May 25, 2023 Thursday

ജനാധിപത്യത്തിന്റെ സൗന്ദര്യം കെടുത്തരുത്

Janayugom Webdesk
May 25, 2023 5:00 am

രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങളില്‍ ഒന്നാണ് പാര്‍ലമെന്റ് മന്ദിരം. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളടങ്ങിയ ലോക്‌സഭ, രാജ്യസഭ എന്നിവയുടെ സമ്മേളനം ചേരുന്നതിനുള്ള ഹാള്‍ എന്നതിനപ്പുറം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നതുള്‍പ്പെടെയുള്ള വിശേഷണങ്ങളുള്ള മഹത്തായ സ്ഥാപനമാണത്. മനോഹരമെങ്കിലും നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം അഥവാ സന്‍സദ് ഭവന്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ (1921ല്‍) പണിതു തുടങ്ങിയതാണ്. 1927ലാണ് അക്കാലത്തെ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചേര്‍ന്നിരുന്ന മന്ദിരം പൂര്‍ത്തിയാക്കിയത്. അതുകൊണ്ടുതന്നെ ഏകദേശം ഒരു നൂറ്റാണ്ടാകുന്ന കെട്ടിടം കാലപ്പഴക്കമേറിയതാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെയും പിന്നീട് ജനപ്രതിനിധി സഭകളുടെയും കേന്ദ്രമായി അത് മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂടി കേന്ദ്രമായി അത് മാറി. നേരിട്ട് ഇതുവരെ കാണാതിരുന്ന, ഇപ്പോള്‍ ലോക്‌സഭ, രാജ്യസഭാ സമ്മേളനങ്ങളുടെ സംപ്രേഷണം കാണുന്ന ഏതൊരാള്‍ക്കും അതിന്റെ സ്ഥലപരിമിതി ബോധ്യപ്പെടുന്നതാണ്. പ്രത്യേകിച്ച് വിവിധ നിയമസഭാ മന്ദിരങ്ങളുടെ സ്ഥലവിസ്തൃതി കാണുന്നവര്‍ക്ക്.


ഇത് കൂടി വായിക്കൂ: വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം | JANAYUGOM EDITORIAL


അതുകൊണ്ടുതന്നെ വിശാലവും വരുംകാലത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണമെന്ന കാഴ്ചപ്പാട് നേരത്തെ തന്നെ ഉണ്ടായിരുന്നു. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ സൗകര്യക്കുറവും കാലപ്പഴക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും പരിഗണിച്ച് 2010ല്‍ പുതിയ മന്ദിരമെന്ന ആശയം രൂപപ്പെട്ടതാണ്. 2012ല്‍ ഇതുസംബന്ധിച്ച് പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സമിതിക്ക് രൂപം നല്കുകയും ചെയ്തിരുന്നു. പുരാവസ്തുപരമായ പ്രത്യേകതകളും ചരിത്ര പ്രാധാന്യവുമുള്ള മന്ദിരത്തെ അതേപടി നിലനിര്‍ത്തി വിപുലീകരണം വേണോ, പുതിയ മന്ദിരം സ്ഥാപിക്കണോ എന്നിങ്ങനെയുള്ള ചര്‍ച്ചകളും നടന്നു. അന്തിമ തീരുമാനം പല കാരണങ്ങളാല്‍ വൈകി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിന് തീരുമാനിക്കുകയായിരുന്നു. തലസ്ഥാന നഗരത്തിലെ ചരിത്ര, പൗരാണിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ മന്ദിരത്തിന് തൊട്ടടുത്ത് തന്നെ പുതിയ മന്ദിരം പണിയുന്നതിന്റെ പ്രവൃത്തി 2020 ഡിസംബറിലാണ് ആരംഭിക്കുന്നത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച ആശയങ്ങളും നടപടികളുടെ തുടക്കവുമുണ്ടായെങ്കിലും മറ്റ് പലതിലുമെന്നതു പോലെ ഇതിന്റെ പൈതൃകവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും ഏറ്റെടുത്ത് മേനി നടിച്ചു. മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയതും മോഡിയായിരുന്നു. മതേതര രാജ്യത്തെ ജനാധിപത്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് പ്രത്യേക മതവിഭാഗത്തിന്റെ ആചാരപ്രകാരമായിരുന്നുവെന്നത് വിവാദമായതുമാണ്. മന്ദിരം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം മേയ് 28ന് പ്രധാനമന്ത്രി മോഡിതന്നെ നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ലോക്‌സഭ, രാജ്യസഭ എന്നീ ജനാധിപത്യ സംവിധാനങ്ങളുടെ മേധാവിയെന്ന നിലയില്‍ രാഷ്ട്രപതിയെ ഉദ്ഘാടകയാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നുവെങ്കിലും അതിന് ചെവികൊടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. യഥാര്‍ത്ഥത്തില്‍ സാമാന്യ മര്യാദകളും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും വെല്ലുവിളിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇരുസഭകളുടെയും ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം അവയ്ക്കെല്ലാം മുകളിലുള്ള രാഷ്ട്രപതി നിര്‍വഹിക്കുകയെന്ന ഔചിത്യം പോലും മോഡിക്ക് ബോധ്യപ്പെടുന്നില്ല. ഭരണഘടനാ പദവിയിലുള്ള ഉപരാഷ്ട്രപതിയാണ് രാജ്യസഭാ ചെയര്‍മാന്‍. എന്നാല്‍ ബിജെപി നേതാവ് മാത്രമായ ലോക്‌സഭാ സ്പീക്കര്‍ക്കാണ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടന ചുമതലയുള്ളത്. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖറാണ് ഉദ്ഘാടനം ചെയ്തത് എന്നത് ഇവിടെയോര്‍ക്കണം.


ഇത് കൂടി വായിക്കൂ:ലെനിന്റെ വര്‍ധിക്കുന്ന പ്രസക്തി | JANAYUGOM EDITORIAL


രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനിടെ മാപ്പപേക്ഷ നല്കിയതിന്റെ പേരില്‍ കുപ്രസിദ്ധനായ സവര്‍ക്കറുടെ ജന്മദിനമാണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിഭാഗീയ ചിന്താഗതിയുടെയും വിസ്‌മൃതരെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രമത്തിന്റെയും ഭാഗവുമാണ്. ഇങ്ങനെ പലവിധത്തിലുള്ള പൊരുത്തക്കേടുകളും അനൗചിത്യങ്ങളും തീരുമാനം വന്നതുമുതല്‍ തന്നെ ഉന്നയിക്കപ്പെട്ടുവെങ്കിലും മോഡി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ പൂർവപിതാക്കളെ അവഹേളിക്കുന്നതിനു തുല്യമാണിതെന്നതിനാല്‍ ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയവും പിടിവാശി നിറഞ്ഞതുമായ നടപടികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യവും മതേതരത്വത്തിന്റെ മഹത്വവും പൈതൃകങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പ്രത്യേകതകളും ചവറ്റുകൊട്ടയിലിടുന്നതിന് തുല്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.