6 November 2025, Thursday

ശക്തമാകുന്നത് ഗാന്ധിയൻ ദർശനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ

Janayugom Webdesk
October 5, 2025 5:00 am

“രാജ്യത്തെ കുടിലുകളുടെ ഉമ്മറത്ത് വേഷത്തിലും ഭാവത്തിലും തങ്ങളിലൊരുവനായി അദ്ദേഹം നിന്നു. അവരുടെ ഭാഷയിൽ സംസാരിച്ചു, പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളല്ല, ജീവിക്കുന്ന സത്യമാണ് വാക്കിലും പ്രവൃത്തിയിലും. സാധാരണ ജനം അദ്ദേഹത്തിന് നൽകിയ പേരാണ് ‘മഹാത്മാ’. അതു തന്നെയാകണം അദ്ദേഹത്തിന്റെ യഥാർത്ഥ പേരും. എല്ലാ ഇന്ത്യക്കാരും തന്റെ മാംസവും രക്തവുമാണെന്ന് അദ്ദേഹത്തെപ്പോലെ മറ്റാർക്കാണ് തോന്നിയിട്ടുള്ളത്? സ്നേഹം ഇന്ത്യയുടെ വാതിൽപ്പടിയിൽ എത്തിയപ്പോൾ, ആ വാതിൽ വിശാലമായി തുറന്നിരുന്നു. ഗാന്ധിജിയുടെ വിളിയിലാണ് അത് സാധ്യമായത്. ബുദ്ധൻ എല്ലാ ജീവജാലങ്ങളിലും സഹാനുഭൂതിയുടെയും അനുകമ്പയുടെയും സത്യം പ്രഖ്യാപിച്ചതിനു സമാനമായി ഇന്ത്യയിൽ മഹത്വത്തിന്റെ മറ്റൊരു കാലം ആ മഹാത്മാവിലൂടെ വിരിഞ്ഞു.. . ” രബീന്ദ്രനാഥ ടാഗോറിന്റേതാണ് ഈ വരികൾ. ഗാന്ധിയെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയതുപോലെ “മാംസവും രക്തവുമുള്ള ഇങ്ങനെയൊരുവൻ ഈ ഭൂമിയിൽ നടന്നു എന്ന് വരും തലമുറകൾ വിശ്വസിക്കില്ല…”

രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഇന്ത്യയിൽ പ്രത്യേകമായും ലോകത്തിൽ ഒട്ടാകെയും ഒരു ശുഭദിനമാണ്. ജീവിതകാലം മുഴുവൻ അഹിംസയുടെ ചൈതന്യം പ്രചരിപ്പിക്കുകയും സ്വജീവിതത്തിൽ പ്രസരിപ്പിക്കുകയും ചെയ്ത മഹാത്മാവിനെ ആദരിക്കുന്നതിനാണ് ലോകം ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നത്. “ലളിതമായ ജീവിതവും ഉയർന്ന ചിന്തയും” എന്ന സുപ്രസിദ്ധമായ വാക്യത്തോടെയാണ് ഗാന്ധിസം ആരംഭിക്കുന്നത്. സിവിൽ റെസിസ്റ്റൻസ് എന്നും വിളിക്കുന്ന അ ഹിംസാത്മക സംഘർഷത്തിന്റെ ആശയത്തിന് ഗാന്ധിജി നൽകിയ സംഭാവനകളാണ് ഗാന്ധിസത്തിന്റെ കാതൽ.
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തന്റെ ജീവിതത്തെയും ബാല്യത്തെയും കുറിച്ച് നിർമ്മിച്ച ചലച്ചിത്രം സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ പ്രദർശിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി കണ്ടെത്തിയ ഈ മാർഗം എത്രയോ വിചിത്രവും വികൃതവുമാണ്. കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന് (സിബിഎസ്ഇ) കീഴിലുള്ള എല്ലാ സ്കൂളുകളോടും, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളോടും, നവോദയ വിദ്യാലയങ്ങളോടും മോഡിയുടെ ബാല്യകാല കഥയെ ആസ്പദമാക്കിയുള്ള “ചലോ ജീത്തേ ഹൈന്‍” എന്ന നോൺ‑ഫീച്ചർ ചലച്ചിത്രം പ്രദർശിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ ജീവിതകഥയല്ല, മറിച്ച് മോ‍ഡിയുടെ ജീവിതകഥ വിദ്യാർത്ഥികളെ “ധാർമ്മിക യുക്തി” പഠിപ്പിക്കുകയും “സ്വഭാവം, സേവനം, ഉത്തരവാദിത്തം” എന്നിവയെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്. 

