26 March 2024, Tuesday

യുഎസ് ഭരണകൂടത്തിന്റെ ക്യൂബന്‍ വിദ്വേഷം

Janayugom Webdesk
September 10, 2021 3:40 am

ലോകത്തിന്റെയാകെ എതിര്‍പ്പുയര്‍ന്നിട്ടും ക്യൂബയ്ക്കെതിരായ ഉപരോധം ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്നതിനുള്ള നിയമത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചിരിക്കുന്നു. ബൈഡന്‍ ഒപ്പുവച്ച നിയമത്തിന്റെ പേര് ശത്രുവുമായുള്ള വ്യാപാരത്തിന്റെ നിരോധനം എന്നതാണ്. ജൂണ്‍ മാസത്തില്‍ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ക്യൂബയ്ക്കെതിരായ ഉപരോധം പിന്‍വലിക്കണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ക്യൂബയ്ക്കെതിരെയുള്ള സാമ്പത്തിക വാണിജ്യ ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്ന പ്രസ്തുത പ്രമേയത്തെ 184 രാജ്യങ്ങളാണ് അനുകൂലിച്ചത്. രണ്ടുരാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ മൂന്ന് രാജ്യങ്ങള്‍ വിട്ടുനിന്നു. 28 വര്‍ഷത്തിലധികമായി ആഗോളസമൂഹം ക്യൂബയ്ക്കെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അത് ചെവിക്കൊള്ളാതെ ഉപരോധം തുടരുന്ന സമീപനമാണ് യുഎസില്‍ നിന്നുണ്ടായിരിക്കുന്നത്.

ജൂണില്‍ ഐക്യരാഷ്ട്രസഭയില്‍ മഹാഭൂരിപക്ഷം പിന്തുണച്ചിട്ടുപോലും അത് അംഗീകരിക്കാതെ ഉപരോധം ഒരുവര്‍ഷത്തേക്കുകൂടി (2022 സെപ്റ്റംബര്‍ 14വരെ) നീട്ടുന്ന തീരുമാനത്തില്‍ ബൈഡന്‍ ഒപ്പുവയ്ക്കുകയായിരുന്നു. യുഎസിന്റെ ദേശീയ താല്പര്യത്തിനനുസരിച്ചാണ് ഇതെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ പലപ്പോഴും യുഎസ് ഭരണകൂടം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഘട്ടത്തില്‍ ആ രാജ്യത്തുനിന്നുതന്നെ അതിനെതിരെയുള്ള ശബ്ദങ്ങള്‍ ഉയരാറുണ്ടെന്നത് വസ്തുതയാണ്. ഉപരോധത്തിന്റെ ഫലമായുണ്ടാകുന്ന രോഗങ്ങള്‍, പട്ടിണി, മറ്റ് ദുരിതങ്ങള്‍ എന്നിവ കാരണം ക്യൂബ തങ്ങളുടെ വരുതിയില്‍ വരുമെന്ന സങ്കല്പത്തിലാണ് അമേരിക്ക ഈ നിലപാട് സ്വീകരിക്കുന്നതെന്ന് വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ഐക്യരാഷ്ട്രസഭയ്ക്ക് ക്യൂബ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് യുഎസ് ഉപരോധത്തെതുടര്‍ന്ന് രാജ്യത്തിനുണ്ടായ നഷ്ടം ഒരു ലക്ഷംകോടി രൂപയിലധികമാണ്. മഹാമാരിയുടെ തുടക്കഘട്ടത്തില്‍ അതായത് 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാത്രം 26,377 കോടി രൂപയുടെ നഷ്ടമുണ്ടായി. എങ്കിലും വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുകയാണ് ക്യൂബ എന്ന കൊച്ചുരാജ്യം. കോവിഡ് മഹാമാരിക്കാലത്ത് തങ്ങളുടെ ജനങ്ങളെ മാത്രമല്ല ലോകത്താകെയുള്ള ദരിദ്ര — ദുര്‍ബ്ബല രാജ്യങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിന് ആ രാജ്യം സന്നദ്ധമായി.


ഇതു കൂടി വായിക്കുക; തെരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യംവച്ച്‌ പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തിന്‌ അപമാനം, Editorial


