ച്ച വരാന്‍ പോകുന്ന കുറേക്കാലത്തേക്ക് മുരടിക്കും. തല്‍ഫലമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകര്‍ച്ചയിലാവും. അസംഘടിത മേഖലയിലെ മുഴുവന്‍ പേരെയും അത് തീരാദുരിതത്തിലേക്ക് തള്ളിവിടും- ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മേല്‍പറഞ്ഞ രാജ്യസഭാ പ്രസംഗം പ്രവചനാത്മകമായിരുന്നുവെന്നാണ് കൃഷി മന്ത്രാലയം സമിതിക്ക് നല്‍കിയ സമര്‍പ്പണം സാക്ഷ്യപ്പെടുത്തുന്നത്.’

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജബുവയില്‍ നടന്ന റാലിയില്‍ നോട്ടുപിന്‍വലിക്കല്‍ നടപടിയെ ‘കയ്‌പ്പേറിയ ഔഷധ’മെന്ന് ലാഘവബുദ്ധ്യാ പ്രധാനമന്ത്രി നരേന്ദ്രമോഡി വിശേഷിപ്പിച്ച് ഒരു ദിവസം പിന്നിട്ട ഇന്നലെയാണ് കൃഷിമന്ത്രാലയത്തിന്റെ സമര്‍പ്പണമെന്നത് യാദൃച്ഛികമാവാം. ‘പ്രചാരത്തിലുണ്ടായിരുന്ന പണം ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന അഴിമതിയെ നേരിടുന്നതിനുമുള്ള ചികിത്സാ നടപടിയായിരുന്നു അതെന്നായിരുന്നു ജബുവയില്‍ നടത്തിയ വിശദീകരണം. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് മാത്രം ഇവിടെ അഞ്ച് കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്നു. നോട്ടു പിന്‍വലിക്കല്‍ നടപടിയുടെ കാര്യകാരണങ്ങളെപ്പറ്റി മോഡിതന്നെ നിരത്തുന്ന എത്രാമത്തെ ന്യായീകരണമാണിതെന്ന് അദ്ദേഹത്തിനുപോലും നിശ്ചയമുണ്ടാവില്ല. അതേപ്പറ്റി ഡസന്‍കണക്കിന് തവണയാണ് അദ്ദേഹം രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മലക്കംമറിഞ്ഞിരിക്കുന്നത്. അവസാനത്തെ വിശദീകരണം, വാദത്തിന് മുഖവിലക്കെടുത്താല്‍പോലും എത്ര പണം എവിടെ നിന്ന് ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്ന കണക്ക് പാര്‍ലമെന്റിലോ ജനങ്ങള്‍ക്ക് മുന്നിലോ നിരത്താന്‍പോലും ഭരണകൂടത്തിനോ റിസര്‍വ് ബാങ്കിനോ ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല രാജ്യത്തെ ബാങ്കിങ് സംവിധാനത്തിനോ സമ്പദ്ഘടനയ്‌ക്കോ അതെന്ന് നേട്ടമാണുണ്ടാക്കിയതെന്നും അവര്‍ക്കും അറിയില്ല. അത് അഴിമതിക്ക് വിരാമമിടാനായിരുന്നുവെന്ത് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ റഫാല്‍ ഇടപാടടക്കം മൂക്കറ്റം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന വിചിത്ര കാഴ്ചയാണ് രാഷ്ട്രത്തിന്റെ മുന്നിലുള്ളത്. നോട്ടു പിന്‍വലിക്കല്‍ നടപടിയെപ്പറ്റി പാര്‍ലമെന്റ് ധനകാര്യ സ്ഥിരം സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരിക്കേണ്ട അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി തന്നെ അതിനു തയാറാവാതെ ഒളിച്ചോടിയെന്നതും യാദൃച്ഛികമല്ല. രോഷാകുലരായ സമിതി മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ കേള്‍ക്കാന്‍ വിസമ്മതിച്ച് തിരിച്ചയച്ചതും ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.

ഇപ്പോള്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളും കഠിനമായ കാര്‍ഷിക പ്രതിസന്ധിയിലാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളും രൂക്ഷമായ കര്‍ഷക പ്രക്ഷോഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവിടെ ഭരണം കയ്യാളുന്ന ബിജെപിയുടെ കര്‍ഷകവിരുദ്ധ ഭരണകൂടങ്ങളെ തറപറ്റിക്കാന്‍ പ്രതിപക്ഷത്തിനാവുന്നില്ലെങ്കില്‍ അതിന്റെ പാപഭാരം അവര്‍തന്നെ ശിരസാ വഹിക്കേണ്ടിവരും. ആശയപരവും നയപരവുമായ പ്രതിപക്ഷഐക്യം സുസാധ്യമായ ലക്ഷ്യമല്ല. എന്നാല്‍ കര്‍ഷകരടക്കം ജനസാമാന്യത്തിനുവേണ്ടി ഒന്നിച്ചുനില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയാതെ വന്നാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിയില്ല.