“പങ്കെടുക്കുന്നവരിൽ പാഠ്യവിഷയങ്ങൾ അനുഭവേദ്യമാകുന്നതിനും മൂല്യാധിഷ്ഠിത ചിന്തകൾക്കും കഥ പറയൽ, തദേശീയ കളികൾ, പ്രായോഗിക പ്രവർത്തനങ്ങൾ, ശ്രവ്യ ദൃശ്യ പഠനോപകരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നു. അമൂർത്ത മൂല്യങ്ങൾ, ജീവിത കഥകൾ, ചരിത്ര സന്ദർഭങ്ങൾ, ധാർമ്മിക പ്രതിസന്ധികൾ, മനുഷ്യ വികാരങ്ങൾ എന്നിവ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ചലച്ചിത്ര പ്രദർശനങ്ങളാണ് ഇതിൽ ഉത്തമമായൊരു ഉപകരണം, ” അവർ പറഞ്ഞു.
“സ്കൂൾ വിദ്യാഭ്യാസം, സാക്ഷരതാ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ ചേർന്ന് അനുഭവപരിചയ പഠന പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. രാജ്യത്തുടനീളമുള്ള 650 ജില്ലകൾ ഉൾക്കൊള്ളുന്ന 65 ബാച്ചുകളിൽ പൂർത്തിയാക്കി. 1888ൽ സ്ഥാപിതമായ ഗുജറാത്തിലെ വാടനഗറിലെ സ്കൂളിൽ നിന്നാണ് ആരംഭം, പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാഭ്യാസം നടത്തിയ സ്ഥാപനമാണിത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിന് 66-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള മികച്ച നോൺ‑ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് നൽകിയിരുന്നു. 

