ഗുജറാത്ത് മാതൃക

Web Desk
Posted on November 24, 2018, 10:21 pm
new-age editorial janayugom

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മാതൃകയെ ഉയര്‍ത്തിക്കാട്ടാനുള്ള എല്ലാ ശ്രമങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടത്തുകയുണ്ടായി. അതിവേഗത്തില്‍ വളരുന്ന സംസ്ഥാനം എന്ന നിലയിലായിരുന്നു ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടിയത്. ഇതിനായി പ്രത്യേക കൂട്ടായ്മകള്‍പോലും കോര്‍പ്പറേറ്റുകള്‍ സംഘടിപ്പിച്ചു. ഗുജാറാത്തികളായ പ്രവാസികളുടെ യോഗം ഗുജറാത്ത് സര്‍ക്കാരും സംഘടിപ്പിച്ചു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയാല്‍ ഇപ്പോഴുള്ള ഗുജറാത്ത് മാതൃക രാജ്യത്ത് നടപ്പാക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം.

എന്തായിരുന്നു ഗുജറാത്ത് മാതൃകയുടെ യഥാര്‍ഥ ചിത്രം. എല്ലാ അര്‍ഥത്തിലും നരേന്ദ്ര മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളെന്ന് തെളിയിക്കപ്പെട്ടു. അദാനിമാര്‍ക്കും അംബാനിമാര്‍ക്കും നേട്ടമുണ്ടാകുന്ന എല്ലാ കാര്യങ്ങളും ചെയ്തു. തുച്ഛമായ വിലയ്ക്ക് കൃഷി ഭൂമി അദാനിമാര്‍ക്ക് അനുവദിച്ചു. പ്രത്യേകിച്ചും കച്ച് മേഖലയില്‍ തുറമുഖം നിര്‍മ്മിക്കുന്നതിനായി നിസാരമായ വിലയ്ക്കാണ് ഭൂമി അനുവദിച്ചത്. കൂടാതെ നിര്‍മ്മാണ കമ്പനികള്‍ക്കും ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭൂമി അനുവദിച്ചു. ഇപ്പോള്‍ തുച്ഛമായ പലിശയ്ക്ക് നിര്‍മ്മാണ കമ്പനികല്‍ക്ക് വായ്പകള്‍ അനുവദിക്കുന്നു. ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും സംരംഭകര്‍ക്കും വായ്പകള്‍ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഇളവ് ചെയ്യാന്‍ ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചുവെന്നാണ് മോഡി സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് ഇതെന്നും മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതൊക്കെ ഗുജറാത്തിലെ നിര്‍മ്മാണ കമ്പനികള്‍ക്കുവേണ്ടി എന്നതാണ് വസ്തുത.

അംബാനിമാര്‍ക്കും എല്ലാ വിധത്തിലുള്ള അനര്‍ഹമായ സഹായങ്ങളും ലഭ്യമാക്കുന്നു. ഇനിയും സ്ഥാപിച്ചിട്ടില്ലാത്ത അംബാനിയുടെ സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി നല്‍കി. പൊതുമേഖലാ കമ്പനികളായ എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ എന്നിവയെ തകര്‍ക്കാനുള്ള എല്ലാ സഹായങ്ങളും ജിയോക്ക് നല്‍കി. റയില്‍വേക്ക് ആവശ്യമായ ഡീസല്‍, പെട്രോള്‍ എന്നിവ നേരത്തെ നല്‍കിയിരുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ഇത് പൂര്‍ണമായും റിലയന്‍സിന് കൈമാറി. മറ്റ് മേഖലകളിലും സമാനമായ സഹായങ്ങളും ഇളവുകളും അനുവദിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തെ മോഡി ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചു. വന്‍കിട വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സമാനമായ ഇളവുകള്‍ അനുവദിച്ചു.

മറുവശത്ത് വിലക്കയറ്റം ഒരു സാധാരണ പ്രതിഭാസമായി മാറി. പാചകവാതക സിലിണ്ടറുകളുടെ വില ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. പൊതുവിതരണ സമ്പ്രദായം അതിവേഗത്തില്‍ അപ്രത്യക്ഷമാകുന്നു. വിദ്യാഭ്യാസവും പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതി. വൈദ്യുതിക്ക് ഏറ്റവും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതി ഗുജറാത്തിനാണ്. ഇതാണ് യഥാര്‍ഥ ഗുജറാത്ത് മോഡല്‍.

