9 July 2025, Wednesday
KSFE Galaxy Chits Banner 2

കേരളത്തിന് അധിക ധാന്യവിഹിതം കേന്ദ്ര തീരുമാനം തിരുത്തണം

Janayugom Webdesk
July 3, 2025 5:00 am

ലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരികയാണ്. ഇതുപോലുള്ള ഉത്സവ, ആഘോഷ വേളകളിൽ നിലവിലുള്ള വിതരണ കേന്ദ്രങ്ങൾക്ക് പുറമേ പ്രത്യേക ചന്തകളും മറ്റും സംഘടിപ്പിച്ച് അവശ്യ വസ്തുക്കൾ ലഭ്യമാക്കിയാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള വിപണിയിടപെടൽ സർക്കാർ നിർവഹിക്കാറുള്ളത്. അതുകൊണ്ടാണ് ഓണത്തിന് മുൻഗണനേതര വിഭാഗത്തിന് അഞ്ച് കിലോ വീതം അരി നൽകുന്നതിന് അധിക വിഹിതം അനുവദിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഈ ആവശ്യമടങ്ങുന്ന നിവേദനവുമായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചിരിക്കുന്നത്. മുൻഗണനേതര വിഭാഗത്തിന് നൽകുന്നതിന് ടൈഡ് ഓവർ വിഹിതത്തിന്റെ അതേനിരക്കിൽ അധിക അരി നൽകണമെന്നായിരുന്നു ആവശ്യം. നിലവിൽ മുൻഗണനേതര വിഭാഗങ്ങൾക്ക് ടൈഡ് ഓവർ വിഹിതമായി അനുവദിക്കുന്ന ധാന്യങ്ങൾ സംസ്ഥാന സർക്കാർ ഉപഭോക്താക്കൾക്ക് നൽകുന്നത് വലിയ ബാധ്യത സ്വന്തമായി ഏറ്റെടുത്തുകൊണ്ടാണ്. 8.30 രൂപയ്ക്ക് ലഭിക്കുന്ന അരി നാല് രൂപയ്ക്കാണ് 22.64 ലക്ഷം നീല കാർഡുടമകൾക്ക് വിതരണം ചെയ്യുന്നത്. ആ ഇനത്തിൽ വൻബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നുവെന്നർത്ഥം. 30.24 ലക്ഷം വെള്ള കാർഡുടമകൾക്ക് 10.90 രൂപയ്ക്കും. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അതുവരെ ലഭിച്ചിരുന്ന ഭക്ഷ്യധാന്യ വിഹിതത്തിലും കുറവ് വരുത്തുകയുണ്ടായി. 2014–15ൽ 15,95,237 മെട്രിക് ടണ്ണാണ് ലഭിച്ചിരുന്നത്. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം വിഹിതം 14,25,048 മെട്രിക് ടണ്ണായി കുറഞ്ഞു. അതേസമയം ഉപഭോക്തൃ സംസ്ഥാനമാണെന്നതിനാൽ ആവശ്യക്കാരുടെ എണ്ണത്തിൽ വർധനയാണുണ്ടായത്. ഇതിന് പുറമേ മുൻഗണനേതര വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾക്ക് നൽകി വന്നിരുന്ന ഗോതമ്പ് വിഹിതവും വെട്ടിക്കുറച്ചിരുന്നു. 2022 ജൂൺ മുതൽ ഗോതമ്പ് വിഹിതം ലഭിക്കുന്നില്ല. എല്ലാ അവശ്യ വസ്തുക്കൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനമെന്ന നിലയിൽ ശക്തമായ വിപണിയിടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ വൻ വിലക്കയറ്റമുണ്ടാകുമെന്ന ഭീഷണിയും നിലനിൽക്കുന്നു. 

