14 July 2025, Monday
KSFE Galaxy Chits Banner 2

ഇന്ത്യ നുണകളുടെയും കള്ളക്കണക്കുകളുടെയും ഫാസിസ്റ്റ് നിഴലിൽ

Janayugom Webdesk
June 12, 2025 5:00 am

കോവിഡ് മരണക്കണക്കുകൾക്ക് സമാനമായി മഹാകുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരണമടഞ്ഞവരുടെ കണക്കുകളും കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകൾ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ‘ബിബിസി ഹിന്ദി ന്യൂസി‘ന്റെ ഒരു അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2025 ജനുവരി 29ന് മൗനി അമാവാസി ദിനത്തിൽ പ്രയാഗ്‌രാജിലെ സംഗത്തിൽ ഉണ്ടായ അനിയന്ത്രിത തിക്കിലും തിരക്കിലുംപെട്ട് നാലിടങ്ങളിലായി ചുരുങ്ങിയത് 82 പേരെങ്കിലും കൊല്ലപ്പെടുകയുണ്ടായി എന്നാണ് ബിബിസി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ സംഭവത്തിൽ 30 പേരെ കൊല്ലപ്പെട്ടിട്ടുള്ളു എന്നാണ് ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നത്. ഇതുതന്നെയാണ് മുഖ്യമന്ത്രി ആദിത്യനാഥും ഫെബ്രുവരി 19ന് നിയമസഭയെ അറിയിച്ചത്. അവയിൽ 29 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ നിയമസഭാ പ്രസ്താവനയിൽ പറഞ്ഞിരുന്നു. തിരിച്ചറിയാതിരുന്ന മൃതദേഹം വിരമിച്ച സ്കൂൾ പ്രിന്‍സിപ്പാൾ കെ എൻ വാസുദേവാചാര്യയുടേതായിരുന്നുവെന്നും അദ്ദേഹം മുൻ ആർഎസ്എസ് സൈദ്ധാന്തികൻ കെ എൻ ഗോവിന്ദാചാര്യയുടെ ഇളയസഹോദരൻ ആയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആദ്യമാരും മൃതദേഹം അവകാശപ്പെട്ടിരുന്നില്ല. തുടർന്ന് ബിജെപി നേതാക്കൾ ഇടപെട്ട് മൃതദേഹം വാരാണസിയിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു. സർക്കാർ പ്രഖ്യാപിച്ച കണക്കുകൾ നാളിതുവരെ പുതുക്കുക ഉണ്ടായിട്ടില്ല. എന്നാൽ സർക്കാർ പ്രഖ്യാപിച്ച കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള 25 ലക്ഷം രൂപ നഷ്ടപരിഹാരത്തുക 37 കുടുംബങ്ങൾക്ക് ചെക്കുകളായോ ബാങ്ക് അക്കൗണ്ടുകൾ വഴിയോ വിതരണം ചെയ്തതായി ബിബിസി കണ്ടെത്തി. ഇത് സർക്കാർ പ്രഖ്യാപിച്ച മരണമടഞ്ഞവരുടെ എണ്ണത്തേക്കാൾ ഏഴെണ്ണം അധികമാണ്. ഇതിന് പുറമെ മരിച്ച 26 പേരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപവീതം നോട്ടുകെട്ടുകളായി വിതരണം ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾ കൈമാറുന്നതിന്റെ ഫോട്ടോയും കുടുംബാംഗങ്ങൾ നോട്ടുകെട്ടുകൾ ഒപ്പിട്ട് ഏറ്റുവാങ്ങിയതിന്റെ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മഹാകുംഭമേള അപകടത്തിൽ മരിച്ച മറ്റ് 19 പേരുടെ കുടുംബങ്ങളെ കണ്ടെത്താനും അന്വേഷണത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ കുടുംബങ്ങൾക്കൊന്നിനും യാതൊരു ധനസഹായവും ലഭിച്ചിട്ടില്ല.

മഹാകുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കണക്കുകൾ ഹാജരാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഇനിയും സമർപ്പിച്ചിട്ടില്ല. മരിച്ച 26 പേരുടെ കുടുംബങ്ങൾക്കുള്ള സഹായധനം പണമായി നൽകിയത് ഏത് നിയമത്തിന്റെ, ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആ തുകകൾ എവിടെനിന്ന് വന്നുവെന്നും വ്യക്തമല്ല. എല്ലാറ്റിലും ഉപരി മരണം സംബന്ധിച്ച കണക്കുകൾ സംസ്ഥാന നിയമസഭയിൽനിന്നും മറച്ചുവയ്ക്കാനും സഭയെ തെറ്റിദ്ധരിപ്പിക്കാനും മുഖ്യമന്ത്രി ആദിത്യനാഥ് ശ്രമിച്ചുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നു. ഉത്തർപ്രദേശിലെ 50 ജില്ലകളിലായി നൂറ് കുടുംബങ്ങളെ സന്ദർശിച്ചാണ് ബിബിസി തങ്ങളുടെ അന്വേഷണ റിപ്പോർട്ടിന് ആവശ്യമായ വിവരശേഖരണം നടത്തിയത്. ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും പ്രതിപക്ഷം പ്രസക്തങ്ങളായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും അലഹബാദ് ഹൈക്കോടതിതന്നെ വിഷയത്തിൽ ഇടപെട്ടിട്ടും മൗനം വെടിയാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയോ സർക്കാർ സംവിധാനങ്ങളോ മുന്നോട്ടുവന്നിട്ടില്ല. ഇത് തികച്ചും ദുരൂഹവും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ നിഷേധവും ജനാധിപത്യ വിരുദ്ധവും നിയമവാഴ്ചയുടെ സമ്പൂർണ നിരാകരണവുമാണ്. 45 ദിവസം നീണ്ട മഹാകുംഭമേളയിൽ 66 കോടി ജനങ്ങൾ പങ്കെടുത്തുവെന്നും ലോകത്തെ ഏറ്റവും വലിയ തീർത്ഥാടന സംരംഭത്തിന് പൊതുഖജനാവിൽനിന്നും 7000 കോടി രൂപ ചെലവിട്ടുവെന്നുമാണ് ആദിത്യനാഥ് നിയമസഭയെ അറിയിച്ചത്. അത്തരമൊരു സംരംഭത്തെപ്പറ്റിയുള്ള വിവരങ്ങൾ ജനങ്ങളിൽനിന്നും മറച്ചുവയ്ക്കുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലാതെ മറ്റെന്താണ്? തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നതും തങ്ങളുടെ പ്രതിച്ഛായയെ ഉദ്ദീപിപ്പിക്കാൻ കണക്കുകൾ പെരുപ്പിച്ച് അവതരിപ്പിക്കുന്നതും കള്ളക്കണക്കുകൾ നിരത്തുന്നതും ബിജെപിയുടെ കറകളഞ്ഞ ഫാസിസ്റ്റ് സ്വഭാവത്തെയാണ് തുറന്നുകാട്ടുന്നത്. 

കോവിഡ് കാലത്തെ മരണങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) ഇക്കഴിഞ്ഞ മേയ് ഏഴിന് പുറത്തുവിട്ട കണക്കുകൾ ബിബിസി അന്വേഷണ റിപ്പോർട്ടിന് സമാനമായി സർക്കാരിന്റെ അതുസംബന്ധിച്ച എല്ലാ അവകാശവാദങ്ങളുടെയും കാപട്യം തുറന്നുകാട്ടുന്നു. 1886ൽ ബ്രിട്ടീഷ് ഭരണത്തിൽ നിയമം മൂലം സ്ഥാപിതമായതാണ് സിആർഎസ്. 1969ൽ സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്റ് ജനന മരണ രജിസ്ട്രേഷൻ ആക്ട് വഴി അതിന് സാധുതയും സ്ഥിരതയും ഉറപ്പുവരുത്തി. സിആർഎസിന്റെ കണക്കുകൾ പ്രകാരം കോവിഡിന് മുമ്പുള്ള 2020നെക്കാൾ 21 ലക്ഷം അധിക മരണങ്ങളാണ് 2021ൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് കേന്ദ്രസർക്കാരിന്റെ കോവിഡ് മരണക്കണക്കിന്റെ ആറിരട്ടിയാണ്. സർക്കാരിന്റെ കണക്കനുസരിച്ച് അക്കൊല്ലം ഉണ്ടായ കോവിഡ് മരണസംഖ്യ കേവലം 3.32 ലക്ഷം മാത്രമായിരുന്നു. 2021ലെ അഭൂതപൂർവമായ മരണസംഖ്യാ കുതിപ്പിനെപ്പറ്റി യുക്തിഭദ്രമായ ഒരു വിശദീകരണവും നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. 2020–21 കാലത്തെ കോവിഡ് മരണസംഖ്യ 4.8 ലക്ഷം മാത്രമായിരുന്നുവെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ ലോകാരോഗ്യ സംഘടന അത് 47 ലക്ഷം ആയിരുന്നുവെന്ന് യുക്തിഭദ്രവും ശാസ്ത്രീയവുമായ കണക്കുകൾ നിരത്തി പറയുന്നു. ഇവയെല്ലാം തെളിയിക്കുന്നത് ബിജെപി ഭരണത്തിൽ ഇന്ത്യ നുണകളുടെയും കള്ളക്കണക്കുകളുടെയും ഫാസിസ്റ്റ് നിഴലിലാണെന്നാണ്.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.