ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ആവർത്തിച്ചു. ആമുഖത്തിലെ പദങ്ങളെല്ലാം ഭരണഘടനയുടെ കാതലായ മൂല്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താതെ പാർലമെന്റിന് ആമുഖത്തിൽ ഭേദഗതി വരുത്താമെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചിട്ടുമുണ്ട്. ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യം, ഭരണഘടന അട്ടിമറിച്ച് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ആർഎസ്എസിന്റെ ദീർഘകാല ലക്ഷ്യത്തെയാണ് തുറന്നുകാട്ടുന്നത്. സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരെയും അധിനിവേശത്തിനെതിരെയും ധീരമായി പോരാടിയ എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളുടെയും സ്വപ്നങ്ങളുടെയും ജീവസുറ്റ പവിത്രരേഖയാണ് ഇന്ത്യൻ ഭരണഘടന. ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഏകപക്ഷീയമായ കൂട്ടിച്ചേർക്കലായിരുന്നില്ല. സ്വാതന്ത്ര്യ പോരാളികൾ എന്തിനായി നിലനിന്നുവോ, ഏതൊരു ആദർശത്തെപ്രതി ജീവൻ ബലിയർപ്പിച്ചുവോ ആ അടിസ്ഥാന മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളിലും അവരുടെ ആദർശങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. 1976ൽ ഇന്ദിരാഗാന്ധി സർക്കാർ ഈ പദങ്ങള്‍ ചേർക്കുമ്പോൾ മഹനീയമായ ആ പൈതൃകത്തെ സ്ഥിരീകരിക്കുകയായിരുന്നു. അംബേദ്കറുടെ ഭരണഘടനയിൽ മതേതരം എന്ന വാക്ക് ഇല്ലായിരുന്നു എന്ന ഹൊസബലെയുടെ വാദവും തെറ്റാണ്. മൗലികാവകാശങ്ങൾ വിവരിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ആ പദം നിലനിന്നിരുന്നു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അനുച്ഛേദം 25ലെ ക്ലോസ് (2)(എ) പരിധിയിലും മതേതരം എന്ന വാക്ക് പരാമർശിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ അനുഷ്ഠാനങ്ങളും പ്രചരണവും നടത്താനുള്ള അവകാശം ഇതിൽ ഉൾപ്പെടുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് അവരുടെ മതാചാരങ്ങൾ പിന്തുടരാനും, ആരാധന നടത്താനും, പ്രചരിപ്പിക്കാനും ഈ വകുപ്പ് അനുമതി നൽകുന്നു. അതിനാൽ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പുതന്നെ മതേതരം എന്ന ആശയം മൗലികാവകാശങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ആർഎസ്എസിന്റെ അസ്വസ്ഥത ആമുഖത്തിൽ മാത്രമല്ല, ഭരണഘടനയില്‍ മൊത്തം പടർന്നിരിക്കുന്നതാണ്. സ്വാതന്ത്ര്യസമര സേനാനികളും ഭരണഘടനാ സ്ഥാപകരും വിലമതിച്ച മൂല്യങ്ങള്‍ സംഘ്പരിവാറിന് സഹിക്കാൻ കഴിയില്ല. കാരണം ലളിതം, സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആർഎസ്എസ് ഒരു പങ്കും വഹിച്ചിട്ടില്ല. അവർ ബ്രിട്ടീഷുകാരുമായി ചേർന്ന് മതാടിസ്ഥാനത്തിൽ ഇന്ത്യക്കാർക്കിടയിൽ ഭിന്നത സൃഷ്ടിച്ച് ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താന്‍ ശ്രമിച്ചു. അങ്ങനെ, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രത്തെ ആർഎസ്എസ് പ്രോത്സാഹിപ്പിച്ചു. ഭരണഘടനയെ അട്ടിമറിക്കാനുള്ള ഉദ്ദേശ്യം ആർഎസ്എസ് പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവർ കാലാകാലങ്ങളിൽ ഇത് ചെയ്തുവരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ 400ലധികം സീറ്റുകൾ നേടിയാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് ബിജെപി നേതൃത്വം ഘോഷിച്ചിരുന്നു. ഇത്തരം അവകാശവാദങ്ങൾ രാജ്യവ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കി. എന്നാൽ അമിത് ഷായാകട്ടെ തന്റെ പ്രസംഗങ്ങളിൽ മതേതരം എന്ന വാക്കിനോടുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ചു. ഭരണഘടനയിൽ നിന്ന് ഈ പദം നീക്കം ചെയ്യപ്പെടുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തെ നിഷേധിക്കുന്നുമുണ്ട്. ജനങ്ങളിൽ ആശങ്ക പടരുകയും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എണ്ണം 303ൽ നിന്ന് 240 ആയി കുറയുകയും ചെയ്തു. ആർഎസ്എസ് ജനറൽ സെക്രട്ടറി ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരം എന്നീ പദങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച ഉടൻ, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ജിതേന്ദർ സിങ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ആർഎസ്എസിന് ഒപ്പം ചേർന്നു. ആമുഖത്തിലെ ഈ പദങ്ങൾ സനാതന ധർമ്മോല്ലംഘനം എന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറുടെ അഭിപ്രായം. ഭരണഘടനയെ ആക്രമിക്കാനുള്ള ബിജെപി — ആർഎസ്എസ് ഐക്യമാണ് ഇത്തരം യോജിച്ച നീക്കങ്ങളിലൂടെ പ്രകടമാകുന്നത്. മതേതരത്വത്തിൽ അസ്തിവാരമിട്ട് ഇന്ത്യൻ രാഷ്ട്രം സ്ഥാപിക്കുന്നതിനായിരുന്നു ഭരണഘടനാ അസംബ്ലി പ്രവർത്തിച്ചിരുന്നത്. 1949 ഒക്ടോബർ 14ന് ഭരണഘടനാ അസംബ്ലിയിൽ സർദാർ വല്ലഭഭായ് പട്ടേൽ പറഞ്ഞു “മതേതര രാഷ്ട്രമായ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന, സാമുദായിക അടിസ്ഥാനത്തിലുള്ള ഏതെങ്കിലും വ്യവസ്ഥയിലൂടെ വികൃതമാക്കാനാവില്ല.” അസംബ്ലിയിലെ മറ്റൊരംഗമായ ടി ജെ എം വിൽസൺ 1949 നവംബർ 23ന് മതേതര രാഷ്ട്രത്തിന്റെ പ്രാധാന്യത്തെ വിശദീകരിച്ചു: “ഭരണഘടനയുടെ ഏറ്റവും വലിയ നേട്ടം അതിന്റെ മതേതര സ്വഭാവവും അതിൽ നിന്ന് ഉയർന്നുവരുന്ന മതേതര രാഷ്ട്രവുമാണ്. രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നേടിയെടുക്കാനായി ഭരണഘടനയിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഇരുട്ടിലാക്കുകയും അതിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കറുത്തശക്തികൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ (ജവഹർലാൽ നെഹ്രു) മാർഗനിർദേശത്തിലും നേതൃത്വത്തിലും രാജ്യത്തെ പുരോഗമന ശക്തികൾ ഇരുട്ടകറ്റും. മതേതര രാഷ്ട്രങ്ങളായി മാറും മുമ്പ് യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും അനുഭവിച്ച നാശത്തിന്റെയും ദുരിതത്തിന്റെയും നാളുകളിലൂടെ കടന്നുപോകാൻ നമ്മുടെ രാജ്യത്തെ അനുവദിക്കില്ല”. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഉൾപ്പെടുത്തിയത് സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്. 2024 നവംബറിൽ ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ തലേന്ന്, ഈ പദങ്ങൾ ആമുഖത്തിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഭരണഘടന അംഗീകരിക്കുന്ന സമയത്ത് ആമുഖത്തിൽ ഈ പദങ്ങൾ ഇല്ലായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം പിന്നീട് ചേർത്തത് അസാധുവാക്കാൻ കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.