Web Desk

March 23, 2020, 4:30 am

പ്രതിരോധത്തിന്റെ ഗിരിശൃംഗങ്ങൾക്ക് വിധേയപ്പെടണം

Janayugom Online

 പരിചിതമല്ലാത്ത പലതും പരിചയപ്പെടുത്തുകയാണ് കോവിഡ് 19നെ വലയം ചെയ്യുന്ന വർത്തമാനം. വാതിലുകൾ ചേർത്തടയ്ക്കുന്ന ജില്ലകൾ, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ. രാജ്യം വീടുകളിലേക്ക് ഒതുങ്ങുകയാണ്. അനുനിമിഷം മൂർച്ഛിക്കുന്ന ഇറ്റലിയുടെ ദുരന്തം, നമുക്കു ചുറ്റും തീർക്കപ്പെടുന്ന പ്രതിരോധത്തിന്റെ ഗിരിശൃംഗങ്ങളെ അംഗീകരിയ്ക്കാൻ മടിക്കരുത് എന്ന് കാർക്കശ്യത്തോടെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. “ഞങ്ങൾക്ക് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. പകർച്ചവ്യാധി നമ്മെ കൊല്ലുകയാണ്. ഭൂമിയിൽ ചെയ്യാനുള്ള പരിഹാര മാർഗങ്ങൾ അവസാനിച്ചു. ഇനി ആകാശത്തിലേക്ക് വിടുകയാണ്” ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പേ കോൻതേയുടേതായി ഇന്നലെ പ്രചരിച്ചതാണീ വാക്കുകൾ. കോവിഡ് 19 വൈറസ് വ്യാപനം അടിമുടി പിടിച്ചുലച്ച സാഹചര്യത്തിൽ രാജ്യത്ത് അടിയന്തര പ്രാധാന്യമുള്ളവയൊഴികെ എല്ലാ സൗകര്യങ്ങളും മരവിപ്പിച്ചിരിക്കുന്നു. മരണഭയത്താൽ രോഗികളായവരെ പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ അവരുടെ മുറികളിൽ തന്നെ സീലു ചെയ്ത് മരിക്കാൻ വിടുകയും ചെയ്യുന്ന ഇറ്റലിയുടെ അവസ്ഥ പണ്ട് വസൂരി വന്നപ്പോൾ പലരെയും ജീവനോടെ കുഴിച്ചിട്ട കഥകളിലെ വാസ്തവം ഓർമ്മിപ്പിക്കുന്നു. ജനതാ കർഫ്യൂവിനൊപ്പം ഇന്നലെ നാട് സഞ്ചരിച്ചപ്പോൾ തന്നെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ടവരിൽ ചിലർ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നത് നാം കണ്ടു. ആരോഗ്യ പ്രവർത്തകരോട് കലഹിക്കുന്നവരെയും ഇന്നലെ കണ്ടു. ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള പൊലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി. കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് കൈക്കൊളേളണ്ട നടപടികൾ സംബന്ധിച്ച് ഡിജിപി മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഹൃദയ സംബന്ധമായ അസുഖമുളളവർ, രക്താർബുദം ബാധിച്ചവർ എന്നിവർ നിരീക്ഷണത്തിലുണ്ടെങ്കിൽ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. ആരുടെയും സഹായമില്ലാതെ വീട്ടിൽ തനിയെ നിരീക്ഷണത്തിൽ കഴിയുന്നവരെയും കൂടുതൽ അംഗങ്ങളുളള വീടുകളിൽ കഴിയുന്നവരെയും ആവശ്യമെങ്കിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇങ്ങനെ മാറാൻ സ്വയം താൽപര്യം കാണിക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങൾ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. കടകളിൽ ഇത്തരം തിരക്കുണ്ടായാൽ ഉടമസ്ഥർ ഉടൻ പൊലീസിൽ വിവരമറിയിക്കണം. കൊവിഡ്19 മായി ബന്ധപ്പെട്ട് നിരീക്ഷണം, ചികിത്സ, പരിശോധനകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവയെക്കുറിച്ച് സംസ്ഥാന സർക്കാർ നിരവധി നിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. മറുതലിക്കുന്ന ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരോട് ലോകാരോഗ്യ സംഘടന ആവർത്തിയ്ക്കുന്നു. നിങ്ങൾ അജയ്യരല്ല.

