25 April 2024, Thursday

അക്രമം അവസാനിപ്പിക്കാന്‍ അഭിപ്രായ സമന്വയം അനിവാര്യം

Janayugom Webdesk
July 2, 2022 5:00 am

കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവപരമ്പരകളാണ് സമീപകാലത്ത് അവിടവിടെയായി അരങ്ങേറുന്നത്. വ്യാഴാഴ്ച പാതിരാത്രിയോടടുപ്പിച്ച് സിപിഐ(എം) സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനുനേരെ നടന്ന ബോംബാക്രമണം ആ പരമ്പരയിലെ മറ്റൊരു അപലപനീയ സംഭവമാണ്. സംസ്ഥാനത്തെ കലുഷിത രാഷ്ട്രീയാന്തരീക്ഷത്തിന്റെ ബഹിർസ്ഫുരണമായേ അതിനെ കാണാനാവൂ. അതിനുപിന്നിൽ ആസൂത്രണവും ഗൂഢാലോചനയും സംശയിക്കുക സ്വാഭാവികമാണ്. കല്പറ്റയിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിനുനേരെ നടന്ന ആക്രമണത്തെ തുടർന്ന് തങ്ങളുടെ പ്രവർത്തകർക്കിടയിൽ പ്രതികാരവാഞ്ഛ ആളിക്കത്തിക്കാൻ കോൺഗ്രസിന്റെ സമുന്നത നേതാക്കളുടെ ഭാഗത്തുനിന്നും പരോക്ഷമായ ആഹ്വാനവും പ്രേരണയും ഉണ്ടായി. ആ സംഭവത്തെ മുതലെടുത്ത് സിപിഐ(എം)നും എൽഡിഎഫ് സർക്കാരിനുമെതിരെ പുതിയ ഒരു യുദ്ധമുഖം തുറക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പൊതുജന പിന്തുണയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന സാഹചര്യത്തിൽ അവർക്ക് അതിൽനിന്നും പിന്മാറേണ്ടിവന്നു. തുടർന്ന് ഏറ്റെടുക്കാൻശ്രമിച്ച സ്വപ്നാ സ്വർണക്കടത്ത് വിവാദവും തിരിഞ്ഞുകൊത്തുന്ന സാഹചര്യത്തിൽ പത്തിമടക്കാൻ കോൺഗ്രസ് നിർബന്ധിതമായി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്ന കേരളത്തിലെ കോൺഗ്രസുകാരുടെ ആവശ്യം സോണിയാഗാന്ധി മുതൽ താഴോട്ട് ഒരു കോൺഗ്രസ് നേതാവിന്റെയും അനുഭവവുമായി പൊരുത്തപ്പെടുന്നതല്ല. ഇഡിയുടെ ചേദ്യംചെയ്യലിന് വിധേയനായ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ പോയ എംപിമാരടക്കം കോൺഗ്രസ് നേതാക്കളുടെ അനുഭവസാക്ഷ്യം രാജ്യത്തിന് മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിൽ ബോംബാക്രമണത്തിനു പിന്നിൽ ഉയരുന്ന സംശയം തികച്ചും സ്വാഭാവികമാണ്.


ഇതുകൂടി വായിക്കു; രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന അട്ടിമറികള്‍ തുടര്‍ക്കഥയാകുന്നു


രാഷ്ട്രീയപാർട്ടികളുടെയും ഇതര രാഷ്ട്രീയ സംഘടനകളുടെയും സ്വതന്ത്രവും നിർഭയവുമായ പ്രവർത്തനം ഉറപ്പുനൽകേണ്ടത് സർക്കാരിന്റെ മാത്രമല്ല സമൂഹത്തിന്റെയാകെ കൂട്ടുത്തരവാദിത്തമാണ്. അത് ഓരോ രാഷ്ട്രീയപാർട്ടിയുടെയും രാഷ്ട്രീയ സംഘടനകളുടെയും അവഗണിക്കാനാവാത്ത ജനാധിപത്യ ബാധ്യതയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ഭരണഘടനാപരമായിത്തന്നെ കക്ഷിരാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ് എന്നതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികളുടെ നിർഭയമായ പ്രവർത്തന സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂലക്കല്ലായി വർത്തിക്കുന്നു. കോൺഗ്രസും സിപിഐ(എം)ഉം അടക്കം പ്രതിപക്ഷപാർട്ടികൾ ഓരോന്നും ബിജെപി ദുർഭരണത്തിനെതിരെ ശബ്ദമുയർത്തുന്നതും പോരാടുന്നതും ആ സ്വാതന്ത്ര്യത്തിനു വേണ്ടികൂടിയാണ്. ഇവിടെയാണ് കേരളത്തിൽ രാഷ്ട്രീയപാർട്ടികളുടെ ഓഫീസിനുനേരെ നടക്കുന്ന അക്രമപ്രവർത്തന പരമ്പരകൾ സാമാന്യജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അസ്വസ്ഥമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമടക്കം കേരള രാഷ്ട്രീയത്തിലെ വിവേകമതികളായ പരിച്ഛേദമാകെത്തന്നെ രാഷ്ട്രീയപാർട്ടി ഓഫീസുകൾക്കു നേരെയുള്ള ആക്രമണ പ്രവണതയെ അപലപിക്കുകയും അതിനെതിരെ താക്കിത് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

കല്പറ്റയിൽ തന്റെ ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തോട് രാഹുൽഗാന്ധി നടത്തിയ പക്വതയാർന്ന പ്രതികരണവും ശ്രദ്ധേയമാണ്. രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളുടെ ഈ ദൃശനിലപാടുകൾ ഉയർത്തിപ്പിടിച്ചു അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾക്ക് സർക്കാരും അത്തരക്കാരെ നിർദാക്ഷിണ്യം ഒറ്റപ്പെടുത്താൻ പാർട്ടി നേതൃത്വങ്ങളും തയാറായാൽ ഈ രാഷ്ട്രീയ വിപത്തിനു വലിയൊരളവു തടയിടാനാവും.
എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിലെ പ്രതിക്കുവേണ്ടിയിട്ടുള്ള തിരച്ചിൽ പൊലീസ് ഊർജിതമായി തുടരുകയാണ്. പ്രതിയെ പിടികൂടി ചോദ്യം ചെയ്യുമ്പോഴേ അതിന്റെ പിന്നിലെ അന്തർനാടകം എന്തെന്ന് അറിയാനാവു. കല്പറ്റ സംഭവത്തിൽ പ്രതികളെ അതിവേഗം പിടികൂടാനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കഴിഞ്ഞത് അത് ഒരുപറ്റം അപക്വമനസുകളുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി ആയിരുന്നുവെന്ന് വ്യക്തമാണ്. നമ്മുടെ ജനാധിപത്യ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിതാന്തജാഗ്രതയും രാഷ്ട്രീയപാർട്ടികളുടെ നിശ്ചയദാർഢ്യവും കൂടിയേതീരൂ. ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർത്ഥ സംരക്ഷകരായി വർത്തിക്കേണ്ടത് ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ, അതിനോട് തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളാണ്. ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്കിടയിൽ അഭിപ്രായസമന്വയം വളർത്തിയെടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. എൽഡിഎഫ് സർക്കാർ ഈ വിഷയത്തിൽ സർവകക്ഷിയോഗമടക്കം പ്രായോഗിക നടപടികളെപ്പറ്റി ചിന്തിക്കേണ്ടതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.