തദ്ദേശീയമായ പ്രതിരോധമരുന്നുകളും അവര്‍ വികസിപ്പിച്ചെടുത്തു. സ്വന്തം ജനങ്ങളെ പോലും മഹാമാരിയില്‍ നിന്ന് രക്ഷിക്കാനാകാതെ അന്നത്തെ ട്രംപ് ഭരണകൂടം വിറങ്ങലിച്ചു നില്ക്കുമ്പോഴായിരുന്നു ക്യൂബയുടെ മഹാമാരിക്കെതിരായ ആഗോളസഹായം. കഴിഞ്ഞ വര്‍ഷം മഹാമാരിക്കാലത്താണ് ലോകത്തിന്റെയാകെ എതിര്‍പ്പ് പരിഗണിക്കാതെ ആഗോളതീവ്രവാദത്തെ സഹായിക്കുന്നുവെന്ന കാരണം ആരോപിച്ച് ട്രംപ് ഭരണകൂടം ഉപരോധം ഒരുവര്‍ഷത്തേയ്ക്ക് നീട്ടിയത്. യഥാര്‍ത്ഥത്തില്‍ തീവ്രവാദികളുടെ കൂട്ടാളികളായ അമേരിക്ക ക്യൂബയെ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന് മുദ്രകുത്തുകയായിരുന്നു. 62 വര്‍ഷത്തിലധികമായി യുഎസിന്റെ ഉപരോധങ്ങളെ വെല്ലുവിളിച്ച് നിലക്കൊള്ളുന്ന ക്യൂബയെ അസ്ഥിരപ്പെടുത്തുന്നതിന് തീവ്രവാദത്തെയും വിഘടനവാദത്തെയും വെള്ളവും വളവും സമ്പത്തും നല്കി പോറ്റുന്ന രാജ്യമാണ് യുഎസ്. വെനസ്വേല ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വിഘടനവാദ ശക്തികള്‍ക്ക് നിര്‍ലോഭം അമേരിക്കന്‍സഹായം ലഭിക്കുന്നുണ്ട്. കൂടാതെ സ്വന്തം രാജ്യത്തെ അതിസമ്പന്നരുടെ വാണിജ്യ — സാമ്പത്തിക താല്പര്യങ്ങള്‍ക്കനുസരിച്ച് മറ്റു രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളും അടിസ്ഥാന സ്രോതസുകളും കൈപ്പിടിയിലാക്കുന്നതിന് ഭീകര — വിഘടനവാദ പ്രസ്ഥാനങ്ങളെ സഹായിച്ച രാജ്യമായിരുന്നു അമേരിക്ക.

പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങളിലും മധ്യേഷ്യയിലെ പ്രകൃതിവിഭവങ്ങളിലും കണ്ണുവച്ച് അതാതിടങ്ങളില്‍ ഭീകരപ്രസ്ഥാനങ്ങളെയും വിഘടനവാദികളെയും സൃഷ്ടിച്ച അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്രയും ക്രൂരതകള്‍ മറ്റൊരു രാജ്യവും നടത്തിയിട്ടില്ല. 2001ല്‍ യുഎസിന്റെ നെഞ്ചകം പിളര്‍ത്തിയതിന് സമാനമായി വിമാനം പറത്തി ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത അല്‍ ഖ്വയ്ദയുടെ പിറവിയുടെ പിതൃത്വവും അമേരിക്കയ്ക്കു തന്നെയായിരുന്നു. അതിന് പിന്നീട് ലോകത്താകെ ഭീകരവാദത്തിനെതിരെയെന്ന പേരില്‍ അമേരിക്ക നടത്തിയ നീക്കങ്ങളെല്ലാംതന്നെ അതാതിടങ്ങളില്‍ പുതിയ ഭീകര പ്രസ്ഥാനങ്ങളെ സൃഷ്ടിച്ചോ നിലവിലുള്ളവയെ വഴിവിട്ട് സഹായിച്ചോ ആയിരുന്നു. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്റെ ഭരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തവും അമേരിക്കയ്ക്കു തന്നെയാണ്. കഴിഞ്ഞ രണ്ട് ദശകത്തെ മാത്രം ലോക ചരിത്രമെടുത്താല്‍ അമേരിക്ക നടത്തിയ ഒരു ഡസനിലധികം അധിനിവേശത്തിന്റെയും ഭീകരസഹായത്തിന്റെയും ഉദാഹരണങ്ങള്‍ പെട്ടെന്നുതന്നെ ചൂണ്ടിക്കാട്ടാനാകും.

ഇതു കൂടി വായിക്കുക; മിണ്ടാതിരിക്കുക എന്ന ഭീഷണി, എന്നിട്ടും കലിയടങ്ങാതെ കേന്ദ്രത്തിന്റെ മാധ്യമവേട്ട, Editorial

എന്നാല്‍ ലോകത്തിനാകെ മഹാമാരിക്കാലത്തുള്‍പ്പെടെ സഹായഹസ്തം നീട്ടിയ കാരുണ്യത്തിന്റെ കഥകളല്ലാതെ ഒരു കൊച്ചുരാജ്യത്തുപോലും കടന്നുകയറിയതിന്റെ ആരോപണം ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത രാജ്യമാണ് കൊച്ചു ക്യൂബ. അത്തരം പശ്ചാത്തലമുള്ളതുകൊണ്ടാണ് യുഎസിനെ പോലെ ശക്തമായ രാജ്യത്തിന്റെ ഉപരോധത്തിന്റെ മുന്നിലും തളരാതെ പിടിച്ചുനില്ക്കുവാന്‍ ആ രാജ്യത്തിന് സാധിക്കുന്നത്. ലോകമാകെ കൂടെ നില്ക്കുന്നതും അതിനാല്‍ തന്നെയാണ്. എങ്കിലും ഓരോ വര്‍ഷവും ഉപരോധം നീട്ടിക്കൊണ്ട് പ്രകടിപ്പിക്കുന്ന ക്യൂബന്‍ വിരോധം ലോകത്തിന് മുന്നില്‍ അമേരിക്കയെ പരിഹാസ്യ കഥാപാത്രമാക്കുകയാണ്.

മിണ്ടാതിരിക്കുക എന്ന ഭീഷണി, എന്നിട്ടും കലിയടങ്ങാതെ കേന്ദ്രത്തിന്റെ മാധ്യമവേട്ട, Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.