12 October 2024, Saturday
KSFE Galaxy Chits Banner 2

വായ്പയെടുപ്പിലെ വിവേചനം

Janayugom Webdesk
September 30, 2024 5:00 am

വരുമാനത്തിലും നിത്യ ചെലവിലുമുണ്ടാകുന്ന വ്യത്യാസം നികത്തുന്നതിന് വായ്പയെടുക്കുക എന്നത് സാമ്പത്തിക ശാസ്ത്രത്തിൽ അനുവദനീയമായതാണ്. സർക്കാരുകളുടെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ബാങ്കുകൾ ഉൾപ്പെടെ പണമിടപാട് സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ നിക്ഷേപത്തെ മാത്രമല്ല വായ്പയെയും അതുവഴി ലഭിക്കുന്ന പലിശയെയും ആശ്രയിച്ചാണിരിക്കുന്നത്. രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും വായ്പ നൽകുന്നതിനായി നിരവധി സ്ഥാപനങ്ങൾ ലോകത്ത് നിയമിതമായ രീതിയിലും പ്രവർത്തിക്കുന്നു. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി പോലുള്ളവ അങ്ങനെയുള്ളവയാണ്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണകൂടങ്ങൾ സമ്പദ്‌ഘടനയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വായ്പയെ ആശ്രയിക്കുന്നുണ്ട്. ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളുടെ വായ്പയെടുപ്പ് കേന്ദ്രാനുമതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നുണ്ട് . അതുപയോഗിച്ച് ബിജെപി സർക്കാർ വിവേചനപരമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. അതിന്റെ പ്രധാന ഇരകളിലൊന്നാണ് നമ്മുടെ സംസ്ഥാനം. അതേസമയം ആരോടും അനുമതി ആവശ്യമില്ലെന്നതിനാൽ കേന്ദ്രസർക്കാർ ഇഷ്ടം പോലെ വായ്പയെടുക്കുകയാണ്. അതാണ് അടുത്ത ദിവസം പുറത്തുവന്ന കേന്ദ്ര ധനവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 6.61 ലക്ഷം കോടിരൂപ കൂടി കടമെടുക്കുന്നു എന്നാണ് റിപ്പോർട്ട്. മുൻ വർഷം കടം 141 ലക്ഷം കോടിയായിരുന്നുവെങ്കിൽ ഈ വർഷം ആദ്യപാദത്തിൽ കേന്ദ്ര പൊതുകടം 176 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് ധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ഇതിന് പുറമേയാണ് 6.61 ലക്ഷം കോടിയുടെ പുതിയ കടമെടുപ്പിനുള്ള നീക്കം. 2024–25ൽ കണക്കാക്കിയ 14.01 ലക്ഷം കോടി രൂപയുടെ വായ്പയിൽ 7.4 ലക്ഷം കോടി രൂപ (52.8 ശതമാനം) ഇതിനകം സമാഹരിച്ചിട്ടുണ്ട്. 

