മുൻ പ്രധാനമന്ത്രിയും സാമ്പത്തികകാര്യ വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ലോകം അനുശോചനം രേഖപ്പെടുത്തുകയാണ്. രാഷ്ട്രീയ മാന്യതയുടെ ആൾരൂപം എന്നാണ് അദ്ദേഹം പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപപ്പെടുത്തുകയും നാല് ദശാബ്ദത്തിലേറെക്കാലം പിന്തുടരുകയും ചെയ്ത സോഷ്യലിസ്റ്റ് — മുതലാളിത്ത സമ്മിശ്ര സാമ്പത്തിക നയങ്ങളെ അടിമുടി മാറ്റി സാമ്പത്തിക ഉദാരവല്‍ക്കരണത്തിലേക്ക് ഇന്ത്യയെ നയിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം ഡോ. മൻമോഹൻ സിങ്ങിനാണ്. 1991ൽ അധികാരത്തിലേറിയ പി വി നരസിംഹറാവു മന്ത്രിസഭയാണ് ആഗോളവല്‍ക്കരണത്തിന് പരവതാനി വിരിച്ചത്. അതിനുള്ള ആശയം രൂപീകരിച്ച് നടപ്പിലാക്കിയത് ധനകാര്യമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങും. പൊതുമേഖലയുടെ കടിഞ്ഞാൺ അയച്ചുവിടുകയും സർക്കാർ നിയന്ത്രണങ്ങൾ ഏറെക്കുറെ അവസാനിക്കുകയും ചെയ്തതോടെ സ്വകാര്യ കുത്തകകൾക്ക് എല്ലാമേഖലയിലും കടന്നെത്താവുന്ന തരത്തില്‍ സാമ്പത്തികരംഗം പൂർണമായും തുറക്കപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെ തുറന്നുവിടലെന്ന് അതിനെ ചിലര്‍ ആഘോഷിക്കുന്നുണ്ടെങ്കിലും വിഭാവനം ചെയ്യപ്പെട്ടതുപോലെയാണോ സാമ്പത്തിക രംഗത്തുണ്ടായ മാറ്റമെന്ന കാര്യത്തെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും ഉണ്ടായിട്ടുണ്ട്. പഞ്ചാബ്, കേംബ്രിഡ്ജ്, ഓക്സ്ഫോഡ് സര്‍വകലാശാലകളില്‍ മൻമോഹൻ സിങ് സാമ്പത്തിക ശാസ്ത്ര പഠനത്തിലേർപ്പെട്ടിരുന്നത് ലോക സാമ്പത്തികശാസ്ത്ര രംഗം വലിയ പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന ഘട്ടത്തിലായിരുന്നു. ബ്രിട്ടനിലും അമേരിക്കയിലും അടക്കമുണ്ടായ സാമ്പത്തിക പരിവർത്തനങ്ങൾ വിദഗ്ധര്‍ സൂക്ഷ്മതയോടെ വിലിരുത്തുകയും തുടർച്ചയായി പഠനങ്ങൾ നടക്കുകയും ചെയ്തിരുന്നു. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം തിരികെ ഇന്ത്യയിലെത്തുന്നതും കേന്ദ്രസർക്കാരിൽ വിവിധതലങ്ങളിൽ സ്തുത്യർഹമാംവിധം പ്രവർത്തിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തുകയും ചെയ്തത്.
