20 July 2025, Sunday
KSFE Galaxy Chits Banner 2

ദുരന്തം: രണ്ട് സർക്കാരുകൾ രണ്ട് സമീപനങ്ങൾ

Janayugom Webdesk
May 31, 2025 5:00 am

കേരള തീരത്ത് തോട്ടപ്പള്ളിക്ക് സമീപം ചരക്ക് കപ്പൽ മറിഞ്ഞുണ്ടായ അപകടം പ്രത്യേക സംസ്ഥാന ദുരന്തമായി കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് മേയ് 24ന് കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ടത്. 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അപകടം നടന്നയുടൻ തന്നെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ടെയ്നറുകളിലുളള വസ്തുക്കളിൽ രാസപദാർത്ഥങ്ങളും പാരിസ്ഥിതിക പ്രതിസന്ധിയുണ്ടാക്കുന്ന വസ്തുക്കളും ഉൾപ്പെടുന്നു എന്നതിനാലായിരുന്നു മുന്നറിയിപ്പ്. 296 കണ്ടെയ്നറുകളാണ് ഡെക്കിലുണ്ടായിരുന്നത്. ഇതിൽ അഞ്ചെണ്ണത്തിൽ ജലസമ്പർക്കമുണ്ടായാൽ തീപിടിക്കാൻ സാധ്യതയുള്ള 4.3 വിഭാഗത്തിലുള്ള ചരക്കുകളായിരുന്നു. 367 ടൺ ഹെവി ഫ്യുവൽ ഓയിൽ, 64 ടൺ ഡീസൽ, 65–70 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക് പെല്ലെറ്റുകൾ, ഏകദേശം 340 ടൺ കാത്സ്യം കാർബൈഡ്, റബ്ബർ കെമിക്കൽ തുടങ്ങിയ വസ്തുക്കൾ കപ്പലിലുണ്ടായിരുന്നു. ഇവ തീരത്തടിയുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുണ്ടായതിനാൽ ജാഗ്രതാ നിർദേശവുമുണ്ടായി. തീരത്തണയുന്ന വസ്തുക്കൾക്ക് സമീപം ചെല്ലരുത്, കൈകാര്യം ചെയ്യരുത് എന്നിങ്ങനെ വിവിധ മുന്നറിയിപ്പുകളാണുണ്ടായത്. അതുപോലെതന്നെ തൊട്ടടുത്ത ദിവസങ്ങളിൽ വസ്തുക്കളും കണ്ടെയ്നർ അവശിഷ്ടങ്ങളും വിവിധ തെക്കൻ ജില്ലകളിലെ തീരങ്ങളിൽ വന്നടിയുകയും ചെയ്തു. ഈ അപകടം നടന്നയുടൻ സംസ്ഥാന ദുരന്തനിവാരണ, റവന്യു വകുപ്പുകളും മറ്റ് സർക്കാർ സംവിധാനങ്ങളും മുന്നൊരുക്കങ്ങൾ നടത്തുകയും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തീരത്തണഞ്ഞ രാസവസ്തുക്കൾ ഉൾപ്പെടെയുള്ളവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് സാധിച്ചു. ഈ പശ്ചാത്തലത്തിൽ തുടർന്നുണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ പ്ര­ത്യേക ദുരന്തമായി പ്രഖ്യാപിച്ചത്. 