ഇത്തരമൊരു നിലപാട് എടുക്കുന്ന കേന്ദ്ര സർക്കാരാണ് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളോട് വായ്പയെടുക്കുന്നതിന് പോലും അനുമതി നൽകാതെ വിവേചനം കാട്ടുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം സംസ്ഥാനം ഉണ്ടാക്കിയ സാഹചര്യങ്ങളെ തുടർന്നായിരുന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടു നിരോധനം, കേന്ദ്ര ധനകാര്യ കമ്മിഷനുകൾ വിഹിതനിശ്ചയ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം മൂലം വന്ന വരുമാനക്കുറവ്, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ചെലവ് പങ്കിടൽ ഘടന ഭേദഗതി എന്നിവയും പ്രകൃതി ദുരന്തങ്ങൾ പോലുള്ളവയും കാരണമായിരുന്നു പ്രധാന പ്രതിസന്ധിയുണ്ടായത്. ഇതിനൊപ്പം കേന്ദ്ര പദ്ധതികളിൽ മാർഗനിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന കാരണമുയർത്തി വിഹിതം തടഞ്ഞുവയ്ക്കുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പ്രതിസന്ധി അതിജീവിക്കാനുള്ള മാർഗങ്ങൾ തനതുവരുമാനം വർധിപ്പിക്കുകയും ചെലവ് പരമാവധി ചുരുക്കുകയും അതിന്റെ കൂടെ വായ്പയെടുക്കുകയും ചെയ്യുക എന്നതാണ്. ആദ്യ രണ്ട് വഴികളും സ്വീകരിക്കുന്നതിന് ഒരു പരിധിവരെ സർക്കാരിന് സാധിക്കുന്നു എന്നത് സംസ്ഥാന ധനസ്ഥിതി പരിശോധിച്ചാൽ ബോധ്യമാകുന്നതാണ്. ഇക്കാര്യം കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലി (സിഎജി) ന്റെ 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കരട് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റവന്യുകമ്മിയിൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 68.77 ശതമാനത്തിന്റെയും പൊതുകടത്തിൽ 10, 925 കോടി രൂപയുടെയും കുറവുണ്ടായതായാണ് പ്രസ്തുത റിപ്പോർട്ടിലുള്ളത്. സംസ്ഥാനം കൈക്കൊണ്ട ധനദൃഢീകരണ പ്രവർത്തനങ്ങളുടെ ഫലമാണിത് എന്നതിൽ സംശയമില്ല. 

ഇതൊക്കെയാണെങ്കിലും വായ്പയെക്കൂടി ആശ്രയിച്ചുമാത്രമേ സംസ്ഥാനത്തിനും മുന്നോട്ടുപോകാനാകൂ. ഇവിടെയും കടുത്ത നിയന്ത്രണങ്ങളും ഉപാധികളും വച്ച് ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകിയ മറുപടി പ്രകാരം 2017 ഓഗസ്റ്റിന് മുമ്പ് പൊതു കണക്കിനത്തിൽ നീക്കിയിരിപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പിൽ ഉൾപ്പെടുത്തി കുറവ് ചെയ്തിരുന്നില്ല. എന്നാൽ 2017 — 18 മുതൽ 2022 — 23 കാലയളവിൽ മാത്രം പൊതു കണക്കിനത്തിലെ നീക്കിയിരിപ്പ് ചൂണ്ടിക്കാട്ടി 91,269.24 കോടി രൂപയുടെ കുറവ് വരുത്തി. പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങൾ എടുത്ത വായ്പകൾ സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തി 2021–22 മുതൽ ആകെ കടത്തിൽ വെട്ടിക്കുറവ് വരുത്തുകയാണ്. മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക കടമെടുപ്പ് ചൂണ്ടിക്കാട്ടിയും കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വെട്ടിക്കുറവ് വരുത്തുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സ്യൂട്ട് ഫയൽ ചെയ്തതിന്റെ പേരിൽ പോലും അർഹതപ്പെട്ട വായ്പ തടഞ്ഞുവയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. സ്യൂട്ട് പരിഗണിക്കുന്ന വേളയിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഇടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 13,608 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നൽകുവാൻ കേന്ദ്രം നിർബന്ധിതമായത്. ഇതിൽനിന്നുതന്നെ കേന്ദ്രത്തിന്റെ പ്രതികാരമനോഭാവം വ്യക്തമാണ്. ഈ വിധത്തിൽ സമീപനങ്ങൾ സ്വീകരിക്കുന്ന കേന്ദ്രമാണ് തോന്നിയതുപോലെ വായ്പയെടുക്കുന്നതിന് മടിക്കാത്തതെന്നത് വൈരുധ്യമാണ്. ഓരോ മാസവും ചരക്കുസേവന നികുതി ഉൾപ്പെടെ വൻതോതിലുള്ള വരുമാന വർധനയുണ്ടാകുന്നുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദവും ഇവിടെ സംശയാസ്പദമാകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.