‘ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ് നുണയുന്ന മധുരമോ ഭാരതം’ — കവി മധുസൂദനന്‍ നായരുടെ വരികള്‍ക്ക് കാലാതീതമായ പ്രസക്തിയുണ്ട്. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രത്തിനുവേണ്ടി വാശിപിടിച്ച കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഈ കവിതയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പട്ടുസാരിയുടുത്ത് കയ്യില്‍ കാവിപ്പതാകയുമായി നില്‍ക്കുന്ന, ഹിന്ദുദേവതാ ചിത്രത്തിന് ഇന്ത്യയെന്ന സങ്കല്പവുമായി എന്താണ് ബന്ധം ? ‘ഭാരതാംബ രാജ്യത്തിന്റെ അടയാളമാണ്. അത് മാറ്റാൻ കഴിയില്ല’ എന്ന ഗവർണറുടെ നിലപാട് ജനാധിപത്യപരമോ ഭരണഘടനാപരമോ ആയി അംഗീകരിക്കാനാവുന്നതല്ല. ആര്‍എസ്എസ് എന്ന ഹിന്ദുത്വ സംഘടന, അവരുടെ ദെെനംദിന ചടങ്ങുകളിലുള്‍പ്പെടെ സ്ഥാപിച്ച് പുഷ്പാര്‍ച്ചന നടത്തുന്ന ചിത്രത്തെയാണ് ഭരണഘടനാപരമായ ഉന്നതപദവിയുള്ള ഗവര്‍ണര്‍ തന്റെ ഔദ്യോഗിക വസതിയില്‍ പ്രതിഷ്ഠിച്ചതും പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതും. അങ്ങനെയൊരു വര്‍ഗീയനിലപാട് ഗവര്‍ണറില്‍ നിന്നുണ്ടായപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. “ആർഎസ്എസ് ചിത്രം ഭാരതാംബ എന്ന പേരിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നു എന്നതാണ് പ്രശ്നം. ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആർഎസ്എസിന്റെ ചിത്രമാണ്. ആർഎസ്എസ് ചിത്രത്തിന് മുന്നിൽ കുമ്പിട്ടാരാധിക്കാൻ ഞങ്ങളെ കിട്ടുമെന്നത് ഗവർണറുടെ വ്യാമോഹം മാത്രമാണ്. ഇത് കേരളം അംഗീകരിക്കില്ല” പരിപാടി മാറ്റിയതിനെക്കുറിച്ച് കൃഷിമന്ത്രി പി പ്രസാദിന്റെ ഉറച്ചവാക്കുകള്‍ അഭിനന്ദനീയമാണ്. ഏതെങ്കിലും മതചിഹ്നങ്ങളോ, രാഷ്ട്രീയ ചിഹ്നങ്ങളോ സർക്കാർ നടത്തുന്ന പൊതുപരിപാടികളിൽ ഉപയോഗിക്കരുതെന്ന് ഭരണഘടന തന്നെ പറയുമ്പോഴാണ് ആര്‍എസ്എസുകാരനായ അര്‍ലേക്കറുടെ പദവിക്ക് നിരക്കാത്ത രാഷ്ട്രീയ നീക്കം.
