15 July 2025, Tuesday
KSFE Galaxy Chits Banner 2

രാജ്യതാല്പര്യങ്ങളെ അടിയറ വയ്ക്കരുത്

Janayugom Webdesk
July 5, 2025 5:00 am

മേരിക്കയുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്‍ടിഎ) ഇന്നോ നാളെയോ ഉണ്ടാകും എന്നാണ് സൂചന. എന്തെല്ലാം ഉപാധികൾക്ക് ന്യൂഡല്‍ഹി വഴങ്ങും എന്ന ആശങ്ക രാജ്യത്ത് പടരുകയാണ്. ചൈനയെ ഒറ്റപ്പെടുത്തുന്ന യുഎസ് നയം നമുക്കും പ്രശ്നമാകുമോ എന്ന ഭീതിയും ഉയരുന്നുണ്ട്. ചൈനീസ് ഘടകങ്ങൾ വാങ്ങി സംയോജിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് 65 ശതമാനം മൂല്യവർധന നിർബന്ധിക്കുകയും ഇല്ലെങ്കിൽ അവയ്ക്ക് ഇരട്ടി ചുങ്കം ഈടാക്കാനുമാണ് വിയറ്റ്നാമുമായുള്ള കരാറിലെ വ്യവസ്ഥ. 35 ശതമാനം മൂല്യവർധന മതിയെന്നാണ് ഇന്ത്യ വാദിക്കുന്നതെങ്കിലും യുഎസ് വഴങ്ങുന്നതിന്റെ ലക്ഷണങ്ങളില്ല. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ പിണ്ണാക്ക് അടക്കം കാലിത്തീറ്റയ്ക്കുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ മോഡി ഭരണകൂടം സന്നദ്ധമായെന്നാണ് സൂചന. മറ്റ് ധാന്യങ്ങളും ആപ്പിൾ ഒഴികെയുള്ള പഴങ്ങളും തല്‍ക്കാലം കരാറിന്റെ ഭാഗമാകാനിടയില്ല. ഇന്ത്യയും യുഎസും വ്യാപാര കരാറിന് ഉടന്‍ അന്തിമരൂപം നല്‍കുമെന്ന് വൈറ്റ് ഹൗസാണ് സ്ഥിരീകരിച്ചത് എന്ന സവിശേഷതയും പരിഗണിക്കണം. ഇന്തോ — പസഫിക് മേഖലയിലെ തന്ത്രപ്രധാന സഖ്യകക്ഷി എന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്ന് യുഎസ് വ്യക്തമാക്കി. ‘പ്രസിഡന്റിന് പ്രധാനമന്ത്രി മോഡിയുമായി വളരെ നല്ല ബന്ധമാണ്, അത് അദ്ദേഹം തുടരും’- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വ്യാപാര തടസങ്ങള്‍ പൂര്‍ണമായും നീക്കുന്നതിനും ഇന്ത്യന്‍ വിപണികളിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനും വാഷിങ്ടണ്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു. ‘ഇന്ത്യയില്‍ നമുക്ക് പോയി വ്യാപാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള ഒരു കരാറില്‍ എത്താന്‍ പോകുകയാണെന്ന് ഞാന്‍ കരുതുന്നു‘വെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്.

