February 5, 2023 Sunday

കേരളത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കുന്ന കേന്ദ്രനയം

Janayugom Webdesk
July 23, 2022 5:00 am

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും അത് ഉറപ്പുനല്കുന്ന ഫെഡറൽ സാമ്പത്തിക സംവിധാനത്തെയും അട്ടിമറിച്ച് കേരളത്തിന്റെ സാമ്പത്തിക പുരോഗതിയെയും സാമൂഹിക സുരക്ഷയെയും ക്ഷേമപ്രവർത്തനങ്ങളെയും അവതാളത്തിലാക്കാൻ നരേന്ദ്രമോഡി സർക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന കുത്സിതശ്രമങ്ങൾ തുറന്നുകാട്ടുന്ന പ്രസ്താവനയാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം റൂൾ മുന്നൂറ് അനുസരിച്ചു നിയമസഭയിൽ നടത്തിയത്. സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങളെയും ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ ഭരണഘടനാ വ്യവസ്ഥകൾ ദുർവ്യാഖ്യാനം ചെയ്യുന്നു; കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെഗുലേറ്ററി ഏജൻസികളായ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സിഎജി), ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയവയെ സംസ്ഥാനത്തിനെതിരെ ദുരുപയോഗം ചെയ്യുന്നു, തുടങ്ങിയ ആരോപണങ്ങൾക്ക് യാതൊരു പുതുമയുമില്ല. നരേന്ദ്രമോഡി സർക്കാർ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികൾക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കും എതിരെ ഇത്തരം അട്ടിമറി ശ്രമങ്ങൾ അവരുടെ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റിയിരിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനം കേരളത്തിന്റെ വികസന പ്രക്രിയക്ക് പ്രതിബന്ധവും സംസ്ഥാനത്തിനുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൽഫലമായി സംസ്ഥാന ഖജനാവിന് കഴിഞ്ഞ കൊല്ലത്തേക്കാൾ 23,000 കോടി രൂപയുടെ കുറവ് നേരിടേണ്ടിവരുമെന്ന് ധനമന്ത്രിയുടെ നിയമസഭാ പ്രസ്താവന മുന്നറിയിപ്പ് നല്കുന്നു. അതുമൂലം ഭവനനിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി പാവപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ കടുത്ത പ്രതിസന്ധിയിലാവുമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് അർഹമായ ഏതാണ്ട് 7000 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ് കേന്ദ്രം ഇക്കൊല്ലം കുറവുവരുത്തി. ജിഎസ്‌ടി ഇനത്തിൽ സംസ്ഥാനത്തിന് അർഹമായ 12,000 കോടിയോളം രൂപ തുടർന്നുനല്കാൻ അവർ വിസമ്മതിക്കുന്നു. സംസ്ഥാനത്തിന് അർഹമായ വായ്പാ പരിധി 3.5 ശതമാനമായി കുറച്ചതു വായ്പാത്തുക 3,578 കോടി രൂപയായി പരിമിതപ്പെടുത്തി. ഇതാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനം 23,000 കോടി രൂപകണ്ടുകുറയാൻ കാരണമായിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ വികസന പ്രക്രിയ തടസംകൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ ആവിഷ്കരിച്ചതും സംസ്ഥാന നിയമസഭ പാസാക്കി നിയമപ്രാബല്യത്തോടെ നിലവിൽ വന്നതുമായ കിഫ്ബി, കേരളാ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി എന്നിവയുടെ പ്രവർത്തനം തടസപ്പെടുത്താനും അട്ടിമറിക്കാനും കേന്ദ്ര ബിജെപി ഭരണകൂടം നിരന്തരം ശ്രമിച്ചുവരികയാണ്. സമാന സ്വാഭാവമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു നല്കുന്ന പരിഗണന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് നിഷേധിക്കുക മാത്രമല്ല, അവയ്ക്കെതിരെ കേന്ദ്രസർക്കാർ ഏജൻസികൾവഴി ശത്രുതാപരമായ നടപടികൾ സ്വീകരിക്കുന്നു.


ഇതുകൂടി വായിക്കു; അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നു


സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യങ്ങൾക്കു വിരുദ്ധവും പ്രകടമായി ശത്രുതാപരവുമായ ഈ സാമ്പത്തിക വിധ്വംസക നടപടികൾക്കുപിന്നിൽ കേരളം പ്രതിബദ്ധതയോടെ പിന്തുടരുന്ന പുരോഗമന രാഷ്ട്രീയത്തോടുള്ള എതിർപ്പും ഏതുവിധേനയും ഇവിടെ കാലുറപ്പിക്കാനുള്ള തീവ്ര ഹിന്ദുത്വ താല്പര്യവും മാത്രമാണെന്ന് കാണാനാവും. വെടക്കാക്കി തനിക്കാക്കുക എന്ന ഹീന രാഷ്ട്രീയ തന്ത്രമാണ് കേരളത്തിന്റെമേൽ മോഡിഭരണകൂടം പ്രയോഗിക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കാറ്റിൽപറത്തി മോഡിസർക്കാർ തുടരുന്ന ഈ സാമ്പത്തിക വിധ്വംസക പ്രവർത്തനം ഒറ്റപ്പെട്ട ഒന്നല്ല. പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇത്തരം അട്ടിമറികൾ അരങ്ങേറുന്നുണ്ട്. സംസ്ഥാനങ്ങളുടെമേൽ സാമ്പത്തിക അച്ചടക്കത്തിന്റെ കൊടുവാൾ ഓങ്ങുന്ന അതെ ബിജെപി ഭരണകൂടം രാജ്യത്തെ കോർപറേറ്റ് ചങ്ങാതിമാർക്ക് അളവറ്റ സാമ്പത്തിക ആനുകൂല്യങ്ങളാണ് വാരിക്കോരി നല്കുന്നത്. 2015–2019 കാലയളവിൽമാത്രം തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാരുടെ 7.94 ലക്ഷം രൂപയുടെ കിട്ടാക്കടമാണ് മോഡിസർക്കാർ എഴുതിത്തള്ളിയത്. രാജ്യത്തു പിരിച്ചെടുക്കുന്ന നികുതിയുടെ ഏതാണ്ട് എഴുപതു ശതമാനവും പട്ടിണിപ്പാവങ്ങളെ ഞെക്കിപ്പിഴിയുന്ന പരോക്ഷ നികുതിവരുമാനമാണ്. അതിസമ്പന്നരുടെ മേൽ ഏർപ്പെടുത്തിയിരുന്ന സ്വത്തുനികുതി മോഡി അധികാരത്തിൽവന്ന ആദ്യവർഷങ്ങളിൽത്തന്നെ എടുത്തുകളഞ്ഞിരുന്നു. കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്നും 22 ശതമാനമായി കുറച്ചു. തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാർക്കു വേണ്ടി ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും മേലുള്ള ഈ കുതിരകയറ്റത്തിന് ഇടതുപക്ഷ, പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രീയം മാത്രമാണ് മറുപടി.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.