11 March 2026, Wednesday

വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഭിന്നിപ്പ് തന്ത്രത്തിന്റെയും ഉദ്ഘാടനം

Janayugom Webdesk
March 12, 2026 5:00 am

രാജ്യത്തിന്റെ എല്ലാ വികസനസങ്കല്പങ്ങളെയും ഫെഡറൽ ജനാധിപത്യ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച ഉദ്ഘാടന മാമാങ്കം അരങ്ങേറിയത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യത്തിന്റെയും വികസനക്കുതിപ്പിന്റെയും ആഘോഷമായി മാറേണ്ട 10,800 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്, രാഷ്ട്രീയവിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിത്ത് വിതയ്ക്കാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു പ്രധാനമന്ത്രിയും ബിജെപിയും. മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ ഇതരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 66ലെ രണ്ട് പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനമായിരുന്നു ഇന്നലത്തെ ചടങ്ങിൽ വിഭാവനം ചെയ്തിരുന്ന ഒരു ഘടകം. രാജ്യത്തിന്റെ ഐക്യത്തിന്റെയും സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും പ്രതീകമാകേണ്ട ദേശീയപാതയുടെ രണ്ടുഘട്ടങ്ങളുടെ ഉദ്ഘാടനത്തെ നരേന്ദ്ര മോഡിയും ബിജെപിയും ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റി. 5,500 കോടി രൂപ ചെലവിട്ട് ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ പ്ലാന്റിന്റെയും കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെയും തറക്കല്ലിടൽ ചടങ്ങും ഇന്നലെ നടന്നു. സംസ്ഥാനത്തെ ജനങ്ങളെയാകെ ഒന്നിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യേണ്ട അവസരത്തെയാണ് ബിജെപിയും പ്രധാനമന്ത്രിയും തങ്ങളുടെ നിക്ഷിപ്തവും സങ്കുചിതവുമായ രാഷ്ട്രീയതാല്പര്യങ്ങൾക്കായി വികലമാക്കി മാറ്റിയത്. ഈ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വേണ്ടി എല്ലാ പ്രതിബന്ധങ്ങളെയും പ്രതികൂലാവസ്ഥകളെയും നിശ്ചയദാർഢ്യത്തോടെ മുറിച്ചുകടന്ന് മുന്നേറിയ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെ ആഘോഷവേളയിൽ അകറ്റിനിർത്തുന്നതിന് ആസൂത്രിത നീക്കമാണ് കേന്ദ്രസർക്കാരും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും നടത്തിയത്. 

മഹാരാഷ്ട്രയിലെ പൻവേലിൽ ആരംഭിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന തന്ത്രപ്രധാന ദേശീയപാത 66ന്റെ നിർമ്മാണപ്രവർത്തനം വിവിധ കാരണങ്ങളാൽ കേരളത്തിൽ അസാധ്യമാണെന്ന അവസ്ഥയിൽനിന്നും ഇന്ന് അതിവേഗം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ഈ ആറുവരി ദേശീയപാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വലിയ ചെറുത്തുനില്പാണ് നേരിടേണ്ടിവന്നത്. കോൺഗ്രസും ബിജെപിയുമാണ് ആ ചെറുത്തുനില്പുകൾക്ക് നേതൃത്വം നൽകിയിരുന്നത്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാതാ അതോറിട്ടി പദ്ധതി ഉപേക്ഷിച്ച് തങ്ങളുടെ ഓഫിസുപോലും പൂട്ടിക്കെട്ടി പിൻവാങ്ങിയിരുന്നു. തുടർന്ന് അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിശ്ചയദാർഢ്യവും വികസന കാഴ്ചപ്പാടുമാണ് പദ്ധതിയെ പുനരുജ്ജീവിപ്പിച്ചത്. കേരളത്തിലെ ഭൂമി ദൗർലഭ്യവും ഉയർന്ന വിലയുമാണ് ഭൂമിയേറ്റെടുക്കലിന് വിഘാതമായി നിന്നിരുന്നത്. ഭൂമി വിട്ടുനൽകുന്ന ഉടമകൾക്ക് ഉയർന്ന നഷ്ടപരിഹാരം കിട്ടുമെന്ന് സംസ്ഥാനം ഉറപ്പാക്കിയതോടെ പദ്ധതിയുമായി സഹകരിക്കാൻ ജനങ്ങൾ മുന്നോട്ടുവന്നു. കിഫ്ബിവഴി 5,580 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് കേരളം ഭൂമി ഏറ്റെടുത്തത്. അതിന് കേന്ദ്രത്തില്‍ നിന്നും നയാ പൈസയുടെ സഹായം ഉണ്ടായില്ലെന്നുമാത്രമല്ല, ആ തുക കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്നും വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതുവഴി 11,160 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടായി. ഇത്രയും ഭീമമായ നിക്ഷേപം നടത്തിയെങ്കിലും ദേശീയപാതയിൽ നിന്ന് ടോളിനത്തിൽ പിരിച്ചെടുക്കുന്ന വമ്പൻ തുകയിൽ യാതൊരവകാശവും സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതുമല്ല. ദേശീയപാത 66 കടന്നുപോകുന്ന മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു സാമ്പത്തികഭാരം ഏറ്റെടുക്കേണ്ടിവന്നിട്ടില്ല. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനു വേണ്ടി ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന സംസ്ഥാന സർക്കാരിനെയും ആ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാതെ അവഗണിക്കുന്ന അല്പത്തംനിറഞ്ഞ സമീപനമാണ് പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്രസർക്കാരും സ്വീകരിച്ചത്. മാത്രമല്ല, അതുസംബന്ധിച്ച് ബിജെപി നേതാക്കൾ നടത്തിയ ഹീനമായ പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാവുന്നതുമല്ല. കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ ഒറ്റക്കെട്ടായി ഈ അപമാനകരമായ സമീപനത്തോട് പ്രതികരിക്കുക തികച്ചും സ്വാഭാവികം മാത്രം. 

പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തതും തറക്കല്ലിട്ടതുമായ പദ്ധതികളെല്ലാം, അവ യഥാസമയം പൂർത്തീകരിച്ച് ജനങ്ങൾക്കായി സമർപ്പിക്കാനായാൽ നാടിന്റെ വികസനത്തിനും പുരോഗതിക്കും സഹായകമാവും. എന്നാൽ, ഇപ്പോഴത്തെ ഉദ്ഘാടന മാമാങ്കം കേവലം നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുള്ള ‘ജുംല’കളായി മാറിക്കൂടാ. തെരഞ്ഞെടുപ്പുകൾ ആസന്നമായ തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തിരക്കിട്ട പര്യടനത്തിലാണ് നരേന്ദ്ര മോഡി. പോകുന്നിടത്തെല്ലാം അനേകായിരംകോടികളുടെ പദ്ധതി പ്രഖ്യാപനവും മുറപോലെ നടക്കുന്നുണ്ട്. എന്നാൽ, ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ദീർഘകാലങ്ങളായുള്ള ആവശ്യങ്ങളോടും ആവലാതികളോടുമുള്ള പ്രതികരണമല്ല അവ എന്ന് അനുഭവം കാട്ടിത്തരുന്നുണ്ട്. കേരളം ദീർഘകാലമായി കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ ഉൾപ്പടെയുള്ള ആവശ്യത്തോട് പുറംതിരിഞ്ഞുനിന്ന ഒരു ബജറ്റ് പ്രസംഗത്തിന്റെ മാറ്റൊലികൾ കെട്ടടങ്ങും മുമ്പാണ് ഇന്നലത്തെ മാമാങ്കം അരങ്ങേറിയത്. അതിന്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളിയായ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന നേതൃത്വവും മോഡിയെക്കണ്ട് കവാത്ത് മറന്നനിലയിലാണ് കാണപ്പെട്ടത്. മോഡിക്കും ബിജെപിക്കും ദേശീയപാത നിർമ്മാണത്തിലുള്ള അമിതാവേശത്തിന്റെ കാരണവും സുവിദിതമാണ്. സദാ തെരഞ്ഞെടുപ്പ് മോഡിലുളള മോഡിക്കും ബിജെപിക്കും ദേശീയപാത നിർമ്മാണക്കമ്പനികൾ പൊൻമുട്ടയിടുന്ന താറാവുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കേരളത്തിലും മോഡിയുടെയും ബിജെപിയുടെയും കണ്ണ് കോഴിക്കൂട്ടിലായിരിക്കണം.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.