ആഗോള മാധ്യമങ്ങളും യുഎസും ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് ഇത്രയാെക്കെ പറയുമ്പോഴും ന്യൂഡല്‍ഹിയില്‍ നിന്ന് ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ദുരൂഹതയുണര്‍ത്തുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ പൊടുന്നനെ അവസാനിച്ചത് യുഎസിന്റെ ഇടപെടല്‍ മൂലമാണെന്നും വ്യാപാര കരാറായിരുന്നു തുറുപ്പുചീട്ടെന്നും ഇരുപത് തവണയെങ്കിലും ട്രംപ് അവകാശപ്പെട്ടിരുന്നു. അത് പ്ര­ത്യക്ഷത്തില്‍ നിഷേധിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായില്ല എന്നത് ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലേക്കും ക്ഷീരോല്പന്നങ്ങളിലേക്കുമുള്‍പ്പെടെ തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഇളവ് ആവശ്യപ്പെടുന്നുണ്ട്. ഇതുവരെയുണ്ടായ മറ്റ് വ്യാപാര കരാറുകളില്‍ ക്ഷീരോല്പന്ന മേഖലയെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. യുഎസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാല്‍ അ­ത് മറ്റ് രാജ്യങ്ങളുമായുള്ള ഭാവിയിലെ കരാറിനെയും ബാധിക്കാനിടയുണ്ട്. കരാറിലൂടെ അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങൾ സ്വീകരിച്ചാൽ ഇ­ന്ത്യൻ കാർഷിക മേഖലയുടെ തകർച്ചയായിരിക്കും ഫലം. കേരളത്തിന്റെ വിളകളായ നാളികേരം, റബ്ബർ, കുരുമുളക്, ഏലം, ചായ, കാപ്പി എന്നീ കാര്‍ഷികവിളകളിലും പാൽ, കോഴി വളർത്തൽ എന്നീ മേഖലകളിലും പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന രാജ്യത്തെ സാധാരണക്കാരായ ക്ഷീര കർഷകരെ ദോഷകരമായി ബാധിക്കുന്ന നിരവധി വ്യവസ്ഥകൾ നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിലുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെ നാമമാത്ര ക്ഷീരകർഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയുമായിരിക്കും കരാർ ബാധിക്കുകയെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് സമർപ്പിച്ച നിവേദനത്തിൽ മന്ത്രി ജെ ചിഞ്ചുറാണി ആവശ്യപ്പെട്ടു. ചില മേഖലകൾക്ക് ഇളവ് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാർഷിക കാര്‍ഷികരംഗത്തേക്ക് കടന്നുകയറാനുള്ള അമേരിക്കന്‍ നിലപാടിന് കേന്ദ്രസർക്കാർ വഴങ്ങരുതെന്ന് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദും ആവശ്യപ്പെട്ടിട്ടുണ്ട്.

നമ്മുടെ ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണ്. കാർഷിക മേഖലയെ ബാധിക്കുന്ന ഏതൊരു വ്യാപാര കരാറിനും സംസ്ഥാന സർക്കാരുകളുമായി സമഗ്രമായ കൂടിയാലോചനകൾ നടത്തേണ്ടത് അനിവാര്യമാണ്. എന്നാൽ ഇത്തരം കൂടിയാലോചനകളാെന്നും കേന്ദ്രം നടത്തിയിട്ടില്ല. സ്വേച്ഛാഭരണത്തിന്റെ പതിനൊന്ന് വര്‍ഷങ്ങളില്‍ ഒരിക്കലും ഒരു കാര്യത്തിലും കൂടിയാലോചനകളുണ്ടായിട്ടില്ല എന്നതും ചരിത്രം. 80 ശതമാനം വരെ സബ്‌സിഡിയോടെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സോയാബീൻ എണ്ണ കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ നാളികേര വിപണിയെ തകർക്കും. കുറഞ്ഞ ഉല്പാദനക്ഷമതയും ഉയർന്ന ഉല്പാദനച്ചെലവും നേരിടുന്ന ലക്ഷക്കണക്കിന് നാളികേര കർഷകർക്ക് വിനാശകരമാകും. വിലകുറഞ്ഞ സിന്തറ്റിക് റബ്ബറിന്റെ ഇറക്കുമതി കേരളത്തിന്റെ പ്രകൃതിദത്ത റബ്ബർ കർഷകർക്കും തിരിച്ചടിയാകും. കുരുമുളക്, ഏലം, ചായ, കാപ്പി തുടങ്ങിയ വിളകൾക്ക് തീരുവ കുറയ്ക്കുന്നത് അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കും. 2009ലെ ഇന്തോ — ആസിയാൻ എഫ്‍ടിഎ, ഭക്ഷ്യ എണ്ണകൾ, കുരുമുളക്, ചായ, കാപ്പി എന്നിവയുടെ തീരുവ കുറച്ചപ്പോഴുണ്ടായ വിലത്തകർച്ചയും കർഷകരുടെ വരുമാന നഷ്ടവും മറക്കാറായിട്ടില്ല. ഈ സാഹചര്യത്തില്‍ യുഎസ് സമ്മര്‍ദത്തിന് വഴങ്ങി രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ ഇല്ലാതാക്കാനുള്ള നീക്കത്തിന് കേന്ദ്ര ഭരണകൂടം കുടപിടിക്കരുത്. സമാന രാജ്യങ്ങളുമായി ആശയവിനിമയം നടത്തി, പരസ്പരാശ്രിതമായ സഖ്യം രൂപപ്പെടുത്തുകയും സാമ്രാജ്യത്വത്തെ അവഗണിക്കുകയുമാണ് രാജ്യതാല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടം ചെയ്യേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.