പശ്ചിമേഷ്യയില്‍ നിലനിൽക്കുന്ന സംഘർഷത്തിന് രൂക്ഷത കൂട്ടിയാണ് കഴിഞ്ഞ ദിവസം ഇറാന് നേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇറാനിൽ നിന്ന് തിരിച്ചടികളുമുണ്ടാകുന്നു. പലസ്തീനുനേരെ ഇസ്രയേലിന്റെ വംശഹത്യാപരമായ അതിക്രമങ്ങൾ വലിയ തോതിലുള്ള ജീവഹാനിയും നാശവും സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് ഇറാനെതിരായ ഏകപക്ഷീയമായ കടന്നാക്രമണവുമുണ്ടായത്. ഒരു വർഷവും എട്ടുമാസവും പിന്നിട്ടും തുടരുന്ന പലസ്തീൻ അതിക്രമങ്ങൾ സമാധാനം കാംക്ഷിക്കുന്ന ആഗോള സമൂഹത്തെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിയിരിക്കെയാണ് പുതിയ സംഘർഷത്തിന് ഇസ്രയേൽ തുടക്കം കുറിച്ചത്. ആണവ പരിശോധനകളോട് സഹകരിക്കുന്നില്ലെന്നും ദുരൂഹതകളുണ്ടെന്നുമുള്ള ആരോപണത്തിന്റെ മറവിലാണ് ഇറാനെതിരായ ഇപ്പോഴത്തെ ഏകപക്ഷീയ നീക്കമുണ്ടായത്. ഇറാനുമായി ആണവ പ്രശ്നത്തിൽ കരാറുണ്ടാക്കുവാൻ പോകുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയുടെ മാറ്റൊലി അടങ്ങുന്നതിന് മുമ്പാണ്, കെട്ടിച്ചമച്ചതെന്ന് സംശയിക്കാവുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ഇസ്രയേലിന്റെയും യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയുടെയും പിൻബലത്തോടെ ഐഎഇഎ യോഗത്തിൽ പ്രമേയം പാസാക്കിയെടുത്താണ് ആക്രമണത്തിന്റെ സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇതോടെ കരാറിൽ ഏർപ്പെടാനുള്ള സന്നദ്ധത ഇറാൻ പിൻവലിക്കുകയും തങ്ങൾക്കെതിരായ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുവാൻ നിർബന്ധിതമാകുകയുമായിരുന്നു.
നിരായുധീകരണത്തെയും — പ്രത്യേകിച്ച് ആണവ നിർവ്യാപനം — ആഗോള സമാധാനത്തെയും കുറിച്ച് ആണയിടുന്ന പാശ്ചാത്യ രാജ്യങ്ങളുടെയും അവയുടെ കൂടെ നിൽക്കുന്ന ഇസ്രയേൽ ഉൾപ്പെടെയുള്ളവയുടെയും കാപട്യം തുറന്നുകാട്ടപ്പെടുന്നതായി പുതിയ സംഘർഷങ്ങൾ. വംശഹത്യ ലക്ഷ്യംവച്ച്, പലസ്തീനിനെതിരായ ഇസ്രയേലിന്റെ അതിക്രമങ്ങളിൽ തന്നെ ഇക്കാര്യം വെളിപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുള്ള ആഗോള സമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങൾ ഇസ്രയേൽ തടഞ്ഞപ്പോൾ നാം അത് കണ്ടതാണ്. യുഎസ് ഒത്താശയോടെ സഹായകേന്ദ്രങ്ങൾ തുറക്കുകയും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ലക്ഷക്കണക്കിനാളുകൾക്ക് പരിമിത സാധനങ്ങൾ നൽകുക മാത്രവുമല്ല ഉണ്ടായത്. സഹായകേന്ദ്രങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനോ ഒരിറക്കു വെള്ളത്തിനോ എത്തിച്ചേരുന്നവർക്കുനേരെയും ആക്രമണം നടത്തി നിരവധി പേരെ വധിച്ചു. ഇതുവരെയായി അര ലക്ഷത്തിലധികം മനുഷ്യരെയാണ് ഇസ്രയേൽ കൊന്നൊടുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുള്ളത്. ആശുപത്രികൾ, അഭയകേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെ പോലും ആക്രമണമുണ്ടായി. ഇതിനിടെയാണ് യുദ്ധവെറിമൂത്ത ബെഞ്ചമിൻ നെതന്യാഹു പ്രസിഡന്റായ ഇസ്രയേൽ ഇറാനെതിരായും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസിനെ സഹായിക്കുന്നുവെന്ന് പറഞ്ഞ് ഇറാനെതിരെ നേ രത്തെയും ഇസ്രയേലിന്റെ അതിക്രമങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം പക്ഷപാതപരമായ സമീപനങ്ങളാണ് വൻ രാഷ്ട്രങ്ങളിൽ നിന്നുണ്ടായത്.