ഈ പശ്ചാത്തലത്തിലാണ് വൻ സാമ്പത്തിക ബാധ്യത ഏറ്റെടുത്താണെങ്കിലും സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള പൊതുവിതരണ സംവിധാനങ്ങളെ കയ്യയച്ച് സഹായിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്. ജനങ്ങളോടുള്ള ഈ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ കേന്ദ്രത്തിൽ നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നു മാത്രമല്ല, കടുത്ത അവഗണന നേരിടേണ്ടി വരുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഓണത്തിന് അധിക ധാന്യ വിഹിതം അനുവദിക്കില്ലെന്ന നിലപാടിലൂടെ വ്യക്തമാകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊള്ളവില നൽകി ധാന്യങ്ങൾ വാങ്ങി കാർഡുടമകൾക്ക് വിതരണം ചെയ്യുന്നത് അധിക ബാധ്യത വരുത്തുമെന്നതിനാലാണ് ആവശ്യവുമായി കേന്ദ്രത്തെ സമീപിപിച്ചത്. കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 94,85,212 റേഷൻ കാർഡുകളാണുള്ളത്. അതിൽ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) എന്നീ മുൻഗണനാ വിഭാഗത്തിൽ വരുന്നത് യഥാക്രമം 35.76 ലക്ഷം, 5.93 ലക്ഷം വീതമാണ്. അവശേഷിക്കുന്ന 53 ലക്ഷത്തോളം നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്കുള്ള അധിക വിഹിതമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ ധാന്യ സംഭരണത്തിൽ റെക്കോഡ് വർധനയുണ്ടായപ്പോഴാണ് ഈ നിലപാടെന്നത് സംസ്ഥാനത്തോടുള്ള ശത്രുതയാണ് വെളിപ്പെടുത്തുന്നത്. സർക്കാർ വെയർഹൗസുകളിലെ അരി സംഭരണം ഒരു വർഷം മുമ്പത്തേതിനേക്കാൾ 18% ഉയർന്ന് ജൂൺ മാസത്തിന്റെ തുടക്കത്തിൽ റെക്കോഡ് നിലയിലെത്തിയിരിക്കുകയാണ്. അരിയുടെ കരുതൽ ശേഖരം ജൂൺ ഒന്നിലെ കണക്കനുസരിച്ച് 59.5 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലൈ ഒന്നിലെ ലക്ഷ്യമായ 13.5 ദശലക്ഷം ടണ്ണിനെക്കാൾ എത്രയോ കൂടുതലാണിത്. ഗോതമ്പ് സംഭരണം ജൂൺ ഒന്നിന് 36.9 ദശലക്ഷം ടണ്ണായിട്ടുണ്ട്. ഇതും ലക്ഷ്യമായ 27.6 ദശലക്ഷം ടണ്ണിനെക്കാൾ വളരെ കൂടുതലാണ്. ഈ അധിക സംഭരണം ആഭ്യന്തര വിപണിയിൽ ധാന്യലഭ്യത ഉറപ്പാക്കി വിലക്കയറ്റം തടയുന്നതിനുപയോഗിക്കാമെന്നിരിക്കെയാണ് കേരളത്തിന്റെ ആവശ്യം നിരാകരിച്ചിരിക്കുന്നതെന്നത് വൈരുധ്യമാണ്. കേന്ദ്രം അധിക വിഹിതമായി ടൈഡ് ഓവർ വിഹിത നിരക്കിൽ അനുവദിക്കുന്നില്ലെങ്കിലും മുൻ വർഷങ്ങളിലെന്നതുപോലെ ഇത്തവണയും സൗജന്യ നിരക്കിലുള്ള ധാന്യ വിഹിതം കാർഡുടമകൾക്ക് ഉറപ്പാക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമാകുന്നത്. എങ്കിലും ഓണക്കാലത്തെ വിപണിയിടപെടലിനായി കൂടുതൽ അരി വിഹിതം അനുവദിക്കുന്നതിൽ കേന്ദ്ര തീരുമാനത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഉണ്ടായില്ലെങ്കിൽ കേന്ദ്രം തുടരുന്ന അവഗണനയ്ക്കെതിരെ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.