തീരദേശത്ത് മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കി ജീവിക്കുന്ന ജനവിഭാഗത്തെയാണ് ഈ അപകടം പ്രധാനമായും ബാധിച്ചത്. ഏകദേശം 20 നോട്ടിക്കൽ മൈൽ പ്രദേശം ഒഴിവാക്കി മ­ത്സ്യബന്ധനം നടത്തണമെന്ന നിർദേശം നിരവധി കുടുംബങ്ങളുടെ ജീവനോപാധിയാണ് താൽക്കാലികമായി തടസപ്പെടുത്തിയിരിക്കുന്നത്. എ­ന്നാൽ ഓരോ പ്രശ്നത്തെയും അവധാനതയോടെയും ഓരോ ജനവിഭാഗത്തെയും കരുതലോടെയും സമീപിക്കുന്ന സർക്കാർ അവർക്കുള്ള പ്ര­ത്യേക സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഓരോന്നിനും താൽക്കാലികാശ്വാസമായി 1,000 രൂപ വീതവും ആറ് കിലോഗ്രാം വീതം സൗജന്യ അരിയും നൽകുന്നതിനാണ് സർക്കാർ തീരുമാനിച്ചത്. പ്രകൃതി ദുരന്തങ്ങളോട് രണ്ട് സർക്കാരുകൾക്കുള്ള വ്യത്യസ്തമായ സമീപനങ്ങൾ തുറന്നുകാട്ടപ്പെടുകയാണ് ഈ തീരുമാനങ്ങളിലൂടെ.
കഴിഞ്ഞ വർഷം വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തോട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സമീപനവുമായി താരതമ്യം ചെയ്താൽ ഇരുസർക്കാരുകളുടെയും നിലപാടുകളിലെ വ്യത്യാസം ബോധ്യപ്പെടുന്നതാണ്. ചൂരൽമലയിലെ ദുരിത ബാധിതരോടും ഇപ്പോൾ തീരപ്രദേശത്തെ ദുരിതബാധിതരോടും കാരുണ്യത്തിന്റെ കൈത്താങ്ങുയർത്തുകയാണ് കേരള സർക്കാർ ചെയ്തതെങ്കിൽ തികച്ചും പ്രതിഷേധാർഹവും വിവേചനപരവുമായ സമീപനമാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്. 2024 ജൂലൈ 30ന് ദുരന്തമുണ്ടായതിന്റെ അടുത്തയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്തസ്ഥലങ്ങൾ സന്ദർശിച്ച് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ അതുണ്ടായില്ല. 

ഓരോ വർഷവും ദുരന്തങ്ങൾ നേരിടുന്നതിനും നിവാരണ പ്രവ‍ർത്തനങ്ങൾ നടത്തുന്നതിനും നിയമപ്രകാരം ലഭിക്കേണ്ട തുക അനുവദിക്കുക മാത്രമാണ് ചെയ്തത്. അതില്‍ നിന്ന് ഹെലികോപ്റ്റർ അയച്ചതിന്റെ വാടക തിരിച്ചുപിടിക്കുന്നതുൾപ്പെടെ സമീപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കേന്ദ്രം സഹായിക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ സഹായം ലഭ്യമാകുന്നതിനായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും അതിനും സന്നദ്ധമായില്ല. ദുരന്തം നടന്ന് അഞ്ച് മാസം കഴിഞ്ഞാണ് അതിതീവ്ര ദുരന്ത പട്ടികയിൽപ്പെടുത്തിയത്. എന്നിട്ടും അധിക സഹായം നൽകുന്നതിന് മനസുണ്ടായില്ലെന്ന് മാത്രമല്ല ഫെബ്രുവരിയിൽ 16 പദ്ധതികൾക്കായി 529.50 കോടി വായ്പയായി അനുവദിക്കുകയാണ് ചെയ്തത്. 16 പദ്ധതികൾക്കുള്ള പ്രസ്തുത തുക മാർച്ച് 31നകം ചെലവിടണമെന്നുൾപ്പെടെ കർശന ഉപാധിയും മുന്നോട്ടുവച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ചാണ് സംസ്ഥാന സർക്കാർ വ്യവസ്ഥയിൽ ഇളവ് നേടിയെടുത്തത്. പ്രകൃതിദുരന്തങ്ങളോടുള്ള കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ വിഭിന്നമായ സമീപനങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒന്ന് കാരുണ്യമനോഭാവത്തെ അടയാളപ്പെടുത്തുകയും ജനപക്ഷത്തുനിൽക്കുകയും ചെയ്യുമ്പോൾ കേന്ദ്രത്തിന്റേത് വിവേചനം നിറഞ്ഞതും ജനവിരുദ്ധപക്ഷത്തോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലെല്ലാമാണ് എൽഡിഎഫ് സർക്കാറിന്റെ ബദൽ നയങ്ങൾ തിളക്കമാർന്ന് നിൽക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.