അതുപോലെതന്നെ പലസ്തീനും ഇപ്പോൾ ഇറാനുമെതിരെ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളോടുള്ള ബിജെപി സർക്കാരിന്റെ സമീപനങ്ങൾ നമ്മുടെ വിദേശ നയത്തിൽ നിന്നുള്ള നിർണായക വ്യതിയാനത്തെയും വെളിപ്പെടുത്തുന്നു. ഇതിന് ഉദാഹരിക്കാവുന്ന രണ്ട് സുപ്രധാന നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. ഗാസയിൽ അടിയന്തര വെടിനിർത്തലും തടസമില്ലാത്ത മാനുഷിക സഹായം എത്തിക്കലും ആവശ്യപ്പെടുന്ന യുഎൻ പൊതുസഭയിലെ പ്രമേയത്തിൽ നിന്നുള്ള ഇന്ത്യയുടെ വിട്ടുനിൽക്കലായിരുന്നു അതിലൊന്ന്. ഇറാനെതിരായ ഏകപക്ഷീയ ആക്രമണത്തിനെതിരെ ഷാൻഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ നിന്നു മാറി സ്വന്തമായി പ്രതികരണം നടത്തിയതായിരുന്നു രണ്ടാമത്തെ ഉദാഹരണം. ഇസ്രയേൽ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച എസ്‌സിഒ പ്രസ്താവന അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തിന്റെയും കടുത്ത ലംഘനവും ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നാണ് നിലപാടെടുത്തത്. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. എസ്‌സിഒ പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തില്ലെന്നും തങ്ങളുടെ നിലപാട് അംഗരാജ്യങ്ങളെ അറിയിച്ചുവെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. ഇറാന്റെ ഏകപക്ഷീയ അതിക്രമങ്ങളെയല്ല, ഇറാനും ഇസ്രയേലും തമ്മിലുണ്ടായിരിക്കുന്ന സംഭവങ്ങളെയാണ് ഇന്ത്യ അപലപിച്ചത്. പലസ്തീൻ വിഷയത്തിലും ഇറാനെതിരായ അതിക്രമങ്ങളിലും ഇസ്രയേലിനോടുള്ള മൃദുസമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്. ശീതയുദ്ധകാലത്തും അതിനു പിന്നീടും ഇന്ത്യ പിന്തുടർന്നുപോരുന്ന ചേരിചേരാ നയത്തെയും ആഗോളസമാധാനത്തിനായുള്ള ശക്തമായ നിലപാടിനെയുമാണ് ഇതിലൂടെ ബിജെപി സർക്കാർ അട്ടിമറിച്ചിരിക്കുന്നത്. യുഎസിനെയും ഇസ്രയേലിനെയും വെറുപ്പിക്കരുതെന്ന ഈ നിലപാട് ഇരട്ടത്താപ്പാണെന്ന് മാത്രമല്ല, ഇന്ത്യക്ക് അപകടകരമായിരിക്കുമെന്നതിൽ സംശയവുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.