October 6, 2022 Thursday

നീതിന്യായ വ്യവസ്ഥയിലെ വൈരുധ്യം

Janayugom Webdesk
September 12, 2022 5:00 am

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി വന്ന അതേദിവസമാണ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ നാലുവര്‍ഷമായി തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെർനൺ ഗോൺസാൽവസിന് ജയിലില്‍ ചികിത്സ നിഷേധിച്ചുവെന്ന ആരോപണമുണ്ടായത്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വൈരുധ്യാത്മകമായ സമീപനങ്ങള്‍ ഈ രണ്ടു സംഭവങ്ങളും വെളിപ്പെടുത്തുന്നുണ്ട്. രണ്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യം മനുഷ്യാവകാശ പ്രവര്‍ത്തകരെ മാത്രമല്ല ജനാധിപത്യ — പൗരസ്വാതന്ത്ര്യ — നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന മുഴുവന്‍ പേരുടെയും ആഹ്ലാദത്തിനു കാരണമായി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖിനെ 2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസിലുണ്ടായ ബലാത്സംഗ — കൊലപാതകക്കേസിന്റെ റിപ്പോര്‍ട്ടിങ്ങിനായി പോകുന്ന വഴിയാണ് ആദിത്യനാഥിന്റെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

 


ഇതുകൂടി വായിക്കു; റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരണം, വന്‍ കച്ചവടം


അദ്ദേഹത്തിന്റെ കുടുംബവും പത്രപ്രവര്‍ത്തക യൂണിയനും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുമിച്ച് നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ്, 2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖിന് രണ്ടു വര്‍ഷമാകാറാകുമ്പോള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിജെപി ഭരണത്തിനു കീഴില്‍ മനുഷ്യാവകാശ — മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എതിരഭിപ്രായം പറയുന്നവരും പറയാന്‍ സാധ്യതയുള്ളവരും ഒന്നൊന്നായി ജയിലില്‍ കഴിയുന്ന സാഹചര്യമുണ്ടായിട്ടു കുറേ നാളുകളായി. സിദ്ദിഖ് അതിലൊരാളായി എന്നുമാത്രം. ഒരിക്കലും ജാമ്യം ലഭിച്ച് പുറത്തിറങ്ങരുതെന്ന വാശിയില്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തിയാണ് സിദ്ദിഖിനെ യുപി പൊലീസ് ജയിലിലിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രാജ്യദ്രോഹക്കുറ്റമായ 124 എ, ഇതര മതവിഭാഗങ്ങള്‍ക്കോ ഇരുവിഭാഗങ്ങള്‍ക്കോ ഇടയില്‍ ശത്രുത വളര്‍ത്തുക, മതവികാരം വ്രണപ്പെടുത്തുക എന്നിവയ്ക്കൊപ്പം വിവര സാങ്കേതിക നിയമത്തിന്റെ വിവിധ വകുപ്പുകളും കാപ്പനെതിരെ ചുമത്തി. എന്നിട്ടും മതിയാകാതെ കൂടുതല്‍ കടുപ്പിക്കുന്നതിന് യുഎപിഎയിലെ വകുപ്പുകളും ചാര്‍ത്തി. അങ്ങനെയാണ് സിദ്ദിഖ് വിചാരണ കോടതികള്‍ മുതല്‍ പരമോന്നത കോടതിവരെ ജാമ്യത്തിനായി അലയേണ്ടിവന്നത്. എങ്കിലും ഒടുവില്‍ ജാമ്യം ലഭിച്ചിരിക്കുന്നു.

