February 8, 2023 Wednesday

കൊറോണ കാലത്തും കച്ചവടതാല്പര്യത്തില്‍ കണ്ണുംനട്ട്

Janayugom Webdesk
April 25, 2020 5:10 am

രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലാണ്. സുപ്രീംകോടതി പോലും അത്യാവശ്യ കേസുകള്‍ മാത്രമെ കേള്‍ക്കുന്നുള്ളു. എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാരാകട്ടെ തങ്ങളുടെ കോര്‍പ്പറേറ്റ് വിടുപണി അവിരാമം തുടരുകയാണ്. അടച്ചുപൂട്ടലിന്റെ ഈ ദിനങ്ങളിലാണ് വെെദ്യുതി നിയമം 2020 നുവേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നത്. ഇലക്ട്രിസിറ്റി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള കരട് (ഭേദഗതി) ബില്ലിന് ഊര്‍ജ്ജ മന്ത്രാലയം 2020 ഏപ്രില്‍ 17ന് അംഗീകാരം നല്‍കി. ബില്ലില്‍ പ്രതികരണം രേഖപ്പെടുത്തുന്നതിന് 21 ദിവസക്കാലമാണ് അനുവദിച്ചിട്ടുള്ളത്. അതായത്, അടച്ചുപൂട്ടല്‍ അവസാനിക്കുന്നതുമുതല്‍ ഒരാഴ്ചക്കാലം മാത്രമാണ് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ലഭിക്കുക. ഇതിനുമുമ്പ് 2014ലും 2018ലും സമാനമായ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് തവണയും സര്‍ക്കാരിന് ആ ശ്രമത്തില്‍ നിന്നും പിന്മാറേണ്ടിവന്നു. പല സംസ്ഥാന സര്‍ക്കാരുകളും ഊര്‍ജ്ജരംഗത്തെ എന്‍ജിനീയര്‍മാരും ജീവനക്കാരും ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഒരുപക്ഷെ ആ അനുഭവമായിരിക്കും കൊറോണ ബാധയുടെ ഈ കെട്ടകാലത്തിന്റെ മറവില്‍ പുതിയ നീക്കത്തിന് പ്രേരകമായിട്ടുണ്ടാവുക. 2003ലെ ഇലക്ട്രിസിറ്റി നിയമം വെെദ്യുതി രംഗത്ത് ഭാവി എന്താണ് ഉപഭോക്താക്കളായ ജനങ്ങള്‍ക്ക് കരുതിവച്ചിരിക്കുന്നതെന്ന് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. വെെദ്യുതി ഒരു അവശ്യ സേവനതുറ എന്നതിനുപകരം എല്ലാ‍ അര്‍ത്ഥത്തിലും ആ രംഗത്തിന്റെ വിപണിവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും തന്നെയാണ് ആ നിയമം ലക്ഷ്യം വച്ചിരുന്നത്. ഊര്‍ജ്ജമേഖലയെ ഒരു വ്യവസായം എന്ന നിലയില്‍ ‘മത്സരാധിഷ്ഠിതവും കാര്യക്ഷമവും ലാഭകരവുമായ’ ഒരു വിപണിയായി വികസിപ്പിക്കുക എന്നതായിരുന്നു ആ ലക്ഷ്യം.