യഥാര്‍ത്ഥത്തില്‍ ഭാരത് മാതാ, ഭാരതാംബ, ഭൂമീദേവി തുടങ്ങിയ ഭാരതീയ സംജ്ഞകൾക്ക് പ്രത്യേകിച്ച് അടിയാധാരങ്ങൾ ഒന്നുമുള്ളതായി അറിവില്ല. ഭാരത് മാതാ എന്ന പദം പുരാണേതിഹാസങ്ങളിൽ എവിടെയെങ്കിലും പരാമർശിച്ചതായും വിവരമില്ല. ബ്രിട്ടീഷ് വിരുദ്ധ സമരം ദേശീയ പ്രസ്ഥാനമായി രൂപപ്പെടുമ്പോള്‍ തദനുസാരിയായി വളര്‍ന്ന കേവല സങ്കല്പമാണ് ‘ഭാരത് മാത.’ 1873ൽ ബംഗാളി എഴുത്തുകാരനും ദേശീയവാദിയുമായ കിരൺ ബന്ദോപാധ്യയുടെ നാടകത്തിലാണ് ഈ പ്രയോഗം ആദ്യം രൂപപ്പെട്ടതെന്നാണ് രേഖകള്‍. ബംഗാൾ ക്ഷാമകാലത്ത് അതിന്റെ ദുരിതമനുഭവിച്ച കർഷകസ്ത്രീയുടെ ജീവിതമാണ് കിരൺ നാടകമാക്കിയത്. ആ കര്‍ഷക സ്ത്രീയാണ് ‘ഭാരത് മാത’. 1904ൽ അബനീന്ദ്രനാഥ ടാഗോർ, ബംഗാൾ സ്കൂൾ ഓഫ് ആർട്ടുമായി ബന്ധപ്പെട്ട ശൈലിയില്‍, ഹിന്ദുദേവതകളുടെ രൂപത്തിൽ നാല് കൈകളുള്ള ദേവതയായി ഒരു ഭാരത് മാതാവിനെ വരച്ചു. ഓരോ കെെകളില്‍ താളിയോല, ധാന്യക്കറ്റ, ഖാദിത്തുണി, രുദ്രാക്ഷമാല എന്നിവ ധരിച്ച ആ രൂപം ദേശീയപ്രസ്ഥാനത്തിന് പ്രചോദകമാകാനാണ് ലക്ഷ്യമിട്ടത്. സ്വാതന്ത്ര്യാനന്തരം മൂവര്‍ണക്കൊടിയേന്തിയ വനിതയുടെ ചിത്രമായി സാംസ്കാരിക വേദികളില്‍ ഇത് പരിണമിച്ചു. അതിനെ പട്ടുടുപ്പിപ്പ് കയ്യില്‍ കാവിക്കാെടിയും നല്‍കി ആര്‍എസ്എസ് അവരുടെ ഭാരതാംബയെ സൃഷ്ടിക്കുകയായിരുന്നു. ആ വര്‍ഗീയ ചിഹ്നത്തെ ഔദ്യോഗിക പരിപാടിയില്‍ അംഗീകരിക്കണമെന്ന അജണ്ടയാണ് സര്‍ക്കാരും കൃഷിമന്ത്രിയും സുധീരം തകര്‍ത്തത്.
ആർഎസ്എസിന്റെ കൊടി പിടിച്ചുനിൽക്കുന്ന ഭാരതാംബയെ വണങ്ങുന്നതും പുഷ്പാർച്ചന നടത്തുന്നതും അവരുടെ ആചാരമാണ്. അതേ ആചാരം രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങാക്കി മാറ്റുന്നത് രാഷ്ട്രത്തെ അവഹേളിക്കലാണ്. കഴിഞ്ഞ ദിവസം ആർഎസ്എസ് ആചാര്യൻ ഗുരുമൂർത്തിയെ പ്രഭാഷണത്തിന് വിളിച്ചുകൊണ്ട് ഗവര്‍ണര്‍ തന്റെ വര്‍ഗീയ അജണ്ട വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വംശീയതയും സംഘർഷങ്ങളും കലാപങ്ങളും അപരമത വിദ്വേഷവും മുഖമുദ്രയാക്കിയ ആർഎസ്എസ് ദേശീയതയ്ക്കുതന്നെ എതിരാണ്. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ പൈതൃകത്തെ നിരാകരിക്കുന്ന ആർഎസ്എസ് ഭരണകൂടം പൗരന്മാരെ മതാടിസ്ഥാനത്തിൽ അടിമച്ചർത്താനും പൗരത്വം പോലും നിഷേധിക്കാനും നിയമനിർമ്മാണം നടത്തുന്നു. ഈ പ്രത്യയശാസ്ത്രം രാജ്ഭവനിലൂടെ ഔദ്യോഗികവൽക്കരിക്കാൻ ശ്രമിക്കുന്ന നിലപാട് തിരുത്താൻ ഗവർണർ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ രാഷ്ട്രപതി തയ്യാറാകണം. രാജ്യത്ത് ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഇന്ത്യൻ ഭരണഘടനയാണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കുന്നത്, മതഗ്രന്ഥങ്ങളല്ല. മതേതര രാജ്യത്തെ ഭരണാധികാരികൾ ഔദ്യോഗിക ചടങ്ങുകളിൽ ഏതെങ്കിലും ഒരു മതത്തിന്റെ ചിഹ്നം ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്, രാജ്യവിരുദ്ധവുമാണ്. ഇത്രയുമായിട്ടും ഫാസിസം അധികാരത്തിലെത്തിയിട്ടില്ല എന്ന് സംശയിക്കുന്നവരുണ്ടെങ്കില്‍ അതും അപകടമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.