8 October 2024, Tuesday
KSFE Galaxy Chits Banner 2

ചീഫ് ജസ്റ്റിസിന്റെ ഭക്തി; പ്രധാനമന്ത്രിയുടെ പൂജ

Janayugom Webdesk
September 19, 2024 5:00 am

ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് ഏതൊരു പൗരനും ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാനും ഒരു മതത്തെയും പിന്തുടരാതിരിക്കാനും അവകാശമുണ്ട്. ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരു പോലെയാണ് ഈ അവകാശം. അങ്ങനെ നോ‌ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്, ഒരു വ്യക്തിയെന്ന നിലയില്‍ പൂജയോ ഹോമമോ നടത്താനുള്ള പൗരാവകാശമുണ്ട്. അതുകൊണ്ടുതന്നെ വിനായക ചതുര്‍ത്ഥിദിനത്തില്‍ അദ്ദേഹം ഗണേശ പൂജ നടത്തിയതിനെ വ്യക്തിപരമായ വിശ്വാസമെന്ന് കരുതുന്നതില്‍ തെറ്റില്ല. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരെ കുടുംബത്തിലെ ചടങ്ങിന് ക്ഷണിക്കുക സ്വാഭാവികമായ പ്രക്രിയയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ സുഹൃത്തല്ല; കുടുംബാംഗവുമല്ല. ഇതിലേതെങ്കിലുമായിരുന്നു മോഡിയെങ്കില്‍ ചീഫ് ജസ്റ്റിസ് നടത്തിയ ഗണേശപൂജയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സ്വാഭാവികമാണ്. നിലവിലെ സാഹചര്യത്തില്‍ പൂജാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുള്ള നിഷ്കളങ്കമായ നടപടിയാണെന്ന് കരുതാന്‍ മതേതരമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും കഴിയില്ല. ക്ഷണം അവിവേകവും, ക്ഷണം സ്വീകരിച്ച മോഡി ആ അവിവേകത്തെ മറികടക്കുകയും ചെയ്തുവെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനുമാകില്ല. പ്രത്യേകിച്ച് സംഭവാനന്തരമുള്ള പ്രധാനമന്ത്രിയുടെയും ബിജെപി വൃത്തങ്ങളുടെയും പ്രതികരണം കൂട്ടിവായിക്കുമ്പോള്‍. രാഷ്ട്രീയ ഇടപെടൽ എന്നതിലപ്പുറം ഒരു സാംസ്കാരികമായ നടപടിയെന്നാണ് മോഡിയുടെ സാന്നിധ്യത്തെ ബിജെപി ന്യായീകരിക്കുന്നത്. 

സെപ്റ്റംബർ 11ന് ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ ഗണപതിപൂജയ്ക്കെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രധാനമന്ത്രിയുടെ സമൂഹമാധ്യമങ്ങളിൽ തന്നെയാണ് പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ വൻ വിവാദങ്ങളുണ്ടായി. കോൺ​ഗ്രസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലുമെല്ലാം നടപടിക്കെതിരെ രംഗത്തെത്തി. ജഡ്ജിമാർ പൊതുജനമധ്യത്തിൽ മതവിശ്വാസം പ്രകടിപ്പിക്കരുതെന്ന് മുൻ ജഡ്ജി ഹിമ കോലി ചീഫ് ജസ്റ്റിസിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചു. വിശ്വാസവും ആത്മീയതയും തികച്ചും വ്യത്യസ്തമാണ്. മതവിശ്വാസം പൊതുമധ്യത്തിലേക്ക് കൊണ്ടുവരരുതെന്നും മനുഷ്യത്വവും ഭരണഘടനയുമാണ് എത്തിക്കേണ്ടതെന്നുമാണ് ഹിമ കോലി പ്രതികരിച്ചത്. സാംസ്കാരിക പരിപാടിയെന്ന് അണികള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തതിന്റെ ലക്ഷ്യം തീര്‍ച്ചയായും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവുമായി താരതമ്യപ്പെടുത്താവുന്നതാണ്. രണ്ട് സന്ദർഭങ്ങളിലും മോഡിയുടെ സാന്നിധ്യം രാഷ്ട്രീയ ധാരണകളെ സ്വാധീനിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ളത് തന്നെയായിരുന്നു. ‘താന്‍ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥമാണെന്നും അധികാരത്തോട് ആർത്തിയുള്ളവര്‍ക്കാണ് ഇത് പ്രശ്നമായി തോന്നുന്നതെന്നും’ പച്ചയായ രാഷ്ട്രീയമാണ് മോഡി പറഞ്ഞതെന്നും ഓര്‍ക്കുക. ഗണേശോത്സവം രാജ്യത്തെ സംബന്ധിച്ചിടത്തോളം കേവലം വിശ്വാസത്തിന്റെ ഉത്സവമല്ല. സ്വാതന്ത്ര്യസമരത്തിൽ അത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. അധികാരക്കൊതിയിൽ ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയം പിന്തുടരുകയും സമൂഹത്തിൽ വിദ്വേഷം പടർത്തുകയും ചെയ്തപ്പോൾ, ലോകമാന്യ തിലക് രാജ്യത്തുടനീളം ഗണേശപൂജ സംഘടിപ്പിച്ച് ജനങ്ങളുടെ മനഃസാക്ഷിയെ ഉണർത്തുകയായിരുന്നുവെന്ന് മോഡി വിശദീകരിക്കുമ്പോള്‍, വിഷയത്തെ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നത് തികഞ്ഞ മൗഢ്യമായിരിക്കും.

ചീഫ് ജസ്റ്റിസ്, തന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെയാകെ പ്രതിനിധീകരിക്കുന്നു. നീതിപീഠം രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ തലവൻ എന്ന നിലയിൽ മോഡി എക്സിക്യൂട്ടീവിനെ പ്രതിനിധീകരിക്കുന്നു. ഇത്തരം പൊതുപ്രദർശനങ്ങൾ ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അതിർവരമ്പുകൾ നേര്‍പ്പിക്കും. പൊതുപ്രവർത്തകരും ഭരണഘടനാ ചുമതലയുള്ളവരും അവരുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളാകേണ്ടത് വളരെ പ്രധാനമാണ്. അധികാര വിഭജനവും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവുമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രവർത്തനത്തിന് അടിസ്ഥാനം. ചീഫ് ജസ്റ്റിസ് ആതിഥേയത്വം വഹിക്കുന്ന മതപരമായ ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം രാജ്യത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. രാഷ്ട്രീയ, ജുഡീഷ്യൽ മേഖലകൾ തമ്മിലുള്ള വിടവ് നികത്താനുള്ള ഒരു ശ്രമമായി ഇതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. പക്ഷേ, ജനാധിപത്യത്തിൽ ജുഡീഷ്യറിയുടെ ആണിക്കല്ലായ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും അത് ദുർബലപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേന്ദ്ര സര്‍ക്കാരിനെതിരായ ഒട്ടേറെ വ്യവഹാരങ്ങള്‍ സുപ്രീം കോടതിക്കു മുമ്പിലുണ്ട്. അങ്ങനെ വരുമ്പോള്‍ കേസിലെ പ്രതിസ്ഥാനത്താണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി. അപ്പോള്‍ കോടതിയും പ്രതിയും തമ്മിലുള്ള സൗഹൃദം നീതിന്യായത്തിന്റെ നിഷ്പക്ഷതയെ ഇല്ലാതാക്കുമെന്ന് ചിന്തിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.