ഇതൊക്കെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളും. ഇപ്പോള്‍ മോഡി സര്‍ക്കാരിന്റെ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. സഹാറ — ബിര്‍ള ഡയറിയിലെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും അഴിമതിയുടെ നിഴലിലാണ്. മോഡി സര്‍ക്കാര്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ് പ്രീണന ജനവിരുദ്ധ സര്‍ക്കാര്‍ മാത്രമല്ല മറിച്ച് അഴിമതിയില്‍ മുങ്ങിയ അവസ്ഥയിലാണ്. ഇത്തരത്തിലുള്ള തെറ്റായ ചെയ്തികള്‍ മറച്ചുവയ്ക്കുന്നതിന് ജാതി-മത-വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. രാജക്ഷേത്രം, ബാബറി മസ്ജിദ് തുടങ്ങിയ വിഷയങ്ങള്‍ ആളിക്കത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബാബറി മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് ക്ഷേത്രം എപ്പോള്‍ സ്ഥാപിക്കണമെന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനിക്കേണ്ടതെന്നാണ് സംഘപരിവാറിന്റെ നിലപാട്. ഇതിന് കോടതിയാണ് തടസമെന്ന നിലപാടും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് മാത്രമാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്ന് സുപ്രിം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
വരും നാളുകളില്‍ ജാതി-മത-വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഗീയ ശക്തികള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്നു. വിശ്വഹിന്ദു പരിഷത്തിന് എത്രമാത്രം അധപതിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍. തങ്ങളുടെ അഴിമതിയും സാമ്പത്തിക മേഖലയിലെ കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കേന്ദ്ര സഹമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കോഴ വാങ്ങിയെന്ന സിബിഐ ഓഫീസറുടെ വെളിപ്പെടുത്തലാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഗുജറാത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാണ് കോഴ വാങ്ങിയത്. അഴിമതി മൂടിവയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍പോലും ശ്രമിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനക്കെതിരായ അഴിമതി മൂടിവയ്ക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സിബിഐ ഓഫീസര്‍മാരുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും സിബിഐ ഓഫീസര്‍ വെളിപ്പെടുത്തി. നരേന്ദ്ര മോഡിയുടെ വല്‍സല പുത്രനായാണ് അസ്താന അറിയപ്പെടുന്നത്. രണ്ടായിരത്തിലധികം മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ട ഗോധ്രാ കലാപമാണ് ഓര്‍മ്മയില്‍ എത്തുന്നത്. കലാപം ആസൂത്രണം ചെയ്യുന്നതിനായി അസ്താനയെ മോഡി ഉപയോഗിച്ചു. ട്രെയിന്‍ കോച്ചുകള്‍ കത്തിച്ചത് മുസ്‌ലീങ്ങളാണെന്ന ബോധപൂര്‍വമായ പ്രചാരണങ്ങള്‍ ഉണ്ടായി. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അസ്താനയാണ്. പിന്നീട് മുസ്‌ലീങ്ങളെ കോടതി കുറ്റവിമുക്തരാക്കി. അങ്ങനെയെങ്കില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകണം.

സിവിസി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യത്തിന്റെ പ്രസക്തി. സിവിസി റിപ്പോര്‍ട്ട് ചോര്‍ന്നു. ഇക്കാര്യത്തില്‍ രോഷാകുലനായ ചീഫ് ജസ്റ്റിസ് കേസ് വാദം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചു. റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ദിവസം കോടതി ഉന്നയിച്ച ഒരു ചോദ്യത്തിന് താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിച്ചില്ലെന്ന രസകരമായ മറുപടിയാണ് സിവിസി നല്‍കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നു എന്ന കാര്യത്തില്‍ സിവിസി ഒരു മുന്‍കരുതല്‍ നടപടി എടുത്തതാണോ ഈ മറുപടിയെന്ന സംശയം ന്യായമായും ഉയരുന്നു.