പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ നിതി ആയോഗിന്റെ ശനിയാഴ്ച ചേർന്ന പത്താമത് ഗവേണിങ് കൗൺസിൽ യോഗം ‘വികസിത ഭാരതത്തിനായി വികസിത സംസ്ഥാനങ്ങൾ @2047’ എന്ന ലക്ഷ്യത്തിനായി കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. യോഗം മുന്നോട്ടുവച്ച ആശയത്തെ സംസ്ഥാനങ്ങൾ പൊതുവിൽ സ്വാഗതം ചെയ്തെങ്കിലും തമിഴ്‌നാടും പഞ്ചാബുമടക്കം സംസ്ഥാനങ്ങൾ കേന്ദ്രത്തിൽനിന്നും തങ്ങൾ നേരിടുന്ന അന്യായങ്ങളും ആവലാതികളും ശക്തമായി യോഗത്തിൽ ഉന്നയിക്കുകയുണ്ടായി. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പകരമായി കേരളത്തെ പ്രതിനിധീകരിക്കാൻ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിതി ആയോഗ് സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് നിരസിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ഗവേണിങ് കൗൺസിൽ യോഗത്തിൽ ധനമന്ത്രിയെ പങ്കെടുക്കാൻ അനുവദിച്ചതായാണ് മനസിലാക്കുന്നത്. കേന്ദ്രം സംസ്ഥാനങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ അർഹവും ന്യായവുമായ വിഹിതം നിഷേധിക്കുന്ന നടപടിയാണ് യോഗത്തിൽ ഉയർന്ന ഏറ്റവും പ്രസക്തമായ വിമർശനം. കേന്ദ്ര നികുതിയിൽ നിന്നും വാഗ്ദാനം ചെയ്യപ്പെട്ട 41 ശതമാനത്തിന് പകരം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത് 33.16 ശതമാനം മാത്രമാണ്. കേന്ദ്രം സംസ്ഥാനങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ പകുതിയെങ്കിലും സംസ്ഥാനങ്ങൾക്ക് കൈമാറാതെ കൂട്ടായ പ്രവർത്തനത്തിലൂടെ 2047 ആവുമ്പോഴേക്കും വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെന്ന് ആവശ്യപ്പെടുന്നത് അപ്രായോഗികവും സഹകരണാത്മക ഫെഡറലിസം എന്ന സങ്കല്പത്തിന് വിരുദ്ധവുമാണ്. നികുതിവരുമാനത്തിലെ അനീതിയും സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക സമീപനത്തിൽ നിലനിൽക്കുന്ന വിവേചനവും അവസാനിപ്പിക്കാതെ സമതുലിതവും സമയബന്ധിതവുമായ വികസനപ്രക്രിയ ദുഷ്കരമാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ മോഡി സർക്കാർ ഇനിയും സന്നദ്ധമല്ലെന്ന സൂചനയാണ് നിതി ആയോഗിന്റെ പത്താം ഗവേണിങ് കൗൺസിൽ യോഗം നൽകുന്നത്.
നിതി ആയോഗിന്റെ യോഗവുമായി ബന്ധപ്പെട്ട് ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബിവിആർ സുബ്രഹ്മണ്യം നടത്തിയ മാധ്യമ സമ്മേളനത്തിൽ ഇന്ത്യ ലോകത്തെ നാലാമത്തെ ബൃഹദ് സമ്പദ്ഘടനയായി വളർന്നതായി പ്രഖ്യാപിക്കുകയുണ്ടായി. അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്)യുടെ കണക്കുകൾ ഉദ്ധരിച്ചാണ് സുബ്രഹ്മണ്യം ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ഈ സാമ്പത്തിക വളർച്ച അഭിമാനകരമാണെങ്കിലും ലഭ്യമായ വസ്തുതകൾ ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനീതിയിലേക്കും കടുത്ത വൈരുധ്യങ്ങളിലേക്കുമാണ് ഈ നേട്ടം വിരൽചൂണ്ടുന്നത്. ‘തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ നാം പ്രവർത്തിക്കേണ്ടതുണ്ട്. നിയമങ്ങളും നയങ്ങളും വഴി അവരെ അന്തസോടെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്താൻ നമുക്ക് കഴിയണം’-ആയോഗിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി പറയുകയുണ്ടായി. മഹത്തായ ആശയമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ നാളിതുവരെയുള്ള അനുഭവങ്ങളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത ലക്ഷ്യപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയതെന്ന് വസ്തുതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. കേന്ദ്രസർക്കാരിന്റെ ലഭ്യമായ രേഖകളും കണക്കുകളും തുറന്നുവയ്ക്കുന്നത് മറ്റൊരു ചിത്രമാണ്. രാജ്യത്ത് തൊഴിലില്ലായ്മ അഭൂതപൂർവം പെരുകുകയാണ്. തൊഴിലിനായി പരക്കംപായുന്ന അഭ്യസ്തവിദ്യരുടെ എണ്ണം 2.8 കോടിയാണെന്ന് മേല്പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ തൊഴിലവസരങ്ങൾ നിലച്ചതോടെ പത്തുകോടിയിൽ അധികംപേർ തൊഴിലന്വേഷണമേ അവസാനിപ്പിച്ചിരിക്കുന്നു. ഇത്തരത്തിൽ മനംമടുത്ത് തൊഴിൽവിപണിയിൽ നിന്നും പിൻവാങ്ങിയവരിൽ ഏറെയും വനിതകളാണ്. അവർ ചെന്നെത്തിപ്പെടുന്നത് വേതനമില്ലാത്ത ഗൃഹവൃത്തികളിലാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) വേതനമില്ലാത്ത തൊഴിൽപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വീട്ടുജോലിയെ കേന്ദ്രസർക്കാർ തൊഴിലായാണ് കണക്കാക്കുന്നുവെന്നത് തൊഴിലില്ലായ്മയുടെ രൂക്ഷതയെ രേഖകളിൽ തമസ്കരിക്കലാണ്.
കോടാനുകോടി തൊഴിൽ രഹിതരായ ഗ്രാമീണർ പട്ടിണിവേതനത്തിനായി ആശ്രയിച്ചിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലും മോഡിഭരണത്തിൽ ഊർദ്ധശ്വാസം വലിക്കുകയാണ്. വിഹിതത്തിൽ കാലാനുസൃതമായ വർധന വരുത്താത്തതും വേതനവിതരണം ആധാറുമായി ബന്ധിപ്പിക്കണമെന്ന ശാഠ്യവും അനേക കോടികളുടെ തൊഴിലവസരങ്ങളാണ് കവർന്നെടുത്തിരിക്കുന്നത്. സൈന്യം, റെയിൽവേ, സർക്കാർ, പൊതുമേഖലാ വ്യവസായങ്ങൾ എന്നിവയിലെ ലക്ഷക്കണക്കിന് തസ്തികകളാണ് നിയമന മരവിപ്പിൽ ഒഴിഞ്ഞുകിടക്കുന്നത്. വസ്തുതകൾ ഇതായിരിക്കെ സ്ത്രീകൾ ഉൾപ്പെടെ തൊഴിൽരഹിതർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനങ്ങൾ പതിവ് വാചാടോപത്തിൽ ഉപരിയായി ഒന്നുമല്ല. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന കപടവാഗ്ദാനവുമായാണ് മോഡി അധികാരം കയ്യാളിയതെന്നതും വിസ്മരിച്ചുകൂടാ. മോഡിയുടെ ഒരു ദശകത്തിലേറെ നീണ്ട ഭരണത്തിൽ കൈവരിച്ച സാമ്പത്തികനേട്ടം ഒരുപറ്റം കുത്തക കോർപറേറ്റുകളുടെ സാമ്പത്തിക വളർച്ചയാണ്. സമ്പന്നമായ ഇന്ത്യ കാഴ്ചവയ്ക്കുന്നത് അതിദരിദ്ര ജനകോടികളുടെ സാഗരത്തിൽ അംബാനിമാരും അഡാനിമാരുമടക്കം അതിസമ്പന്നരുടെ ആഡംബര തുരുത്തുകളാണ്. നവഉദാരീകരണ സാമ്പത്തികനയങ്ങൾ വാഗ്ദാനംചെയ്ത ‘സമ്പത്തിന്റെ കിനിഞ്ഞിറങ്ങൽ’ നടന്നില്ലെന്ന് മാത്രമല്ല ആ സാമ്പത്തിക സിദ്ധാന്തംതന്നെ കാലഹരണപ്പെട്ടിരിക്കുന്നു. പരാജയപ്പെട്ട ആ സാമ്പത്തിക രാഷ്ട്രീയനയങ്ങളിൽ തീവ്രവും മൗലികവുമായ ഗതിമാറ്റത്തിന് രാജ്യം തയ്യാറാകുന്നില്ലെങ്കിൽ വികസിത ഭാരതം എന്ന സ്വപ്നം മഹാഭൂരിപക്ഷം ഇന്ത്യക്കാർക്കും നിരർത്ഥകവും നിരാശാജനകവുമായ ലക്ഷ്യമായി ഭവിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.