രാജ്യം പ്രത്യേകമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഘട്ടങ്ങളിലാണ് ഡോ. മൻമോഹൻ സിങ് ഭരണച്ചുമതലകളിലെത്തിയത്. യുപിഎയുടെ നേതൃത്വത്തിൽ 10 വർഷക്കാലം പ്രധാനമന്ത്രിയെന്ന നിലയിൽ കേന്ദ്രസർക്കാരിനെ നയിക്കുന്നതിന് മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും റിസർവ് ബാങ്ക് ഗവർണറായും ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും ധനകാര്യ സെക്രട്ടറിയായും പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവായും വാണിജ്യ‑ധനകാര്യ മന്ത്രാലയങ്ങളുടെ ഉപദേശകനായും ജെഎൻയു അടക്കമുള്ള സർവകലാശാലകളിൽ സാമ്പത്തികശാസ്ത്ര അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. ജനീവ ആസ്ഥാനമായ സ്വതന്ത്രസാമ്പത്തിക വിശകലന സ്ഥാപനമായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറൽ അടക്കം അന്തർദേശീയ സാമ്പത്തിക സംവിധാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഉണർത്താൻ കമ്പോളം തുറന്നിടണമെന്ന ആഗോള കാഴ്ചപ്പാട് രാജ്യത്ത് നടപ്പിലാക്കാൻ നിയുക്തനായി എന്നതാണ് ചരിത്രത്തിൽ മൻമോഹൻ സിങ്ങിനുള്ള സ്ഥാനം. പ്രധാനമന്ത്രി പദത്തിൽ ഇരുന്ന 10 വർഷക്കാലവും തന്റെ വ്യക്തിശുദ്ധി കാത്തുസൂക്ഷിച്ചെങ്കിലും രാജ്യം കണ്ട ഏറ്റവം വലിയ അഴിമതികൾ നടന്നതും ഇക്കാലത്തായിരുന്നുവെന്ന വസ്തുത ചരിത്രത്തിൽ നിന്നും മാറ്റാനാകില്ല. കൂട്ടുമുന്നണി സർക്കാരുകൾ എത്രത്തോളം ദുഷിക്കാമോ അത്രത്തോളം അധഃപതനത്തിലേക്ക് ഭരണം എത്തിയതിന്റെ ആഘാതം കൂടിയാണ് ഇന്ന് രാജ്യം അനുഭവിക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. ടുജി സ്പെക്ട്രം ഉൾപ്പെടെയുള്ള അഴിമതികളും യുപിഎ സർക്കാരിനെ കയ്യിലിട്ട് അമ്മാനമാടിയ അടുക്കള കാബിനറ്റ് എന്ന് അറിയപ്പെട്ടിരുന്ന കോൺഗ്രസ് അധ്യക്ഷയുടെയും അനുചരസംഘത്തിന്റെയും ചെയ്തികളും തന്നെയാണ് നരേന്ദ്ര മോഡി — അമിത്ഷാ സംഘത്തിന്റെ കൈകളിലേക്ക് ഇന്ത്യയുടെ ഭരണം കൊണ്ടെത്തിച്ചത്. അതിൽ നിന്ന് മോചിതമാകാൻ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തിന് കഴിയാത്തത് അന്ന് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ അപരിഹാര്യമായ പരിക്കുകളാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
രാജ്യത്തെ ജനാധിപത്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കും ഭരണഘടനയും രാജ്യത്തിന്റെ മതേതരമൂല്യങ്ങളും അപകടകരമാംവിധം ഭീഷണി നേരിടുന്ന സന്ദർഭങ്ങൾക്കും വഴിയൊരുക്കുകയായിരുന്നു മൻമോഹൻ സിങ് ഭരണം എന്നതും ചരിത്രം ഓർമ്മപ്പെടുത്തുക തന്നെ ചെയ്യും. താൻ ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്നു വിശ്വസിക്കുന്നില്ലെന്നും മാധ്യമങ്ങളെക്കാളോ പാർലമെന്റിലെ എതിർപ്പിനെക്കാളോ കൂടുതൽ ദയ, ചരിത്രം തന്നോടു കാണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രിക്കസേര മാത്രം സംശുദ്ധമായാൽ പോരാ, മറിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന, തന്റെ തലയ്ക്ക് മുകളിലുള്ളവരെക്കൂടി അക്കാര്യം ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയേണ്ടിയിരുന്നു. മൻമോഹൻ സിങ്ങിന്റെ സാമ്പത്തികപരിഷ്കാരം ഏറ്റവുമധികം ഗുണം ചെയ്തത് രാജ്യത്തെ കോർപറേറ്റുകൾക്ക് തന്നെയാണ്. ലോകകമ്പോളത്തിൽ കരുത്തുതെളിയിക്കാൻ പാകത്തിൽ ഇന്ത്യൻ കോർപറേറ്റുകൾ കരുത്താർജിച്ചത് സാമ്പത്തിക പരിഷ്കരണത്തെ മുതലെടുത്തു തന്നെയാണ്. തുടർന്ന് വന്ന ബിജെപി സർക്കാരിനും ഇതേ നയങ്ങൾ കുറെക്കൂടി ശക്തമായി നടപ്പിലാക്കാൻ ആർജവമുണ്ടായത് അത് കോർപറേറ്റുകൾക്ക് അത്രമാത്രം ഗുണകരമാകുമെന്ന് തെളിഞ്ഞതോടെയാണ്. ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നതിനൊപ്പം രാജ്യത്തെ സാധാരണക്കാരുടെ സാമ്പത്തിക നില അപകടകരമാവിധം കൂപ്പുകുത്താനും മൻമോഹൻ സിങ്ങിന്റെ നയങ്ങൾ വഴിയൊരുക്കി. കുത്തകകൾ തുറന്നുവിട്ട സാമ്പത്തിക പ്രളയത്തെ മറികടക്കാനെന്ന പേരിൽ പിന്നീട് നടപ്പിലാക്കിയ ജനപ്രിയ പദ്ധതികൾ എത്രത്തോളം മുന്നോട്ടുപോകുമെന്നതും ഇനി ചരിത്രം പറഞ്ഞുതരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.