നിങ്ങളേയും വൈറസ് കീഴടക്കാം. ദിവസങ്ങളോളം ആശുപത്രിയയിൽ തളച്ചിടാനോ ജീവൻ നഷ്ടപ്പെടുത്താൻ ഈ വൈറസിന് കഴിയും. ഒരു പക്ഷെ നിങ്ങളെ ബാധിച്ചില്ലെങ്കിലും മറ്റൊരാളുടെ മരണത്തിന് നിങ്ങൾ കാരണമായേക്കാം. അതിനാൽ എവിടെയൊക്കെ സഞ്ചരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദനോം ഗുട്ടറോസസ് പറഞ്ഞു. ഏതാനും മനുഷ്യർ സോംബികളെപ്പോലെ(ഹൊറർ സിനിമകളിലെ പ്രേത കഥാപാത്രങ്ങൾ) ചലനമറ്റ് താഴേക്ക് വീഴുന്നതിന്റെ ദുസ്വപ്നങ്ങളാണിവർ സർക്കാരിനും നാടിനുമൊപ്പം നിൽക്കുന്ന ജനങ്ങൾക്ക് നൽകുന്നത്. നോവലിസ്റ്റും ചിന്തകനും നൊബേൽ ജേതാവുമായ ആൽബേർ കാമുവിന്റെ നോവൽ ദ പ്ലേഗ് (ലെ പെസ്റ്റെ) ആണ് കോവിഡ് കാലത്തെ ഇഷ്ടപുസ്തകമായി യൂറോപ്പ് വിലയിരുത്തുന്നത്. അൾജീരിയയിലെ ഒറാൻ നഗരത്തിൽ മാരകമായ പ്ലേഗ് രോഗം പിടിപെടുന്നതാണ് 1947ൽ പുറത്തിറങ്ങിയ നോവലിന്റെ പ്രമേയം. ഏഴു ദശാബ്ധം മുമ്പ് കാമു ഭാവനയിൽ കണ്ട ജീവിതാവസ്ഥ യാഥാർഥ്യമായതാണ് ‘ദ പ്ലേഗ് ’ വീണ്ടും വായിക്കാൻ യൂറോപ്യൻമാരെ പ്രേരിപ്പിക്കുന്നത്. മഹാമാരിയെത്തുടർന്ന് പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുന്ന ഒരു ജനതയുടെ ജീവിതത്തിലെ നിസഹായാവസ്ഥയും പൊരുതി ജയിക്കാനുള്ള പരിശ്രമവുമാണ് നോവലിന്റെ പ്രമേയം. നിയന്ത്രണങ്ങളെ തടങ്കലായിക്കണ്ട് ഭരണകൂടത്തോട് കലഹിക്കുകന്ന ഒറാൻ നഗരവാസികളെയും കാമു വരയ്ക്കുന്നുണ്ട്. രോഗം കൂടുതൽ പേരിലേയ്ക്ക് പകരാതിരിക്കാൻ കടുത്ത നിയന്ത്രണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി തുടർച്ചയായി ഓർമ്മിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച 15 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി. വേർപിരിയലുകൾ അനിവാര്യമാകുമ്പോഴാണ് പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്നത്. അവരിൽ നിന്ന് അകന്ന് മാറിനിൽക്കുന്നതിന്റെ വേദന തിരിച്ചറിയുന്നത്. ഒരു നഗരമാകെ തടവിലാക്കപ്പെട്ട നാളുകൾ സ്നേഹബന്ധത്തിന്റെ പ്രാധാന്യവും മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയും ഒറാൻ നിവാസികളെ പഠിപ്പിക്കുന്നതായി മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. പ്രതിരോധത്തിനായുള്ള കാർക്കശ്യങ്ങൾ സൗഹൃദവും കരുതലും ഊട്ടിയുറപ്പിക്കുന്നതാകണം. ഇന്നലെ വൈകുന്നേരം ആരോഗ്യപ്രവർത്തകർക്കായി മുഴങ്ങിയ കരഘോഷം പോലെ.