എൽഗാർ പരിഷത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ വെർനൺ ഗോൺസാൽവസിന് ഡെങ്കിപ്പനി ബാധിച്ച് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മുംബെെ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മുംബെെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓക്സിജന്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതിയുടെ പരിഗണനയിലാണ്. സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കാനിരിക്കേയാണ് ജയിലധികൃതരുടെ ചികിത്സാ നിഷേധത്തെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നത്. കവി വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ എന്നിവര്‍ക്കും ഇതേ സാഹചര്യമുണ്ടായിരുന്നു. നേരത്തെ ചികിത്സ കിട്ടാതെയാണ് ഇതേ കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സ്റ്റാന്‍ സ്വാമി രക്തസാക്ഷിയാകുന്നത്. പ്രത്യേക എന്‍ഐഎ കോടതിയാണ് ഈ കേസില്‍പ്പെട്ടവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. എന്‍ഐഎ എന്നത് കേന്ദ്രത്തിന്റെ വേട്ടമൃഗത്തെ പോലെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്. അതിനനുസൃതമായി തന്നെ പ്രവര്‍ത്തിക്കുന്നതാണ് പ്രത്യേക എന്‍ഐഎ കോടതികളും എന്നതാണ് ഇതുവരെയുള്ള അനുഭവം. ജാമ്യാപേക്ഷ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി മേല്‍ക്കോടതികളെ സമീപിക്കുന്നതിന് തടസമുണ്ടാക്കുകയാണ് അവയുടെ രീതി.


ഇതുകൂടി വായിക്കു; പദവി മറന്ന് വീണ്ടും അമിത് ഷാ


 

വിചാരണയില്ലാതെ അനിശ്ചിതമായി തടവിലിടുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ആഴ്ചകള്‍ക്കു മുമ്പുപോലും സുപ്രീം കോടതി പറഞ്ഞിരുന്നതാണ്. എന്നിട്ടും ആയിരക്കണക്കിനാളുകള്‍ മാസങ്ങളും വര്‍ഷങ്ങളുമായി ജയിലില്‍ കഴിയുന്ന സ്ഥിതി തുടരുന്നു. എല്‍ഗാര്‍ പരിഷത് കേസില്‍ ജയിലില്‍ കഴിയുന്നവരെല്ലാം മൂന്നോ നാലോ വര്‍ഷം പിന്നിട്ടവരാണ്. സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീം കോടതി നടത്തിയിട്ടുണ്ട്. പ്രകോപനപരമായ സാധനങ്ങള്‍ കാപ്പനില്‍ നിന്നും കണ്ടെത്തിയെന്ന് യുപി പൊലീസ് വാദിച്ചപ്പോള്‍ എന്താണ് പ്രകോപനപരമായ സാധനങ്ങള്‍ എന്ന് ആരാഞ്ഞ കോടതി ലഘുലേഖകള്‍ എങ്ങനെ പ്രകോപനപരമാകുമെന്ന് ചോദിച്ചിട്ടുണ്ട്. കലാപത്തിന് പദ്ധതിയിട്ടെന്ന് അവകാശപ്പെടുന്ന യുപി പൊലീസിനോട് കാപ്പനില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തുവോ എന്നും കോടതി ചോദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ഹത്രാസിലെ ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതും അവര്‍ക്ക് നീതി ലഭിക്കണമെന്ന് പറയുന്നതും കുറ്റമാണോ എന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഇത്തരം ചോദ്യങ്ങള്‍ പരമോന്നത കോടതികള്‍ ചോദിക്കുമ്പോള്‍ തന്നെയാണ് പൊലീസുകാര്‍ ശത്രുതാമനോഭാവത്തോടെ ചുമത്തുന്ന കേസുകളുടെ പേരില്‍ ആളുകള്‍ അനിശ്ചിതമായി ജയിലുകളില്‍ കഴിയേണ്ടിവരുന്നത്. സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുന്നത് ശുഭകരമാകുമ്പോഴും ഈ വൈരുധ്യം മുഴച്ചുതന്നെ നില്ക്കുന്നുണ്ട്. അതുകൊണ്ട് നിയമവ്യവസ്ഥയുടെ ഇത്തരം പോരായ്മകള്‍ അവസാനിപ്പിക്കുന്നതിനുള്ള കര്‍ശനമായ നടപടികളും നീതിപീഠത്തില്‍ നിന്നുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.