15 March 2025, Saturday
KSFE Galaxy Chits Banner 2

പാതിവില തട്ടിപ്പ് സംഘടിത കുറ്റകൃത്യം

Janayugom Webdesk
February 12, 2025 5:00 am

സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പാതിവിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും മറ്റും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആദ്യം ലക്ഷക്കണക്കിന് രൂപ തട്ടിച്ച ചില പരാതികളാണ് ലഭിച്ചതെങ്കിൽ പിന്നീട് വ്യാപ്തി വർധിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഈ പേരിലുള്ള തട്ടിപ്പ് നടന്നുവെന്നാണ് ഓരോ ദിവസവും വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. പാതിവിലയ്ക്ക് ഗൃഹോപകരണങ്ങളും സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്‌ടോപ്പ് തുടങ്ങിയവയും നൽകുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് അരങ്ങേറിയത്. നിലവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 1,500 കോടിയോളം രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. മൂവാറ്റുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണനെ മുഖ്യപ്രതിയാക്കിയാണ് ആദ്യകേസ് മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്തത്. സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് ലഭിക്കുന്ന കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്‍ആർ) ഫണ്ട് ഉപയോഗിച്ച് പൊതുസമൂഹത്തെ സഹായിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വലിയ തോതിലുള്ള ധനസമാഹരണം നടത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ചിലർക്ക് നിർദിഷ്ട ഉപകരണങ്ങൾ നൽകി വിശ്വാസം ആർജിച്ചാണ് ബാക്കിയുള്ളവരിൽ നിന്ന് പണം സമാഹരിച്ചത്. പിന്നീട് സംസ്ഥാന വ്യാപക ശൃംഖലയുണ്ടാക്കി തട്ടിപ്പിന് വഴിയൊരുക്കി. തൊഴിൽരഹിത യുവാക്കൾക്ക് കമ്മിഷൻ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്, അവർ മുഖേന ആളുകളെ വലയിലാക്കുന്ന രീതിയാണ് അവലംബിച്ചത്. ബിജെപി, കോൺഗ്രസ്, ലീഗ് നേതാക്കളും തട്ടിപ്പിന്റെ ഭാഗമായെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ബിജെപി സംസ്ഥാന നേതാവ് എ എൻ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്, കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പ്രമീളാ ദേവി, ലീഗ് എംഎൽഎ നജീബ് കാന്തപുരം തുടങ്ങിയ നിരവധി നേതാക്കൾക്കും സായിഗ്രാമം മേധാവി ആനന്ദകുമാർ തുടങ്ങിയവർക്കും എതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.

തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് പണം തിരികെ നൽകി തടിയൂരാനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. എ എൻ രാധാകൃഷ്ണനെ പോലുള്ളവർ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. നജീബ് കാന്തപുരത്തിന്റെ സംഘടനയും പണം തിരികെ നൽകി പരാതികൾ ഒത്തുതീർത്തതായി വാർത്തകളുണ്ട്. ചില പൊതുപ്രവർത്തകർ അവരുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായതെന്ന ന്യായീകരണവും നിരത്തുകയുണ്ടായി. സർക്കാരിതര സംഘടനകളുടെ പൊതു പരിപാടികളിൽ ഭാഗമാകുന്നത് സാമൂഹ്യപ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നാണ് അവർ വ്യാഖ്യാനിക്കുന്നത്. എന്നാൽ അതുകൊണ്ട് തീരുന്നതല്ല ഇത്തരം തട്ടിപ്പിലെ ഉത്തരവാദിത്തം. അർഹരായ ചില വ്യക്തികൾക്കോ കുറച്ചുപേർക്കോ സിഎസ്‍ആർ ഫണ്ട് ഉപയോഗിച്ച് ആനുകൂല്യങ്ങളും മറ്റും സൗജന്യമായി വിതരണം ചെയ്യുന്നത് പതിവാണ്. കോർപറേറ്റ് കമ്പനികളുടെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം സിഎസ്‍ആർ ഫണ്ടായി നീക്കിവയ്ക്കണമെന്നത് വ്യവസ്ഥാപിതവുമാണ്. സിഎസ്ആർ ഫണ്ട് എന്നത് തട്ടിപ്പുകൾക്ക് ഉപയോഗിക്കാനുള്ളതല്ല. കാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണ്. പ്രസ്തുത ഫണ്ടിന്റെ പേരിൽ വ്യാപകമായി ധനസമാഹരണം നടത്തിയാണ് ഇവിടെ ആനുകൂല്യ വിതരണം പ്രഖ്യാപിച്ചത്. പകുതി തുക നൽകുക എന്ന മാനദണ്ഡമനുസരിച്ചാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. അവരുടെ അർഹത തീരുമാനിക്കുന്നതിന് മറ്റ് മാനദണ്ഡങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതിൽ നിന്നെല്ലാം സംഘടിതമായ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാണ്. അതുകൊണ്ട് പിരിച്ചെടുത്ത തുക തിരിച്ചുനൽകിയാൽ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതിയുണ്ടാകരുത്. മോഷണമുതൽ തിരിച്ചുനൽകിയാൽ കുറ്റം ഇല്ലാതാകില്ലെന്ന സമീപനം ഈ വൻ തട്ടിപ്പിന്റെ കാര്യത്തിലും ഉണ്ടാകണം.

നിരന്തരം മുന്നറിയിപ്പുകളുണ്ടായിട്ടും തട്ടിപ്പുകൾക്ക് തല വച്ചുകൊടുക്കുവാൻ ആളുകൾ ഉണ്ടാകുന്നുവെന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമാണ്. സൗജന്യമായോ സൗജന്യനിരക്കിലോ എന്തെങ്കിലും ലഭിക്കുമെന്ന് മോഹിപ്പിച്ചാൽ ചാടിവീഴുന്നവരായി വലിയൊരു വിഭാഗം മാറിയിരിക്കുന്നുവെന്നാണ് അടുത്തകാലത്ത് നടക്കുന്ന പല തട്ടിപ്പുകളും ഓർമ്മിപ്പിക്കുന്നത്. ആട് തേക്ക്, മാഞ്ചിയം, മണി ചെയിൻ പോലുള്ളവ കടന്ന് പുരാവസ്തുക്കൾ ലഭ്യമാക്കുമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസുകളിലും പിന്നിട്ട് സൈബർ തട്ടിപ്പുകളിലും സൈബർ അറസ്റ്റ് പോലുള്ള കബളിപ്പിക്കലുകളിലും കുടുങ്ങി പണം നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നത് അതാണ് വ്യക്തമാക്കുന്നത്. തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് എല്ലാ സംവിധാനങ്ങളിലൂടെയും അധികൃതർ മുന്നറിയിപ്പുകൾ നൽകുന്നുവെങ്കിലും അത്യാർത്തി കാരണം നമ്മിൽ പലരും തട്ടിപ്പിന് തല വച്ചുകൊടുക്കുന്നു. അത്തരം മാനസികാവസ്ഥയുള്ളവരുടെ നാട്ടിൽ ഇത്തരം തട്ടിപ്പുകൾക്ക് വളക്കൂറുണ്ടാകുകയും ചെയ്യുന്നു. പാതിവില തട്ടിപ്പിൽ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പേരെ പ്രതിചേർക്കുകയും വിപുലമായ അന്വേഷണവും തെളിവെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ നടന്ന വിവിധ തട്ടിപ്പുകളെപ്പോലെ ഈ കേസിലെ അന്വേഷണത്തിലും തുടർനടപടികളിലും കാലവിളംബമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുവാനും കുറ്റക്കാർക്ക് കർശന ശിക്ഷ ലഭ്യമാക്കുന്നതിനും സാധിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇത്തരം തട്ടിപ്പുകൾ പൂർണമായി ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.