വെെദ്യുതിരംഗത്ത് നിലവിലുള്ള റഗുലേറ്ററി കമ്മീഷന്‍/അതോറിറ്റി, പരാതി പരിഹാര സംവിധാനം എന്നിവകള്‍ക്ക് പുറമെ വെെദ്യുതി കരാര്‍ നടപ്പാക്കാന്‍ ചുമതലയുള്ള അധികാര കേന്ദ്രംകൂടി പുതിയ ഭേദഗതിബില്‍ വിഭാവനം ചെയ്യുന്നു. അത് വെെദ്യുതി ഉപഭോക്താക്കളുടെ താല്പര്യത്തിന് ഉപരി വെെദ്യുതി ഉല്പാദകരുടെയും വിതരണക്കാരുടെയും ഈ രംഗത്തെ കരാറുകാരുടെയും ലാഭതാല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനം ആയിരിക്കും. സുപ്രീം കോടതിയുടെ നിലവിലുള്ള വിധിയുടെ അ­ന്ത­സത്ത നിരാകരിക്കുക എന്നതാണ് ഭേ­ദ­ഗതി നിയമം വഴി മോഡി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സാസന്‍ പവര്‍ ലിമിറ്റഡിനെതിരായ ഇന്ത്യന്‍ പവര്‍ എന്‍ജിനിയേഴ്സ് ഫെഡറേഷന്‍ കേസില്‍ ഊര്‍ജ്ജനിരക്കും പൊതുതാല്പര്യവും തമ്മിലുള്ള ബന്ധത്തെ അസന്ദിഗ്ധമായി വിശകലനം ചെയ്യുന്നുണ്ട്. ‘വെെദ്യുതി നിരക്കിനെ ബാധിക്കുന്ന എന്തും ഉപഭോക്താവിന്റെയും അതുവഴി പൊതുതാല്പര്യത്തേയുമാണ് പ്രതികൂലമായി ബാധിക്കുക’ എന്ന് കോടതി നിരീക്ഷിക്കുന്നു. മാത്രമല്ല, ഉല്പാദകര്‍ക്കും വിതരണക്കാര്‍ക്കും കരാറുകള്‍ക്കും അനുകൂലമായ ഏതെങ്കിലും ഇളവുകള്‍ ‘പൊതുതാല്പര്യത്തെ ഹനിക്കുന്നതായി കണ്ടെത്തിയാല്‍ പൊതുതാല്പര്യം സംരക്ഷണാര്‍ത്ഥം ഇടപെടു‘മെന്നും കോടതി പറയുന്നു. ഉപഭോക്താവിന്റെ, അതായത് പൊതുസമൂഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമെന്ന് രാജ്യത്തെ പരമോന്നത കോടതി കണ്ടെത്തിയ മുതലാളിത്ത, കച്ചവട താല്പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥമാണ് മോഡി സര്‍ക്കാര്‍ പുതിയ ഭേദഗതി ബില്ലുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

വെെദ്യുതി ബില്‍ 2020നെപ്പറ്റി ഒരു സമഗ്ര വിശകലനം ഇവിടെ അപ്രസക്തമാണ്. വെെദ്യുതി ഉല്പാദന വിതരണരംഗം മത്സരാധിഷ്ഠിതവും അതുവഴി കാര്യക്ഷമവും ഉപഭോക്താവിന് ലാഭകരവും ആക്കുക, സ്വകാര്യ കുത്തക പൊതു കുത്തകയെക്കാള്‍ മികവുറ്റതായിരിക്കും തുടങ്ങിയ മുതലാളിത്ത സാമ്പത്തിക നിഗമനങ്ങളാണ് ഭേദഗതി ബില്ലിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം. അതിനുവേണ്ടി സര്‍ക്കാര്‍ തിരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും ആ മുതലാളിത്ത യുക്തിയുടെ മുനയൊടിക്കാന്‍ മതിയായതാണ്. മനുഷ്യരാശി സമീപകാല ചരിത്രത്തില്‍ ഏറ്റവും ബീഭത്സമായ വെല്ലുവിളിയാണ് കൊറോണ വെെറസ് മഹാമാരി ഉയര്‍ത്തിയിരിക്കുന്നത്. അതിനെ പ്രതിരോധിക്കാനും അതിനെതിരായ കടന്നാക്രമണം നയിക്കാനും സ്വകാര്യ മേഖലക്കല്ല മറിച്ച് പൊതുമേഖലാ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് മാത്രമാണ് കഴിയുന്നതെന്നത് സ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കളെയും പ്രയോക്താക്കളെയും പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കേണ്ടതാണ്. എന്നാല്‍ മൂലധന താല്പര്യങ്ങള്‍ക്ക് അടിയറവു പറഞ്ഞ ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ ജനകീയ ഇടപെടല്‍ കൂടിയെതീരു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.