വാസ്തവത്തിൽ ബാപ്പു ജനതയിൽ അവശേഷിപ്പിച്ച സ്വാധീനം ഇല്ലാതാക്കാനുള്ള ഒരു നിരന്തരമായ ശ്രമമായാണ് മുഴുവൻ സംരംഭവും വ്യക്തമാകുന്നത്. ദിശയും ലക്ഷ്യവും ഒഴികെ പുറംചട്ട ഏതാണ്ട് ഗാന്ധിയൻ ആണെങ്കിലും, സകല അർത്ഥങ്ങളിലും വിപരീതമാണ്. ബാപ്പുവിന്റെ പൈതൃകമായ മൂല്യങ്ങൾ അതിർത്തികൾക്കപ്പുറം പോലും പ്രസക്തമാണ്. പരിസ്ഥിതി മുതൽ നീതി ബോധം പ്രോത്സാഹിപ്പിക്കുന്ന ചിന്തകളിൽ വരെ. വിദ്യാഭ്യാസം മുതൽ സമത്വം വരെയുള്ള വിശാലമായ വിഷയങ്ങളിൽ ചിന്തയ്ക്കും പ്രവർത്തനത്തിനും ഉപരിയായി അവയ്ക്ക് തുടർച്ചയായ പ്രസക്തിയുമുണ്ട്. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ നിത്യമായി പുതുമയുള്ളതും ചിന്തോദ്ദീപകവുമായ വിഷയങ്ങളിലേക്ക് നയിക്കുന്നതുമാണ്. സമാധാന സംസ്കാരം സൃഷ്ടിക്കുന്നതിലെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള ധൈര്യം, അഹിംസാത്മക നിസ്സഹകരണത്തിന്റെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുക, ചെയ്യുന്നതും ചെയ്യാൻ കഴിയുന്നതും തമ്മിലുള്ള വ്യത്യാസത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധനേടുക എന്നിവ അദ്ദേഹത്തിന്റെ പഠനത്തിൽ നിർണായകമാണ്. സത്യത്തെ ധൈര്യത്തോടെ നേരിടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിടുന്നു. ഇവയെല്ലാമാണ് മഹാത്മാവ് അവശേഷിപ്പിച്ച ജീവസ്സുറ്റ പൈതൃകം. എല്ലാത്തിനും ഇടയിലുള്ള പരസ്പരബന്ധവും ഐക്യവും, അവയ്ക്കിടയിലുള്ള വൈരുദ്ധ്യവും ഉൾപ്പെടുന്ന ദർശനം ബാപ്പുവിനുണ്ടായിരുന്നു. സമാധാനം, സ്നേഹം, സമഗ്രത എന്നിവ ഉപയോഗിച്ച് ഇന്ത്യയിൽ സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച പ്രസ്ഥാനത്തെ നയിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ മനുഷ്യാവകാശങ്ങളും എല്ലാവർക്കും സുസ്ഥിര വികസനവും ഉൾക്കൊള്ളുന്നതിനായി അദ്ദേഹത്തിന്റെ ദർശനം രാഷ്ട്രീയത്തിനപ്പുറം കടന്നു. അഹിംസ എന്ന വിഷയം ഒരു തത്ത്വചിന്തയായും രാഷ്ട്രീയ തന്ത്രമായും മാത്രമല്ല, നീതിയും മാറ്റവും നേടുന്നതിനുള്ള ഒരു മാർഗമായും അദ്ദേഹം ഏറ്റെടുത്തു. 

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി നാം കാണുന്നതെന്തും ഹിന്ദു സ്വേച്ഛാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമമാണ്. നാസി ആന്റി സെമിറ്റിസത്തിന്റെ മറ്റൊരു പതിപ്പ്. ബാപ്പുവിന്റെ സാർവത്രിക സ്നേഹത്തിന് വിരുദ്ധമാണിത്. ഒരു വേർതിരിവുമില്ലാതെ മനുഷ്യരെയും പൂർണ്ണമായും ഉൾക്കൊള്ളുക എന്ന ബാപ്പുവിന്റെ സാർവത്രിക സ്നേഹത്തിന് വിരുദ്ധമായി, ന്യൂനപക്ഷങ്ങളും പിന്നോക്ക ജനതയും ദളിതരും ഹിന്ദുമേൽക്കോയ്മയ്ക്ക് വിധേയപ്പെടണമെന്ന സംഘ്പരിവാർ ചിന്തയെ അടിസ്ഥാനമാക്കിയാണ് വർത്തമാന ഭരണകൂട വലതുപക്ഷ രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുന്നത്. എല്ലാ മതങ്ങളിലെയും എല്ലാ പൗരന്മാർക്കും തുല്യ പദവിയുണ്ടെന്ന് വിശ്വസിച്ച മഹാത്മാ ഗാന്ധിയുടെ ആശയത്തിന് കടക വിരുദ്ധമായ മറ്റൊരു നിലപാട്. മുസ്ലീങ്ങളെ വേറിട്ടവരായി കണക്കാക്കാനുള്ള പ്രചാരണം വിവിധ രൂപത്തിൽ ഈ കാലഘട്ടത്തിൽ ശക്തമാണ്. ആറ് വിശ്വാസങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതും എന്നാൽ ഇസ്ലാമിനെ ഒഴിവാക്കുന്നതുമായ 2019ലെ പൗരത്വ നിയമം ഉൾപ്പെടെയുള്ള ഹിന്ദു ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു. എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങളുള്ള ഒരു മതേതര ഇന്ത്യയിൽ ഐക്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ദർശനത്തെ ഇല്ലാതാക്കാനും കീഴ്പ്പെടുത്താനും തുടങ്ങിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.